വസ്ത്രം മാറുമ്പോൾ കൂ​ടെ വരാമെന്ന് ലഹരി ഉപയോഗിച്ച നായക നടന്‍ പറഞ്ഞു, ആ സിനിമക്കു വേണ്ടി സഹിച്ചു: വിവാദ വെളിപ്പെടുത്തലുമായി നടി വിൻസി അലോഷ്യസ് – വിഡിയോ

കൊച്ചി: സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന പ്രമുഖ നടൻ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി നടി വിൻസി അലോഷ്യസ്‍. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നടി, ഇൻസ്റ്റഗ്രാമിലൂടെ അതിന്റെ കാരണം വിശദീകരിക്കുകയായിരുന്നു.

ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന നടിയുടെ പ്രസ്താവനയ്ക്കെതിരെ നിരവധി വിമർശനങ്ങൾ വന്നിരുന്നു. ഈ വിഷയത്തിൽ കൂടുതൽ വിശദീകരണമെന്ന നിലയിലാണ് പുതിയ വെളിപ്പെടുത്തലുമായി വിൻസി. എത്തിയത്. ലഹരി ഉപയോഗിച്ച ആളിൽ നിന്ന് തനിക്ക് നേരിട്ട് ദുരനുഭവം ഉണ്ടായെന്നും ആ സിനിമ പൂർത്തിയാക്കാൻ സംവിധായകൻ ഉൾപ്പടെയുള്ള ആളുകൾ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും അവർ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് താൻ ആ സെറ്റിൽ പിന്നീട് തുടർന്നതെന്നും വിൻസി പറയുന്നു.‌

വിൻസിയുടെ വാക്കുകൾ ഇങ്ങനെ: 

‘കുറച്ചുദിവസം മുൻപ് ഞാൻ ലഹരി വിരുദ്ധ പ്രചാരണം മുൻനിർത്തിക്കൊണ്ട് ചെയ്യുന്ന ഒരു പ്രോഗ്രാമിൽ പങ്കെടുക്കുകയും അവിടെ സംസാരിക്കുന്നതിനിടയിൽ ഒരു പ്രസ്താവന ‍പറയുകയും ചെയ്തിരുന്നു. ആ പ്രസ്താവന ഇങ്ങനെയായിരുന്നു. ‘‘എന്റെ അറിവിൽ ലഹരി ഉപയോഗിക്കുന്നവരുമായി ഞാൻ ഇനി സിനിമ ചെയ്യില്ല’’. കുറച്ചുപേർ ആ പ്രസ്താവനയുമായി ബന്ധപ്പെടുത്തി ചില പോസ്റ്ററുകൾ ചെയ്യുകയും അത് പലരും എനിക്ക് അയച്ചു തരുകയും ചെയ്തിരുന്നു. അതിന്റെ കമന്റ് സെക്ഷൻ വായിച്ചപ്പോൾ ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന്  എനിക്ക് തോന്നി. എന്തുകൊണ്ടാണ് അത്തരത്തിൽ  ഒരു പ്രസ്താവന ഞാൻ പറഞ്ഞതെന്നും എന്താണ് പറയാനുള്ളത് എന്ന് വ്യക്തമാക്കണമെന്നുമുള്ള തോന്നൽ ഉള്ളതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഈ വിഡിയോ ചെയ്യുന്നത്. ചിലരുടെ കമന്റുകൾ വായിച്ചപ്പോഴാണ് പലതരത്തിലുള്ള കാഴ്ചപ്പാടുകൾ ആണ് ആളുകൾക്ക് ഈ ഒരു പ്രസ്താവനയോടുള്ളതെന്ന് എനിക്ക് മനസ്സിലായി. അതിന്റെ കാരണം ഞാൻ തന്നെ വ്യക്തമായി പറഞ്ഞാൽ ആളുകൾക്ക് അതിനെപ്പറ്റി പല കഥകൾ ഉണ്ടാക്കേണ്ട കാര്യമില്ലല്ലോ. 
.

ഞാൻ ഭാഗമായ ഒരു സിനിമയുടെ പ്രധാന കഥാപാത്രമായിരുന്ന ആർട്ടിസ്റ്റ് ലഹരി ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിൽ നിന്നുമുണ്ടായ എക്സ്പീരിയൻസ് മോശമായിരുന്നു. അദ്ദേഹം ഇത് ഉപയോഗിച്ച് വളരെ മോശമായ രീതിയിൽ എന്തുപറഞ്ഞാലും മനസ്സിലാകാത്ത രീതിയിൽ എന്നോടും എന്റെ സഹപ്രവർത്തകയോടും പെരുമാറിയിട്ടുണ്ട്. മോശം എന്ന് പറയുമ്പോൾ ഞാൻ അത് വ്യക്തമാക്കാം. ഒരിക്കൽ എന്റെ ഡ്രസ്സിന്റെ ഷോൾഡറിന് ഒരു ചെറിയ പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ എന്റെ അടുത്ത് വന്നിട്ട് ‘‘ഞാൻ നോക്കട്ടെ ഞാനിത് ശരിയാക്കി തരാം’’ എന്നൊക്കെ എന്നോട് പറഞ്ഞു. എല്ലാവരുടെയും മുന്നിൽവെച്ച് എന്നോട് അങ്ങനെ മോശമായ രീതിയിൽ പെരുമാറിയപ്പോൾ പിന്നീട് ആ സിനിമയുമായി സഹകരിച്ചു പോകാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു.
.

മറ്റൊരു അവസരത്തിൽ ഞങ്ങൾ ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിന് ഇടയിൽ എന്തോ ഒരു വെള്ള പൊടി വായിൽ നിന്ന് പുറത്തേക്ക് തുപ്പുന്നത് കണ്ടു. അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സിനിമ സൈറ്റിൽ തന്നെ ഉപയോഗിക്കുന്നുണ്ടെന്നും വ്യക്തമായിരുന്നു. വ്യക്തിപരമായി ലഹരി ഉപയോഗിക്കുന്നതൊക്കെ മറ്റൊരു കാര്യമാണ്. പക്ഷേ സിനിമ സെറ്റിൽ ഉപയോഗിച്ച് അത് മറ്റുള്ളവർക്ക് ഉപദ്രവകരം ആകുമ്പോൾ സഹിക്കാൻ കഴിയില്ല. അതെല്ലാം സഹിച്ചുകൊണ്ട് ജോലി ചെയ്യാനും അത്രയും ബോധമില്ലാത്ത ഒരാളുടെ കൂടെ അഭിനയിക്കാനും  എനിക്ക് താൽപര്യമില്ലായിരുന്നു.  എന്റെ വ്യക്തിപരമായ അനുഭവം കാരണം ഞാൻ എടുക്കുന്ന തീരുമാനമാണിത്. 

സെറ്റിൽ ഇങ്ങനെ ഒരു സംഭവമുണ്ടായത് എല്ലാവരും അറിയുകയും സംവിധായകൻ ഇദ്ദേഹത്തോട് പോയി സംസാരിക്കുകയും ചെയ്തു. ഇദ്ദേഹം പ്രധാന നടൻ ആയതുകൊണ്ട് ആ സിനിമ എങ്ങനെയെങ്കിലും തീർക്കാൻ എല്ലാവരും  ബുദ്ധിമുട്ടുന്ന നിസ്സഹായാവസ്ഥ ഞാൻ നേരിട്ട് കണ്ടു. എനിക്ക് ബുദ്ധിമുട്ട് നേരിട്ടപ്പോൾ പല അവസരത്തിലും അവർ എന്നോട് പ്ലീസ് പ്ലീസ് എന്ന് പറഞ്ഞ് എന്നെ കംഫർട്ടബിൾ ആക്കാൻ നോക്കി. എന്നോട് ക്ഷമ പറഞ്ഞത് കൊണ്ട് കൊണ്ട് മാത്രമാണ് ഞാൻ ആ സെറ്റിൽ തുടർന്നു പോയത്. പിന്നീട് എനിക്ക് വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ആ സിനിമ പൂർത്തിയാക്കാൻ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയൊക്കെയോ കടിച്ചുപിടിച്ച് ഞാൻ തീർത്ത ഒരു സിനിമയാണ് അത്. അതൊരു നല്ല സിനിമയായിരുന്നു പക്ഷേ ആ ഒരു വ്യക്തിയുടെ കയ്യിൽ നിന്നും എനിക്ക് കിട്ടിയ അനുഭവം എനിക്ക് ഒക്കെ ആയിരുന്നില്ല. അതിന്റെ പേരിലാണ് ഇത്തരം ഒരു പ്രസ്താവന ഞാൻ നടത്തിയത്.

ഇനി ഈ പോസ്റ്റുകളുടെ കമന്റ് സെക്ഷനിലേക്ക് വന്നു കഴിഞ്ഞാൽ ഞാൻ ഈ ഒരു നിലപാട് എടുത്ത് അതിൽ ഓരോരോ വ്യാഖ്യാനങ്ങളാണ് ആളുകളിൽ നിന്നും ഉണ്ടാകുന്നത്. ഞാൻ പറഞ്ഞത് നല്ല രീതിയിൽ  എടുത്തവർക്ക് എല്ലാവർക്കും നന്ദി. പക്ഷേ എന്തിനെയും കളിയാക്കുന്ന എന്തിനെയും വിമർശിക്കാൻ മാത്രം സമയം കണ്ടെത്തുന്നവർക്കുള്ള മറുപടിയാണ് ഞാൻ പറയാൻ പോകുന്നത്. ‘‘ഇങ്ങനെ പറയാൻ വേണ്ടി നിനക്ക് എവിടെയാണ് സിനിമ, നീയൊരു സൂപ്പർസ്റ്റാർ ആണോ ഇങ്ങനെ ഒരു നിലപാട് എടുക്കാൻ ? സിനിമ ഇല്ലാത്തതുകൊണ്ട് ഈ ഒരു കാരണം പറഞ്ഞ് നിന്നെ സിനിമയിൽ നിന്ന് പുറത്താക്കി എന്ന് പറയാൻ വേണ്ടിയുള്ള ബുദ്ധിയല്ലേ ഇത്’’ എന്നൊക്കെയാണ് കമന്റുകൾ വരുന്നത്. എനിക്ക് സിനിമയില്ലെങ്കിൽ സിനിമ ഇല്ല അല്ലെങ്കിൽ എനിക്കിപ്പോൾ അവസരങ്ങൾ കുറവാണ് എന്ന് പറയാനുള്ള ധൈര്യവും മനക്കട്ടിയും ഉള്ള വ്യക്തിയാണ് ഞാൻ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ ഞാൻ പറഞ്ഞിട്ടുണ്ട് എനിക്ക് സിനിമയിൽ അവസരം കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒരു സമയമാണ് ഇത് എന്ന്. ഞാൻ ആഗ്രഹിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ഇല്ലാതെ ഇരിക്കുന്ന സമയമാണ് ഇതെന്ന് വ്യക്തമായി ഞാൻ പറയുന്നുണ്ട്. 

അങ്ങനെ പറയാനുള്ള മനക്കട്ടിയുള്ള ഒരാളാണ് ഞാൻ. അതിനെ ഇങ്ങനെ ഉള്ള കാരണം കാണിച്ചുകൊണ്ട് മറയ്ക്കേണ്ട ആവശ്യം എനിക്കില്ല. ഇനി സിനിമയെ ഞാൻ സമീപിക്കുന്ന രീതി കൂടി വ്യക്തമാക്കാം. സിനിമയാണ് എന്റെ ജീവിതം സിനിമ ഇല്ലെങ്കിൽ ഞാനില്ല എന്ന് കരുതുന്ന ഒരു മനസ്സല്ല എനിക്ക് ഉള്ളത്. സിനിമ എന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. എനിക്ക് സിനിമയിൽ പണിയെടുക്കാൻ ഇഷ്ടമാണ്. ഞാൻ സിനിമയെ സ്നേഹിക്കുന്നു ഞാൻ അഭിനയത്തെ സ്നേഹിക്കുന്നു. എവിടെനിന്നാണ് ഞാൻ വന്നതെന്നും എവിടെ എത്തിനിൽക്കുന്നു എന്നും ഇനി മുന്നോട്ട് എങ്ങനെ പോകണം എന്ന് വ്യക്തമായ ധാരണ എനിക്കുണ്ട്. എന്നെ ഫോളോ ചെയ്യുന്നവർക്ക് എന്റെ ഒരു യാത്രയെ കുറിച്ച് വ്യക്തമായി അറിയാമല്ലോ. അവസരങ്ങൾ കിട്ടുക എന്നുള്ളത് വലിയ കാര്യം തന്നെയാണ് സിനിമ കൂടുതൽ കിട്ടും എന്നുള്ള അങ്ങനെയൊരു പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നതെങ്കിലും അങ്ങനെ സംഭവിക്കുന്നില്ല. സൂപ്പർസ്റ്റാറാണെങ്കിലും സാധാരണക്കാരനാണെങ്കിലും ഒരു നിലപാട് ഒരു വ്യക്തി എടുക്കുന്നുണ്ടെങ്കിൽ അത് നിലപാട് തന്നെയാണ്. അത് ചിന്തിക്കാനുള്ള ബോധം കമന്റിടുന്നവർക്കുണ്ടാവണം.

ലഹരി ഉപയോ​ഗിക്കുന്നവർ വ്യക്തിജീവിതത്തിൽ എന്തും ചെയ്തോട്ടേ. പക്ഷേ പൊതുവിടത്ത് ശല്യമാകുമ്പോഴാണ് എല്ലാത്തിന്റെയും പ്രശ്നം. അങ്ങനെയുള്ളവർക്ക് പരോക്ഷമായി കൊടുക്കുന്ന പിന്തുണയാണ് എനിക്ക് കമന്റ് ബോക്സുകളിൽ കാണാനായത്. അവരെപ്പോലുള്ളവർക്ക് സിനിമകളുണ്ട്. അവരെവെച്ച് സിനിമകൾ ചെയ്യാൻ ആൾക്കാരുണ്ട്. അങ്ങനെയൊക്കെ ചെയ്യുന്നത് അവർക്ക് വിനോദമാണ്. എന്റെ ജീവിതത്തിൽ ആൽക്കഹോൾ, സി​ഗരറ്റ്, മയക്കുമരുന്ന് തുടങ്ങി എന്റെ മനസിനേയോ ആരോ​ഗ്യത്തെയോ ബാധിക്കുന്ന ഒന്നും ജീവിതത്തിലുണ്ടാവില്ല എന്ന് അത്രയും ഉറപ്പിച്ചതാണ്’. വിൻസി പറയുന്നു.

.
വീഡിയോ കാണാം..

.

 

View this post on Instagram

 

A post shared by vincy_sony_aloshious (@iam_win.c)


.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!