‘നീ സഹകരിച്ചില്ലേൽ തന്ത അകത്തുപോകും, ഞാൻ ജഡ്ജിയാകാനിരിക്കുന്ന ആളാ.. ’ -പി.ജി. മനു ചെയ്തത് മനസ്സാക്ഷിയില്ലാത്ത ക്രൂരത; മാതാപിതാക്കളോടൊപ്പം വന്ന മകളെ പീഡിപ്പിച്ചു
കൊച്ചി: കൊല്ലത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഗവണ്‍മെന്റ് മുന്‍ പ്ലീഡർ രാമമംഗലം മാമലശ്ശേരി പത്മാലയത്തിൽ അഡ്വ. പി.ജി. മനുവിനെതിരെ(55) അതിജീവിത പുറത്തുവിട്ടത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. ഹൈകോടതിയിൽ സീനിയർ സർക്കാർ പ്ലീഡർ ആയിരുന്ന മനുവിനെ മറ്റൊരു കേസിൽ നിയമസഹായം തേടി മാതാപിതാക്കളോടൊപ്പം കാണാൻ എത്തിയപ്പോഴായിരുന്നു ക്രൂരമായ പീഡനം.
.
2018ല്‍ താന്‍ ഇരയായ പീഡനക്കേസ് ആറുവർഷമായിട്ടും എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുന്നതിനാൽ പരിഹാരം കാണാനാണ് പൊലീസ് നിർദേശിച്ച പ്രകാരം യുവതിയും മാതാപിതാക്കളും കടവന്ത്രയിലെ മനുവിന്റെ ഓഫിസിൽ എത്തിയത്. ആദ്യം 2024 ഒക്ടോബര്‍ എട്ടിന് മാതാപിതാക്കളാണ് പോയത്. കേസ് വിവരങ്ങൾ കേട്ടശേഷം മകളുമായി വരാൻ പറഞ്ഞു. അതുപ്രകാരം അടുത്ത ദിവസം ഒക്ടോബര്‍ 9ന് അച്ഛനും അമ്മയ്ക്കും ഒപ്പം യുവതിയും പോയി. കേസിന്റെ കാര്യങ്ങള്‍ സംസാരിച്ച ശേഷം യുവതിയോട് വിശദമായി ചോദിച്ചറിയാൻ എന്ന പേരിൽ മാതാപിതാക്കളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. വാതില്‍ അടച്ചിട്ട ശേഷം പ്രതി തന്റെ രഹസ്യ ഭാഗങ്ങളിൽ സ്പർശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
.
പീഡനശ്രമം എതിർത്തപ്പോൾ, താൻ ഗവ. പ്ലീഡർ എന്ന വലിയ പദവിയിൽ ആണെന്നും തന്റെ ആവശ്യങ്ങളോട് സഹകരിച്ചില്ലെങ്കിൽ തന്ത ജയിലിനകത്തുകിടക്കുമെന്നും ഭീഷണിപ്പെടുത്തിയതായി അതിജീവിത പറയുന്നു. ‘ഞാൻ ജഡ്ജിയാകാൻ ഇരിക്കുന്നയാളാണ്. ഞാൻ വിചാരിച്ചാൽ വാദി പ്രതിയാകും, പ്രതി വാദിയാകും. പറയുന്നത് പോലെ സഹകരിച്ചില്ലെങ്കിൽ തന്ത അകത്തുപോകും. സൂര്യനെല്ലി കേസ് പോലെ മറ്റൊരു കേസായി ഇത് മാറും’ -എന്ന് പറഞ്ഞാണ് പി.ജി. മനു ലൈംഗികമായി ഉപദ്രവിച്ചതെന്നായിരുന്നു യുവതിയുടെ മൊഴി. ഒക്ടോബര്‍ പതിനൊന്നിനും കേസുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തി പീഡനശ്രമം തുടര്‍ന്നു. മുഖത്തും സ്വകാര്യഭാഗങ്ങളിലും കടിച്ചതിന്റെ പാട് അടക്കം ഉണ്ടായിരുന്നു.
.
തുടർന്ന് നഗ്നദൃശ്യം പകര്‍ത്തുകയും മാതാപിതാക്കളും സഹോദരനും ഇല്ലാത്ത സമയം സ്വന്തം വീട്ടിൽ എത്തിയടക്കം പലവട്ടം ബലാല്‍സംഗം ചെയ്യുകയും ചെയ്തു. വാട്സാപ് കോളും ചാറ്റുംവഴി അശ്ലീല സംഭാഷണം തുടര്‍ന്നു. അശ്ലീല ദൃശ്യങ്ങൾ അയച്ച് അതുപോലെ ചെയ്യണമെന്ന് ഭീഷണിപ്പെടുത്തി. ആശുപത്രിയിൽ കിടക്കുമ്പോൾ വരെ ലൈംഗികമായി സഹകരിക്കണമെന്ന് വാട്സാപ് വഴി ആവശ്യപ്പെട്ടു. അല്ലങ്കിൽ കേസില്‍ ഇരയായ താന്‍ പ്രതിസ്ഥാനത്ത് എത്താനുള്ള സാധ്യത ചൂണ്ടിക്കാട്ടി ഭയപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിൽ പറഞ്ഞു. വെള്ളപ്പേപ്പറിൽ ഒപ്പിട്ട് വാങ്ങിയതായും ഇവർ പറയുന്നു.
.
പൊലീസുകാർ എഴുതിപ്പിഴപ്പിച്ച കേസാണിതെന്നും കുറച്ച് കോംപ്ലിക്കേറ്റഡ് ആണെന്നും മാതാപിതാക്കളോട് പറഞ്ഞു. ആശുപത്രിയിൽ വെച്ച് ഇംഗിതത്തിന് വഴങ്ങാത്തതിനാൽ കേസ് ഇഴയുമെന്ന് ഭീഷണിപ്പെടുത്തിയതോടെ, താൻ മറ്റൊരു ഊരാക്കുടുക്കിലേക്ക് നീങ്ങുകയാണ് എന്ന് ബോധ്യമായതായും നടന്ന കാര്യങ്ങൾ അമ്മയോട് വെളിപ്പെടുത്തുകയുമായിരുന്നുവെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.
ഈ ബലാത്സംഗക്കേസില്‍ കര്‍ശന ഉപാധികളോടെ ജാമ്യത്തില്‍ കഴിയവേയാണ് പി.ജി മനുവിനെ ഇന്നലെ കൊല്ലത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനിടെ, ഇയാൾ മറ്റൊരു ഭർതൃമതിയായ യുവതിയെയും പീഡിപ്പിച്ചിരുന്നു. ഭർത്താവിന്റെ കേസിൽ നിയമസഹായം തേടിയെത്തിയപ്പോഴായിരുന്നു ഈ പീഡനം. ജയിലിൽ കഴിയുന്ന ഭർത്താവിനെ മോചിപ്പിക്കണമെങ്കിൽ ലൈംഗികമായി സഹകരിക്കണം എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബലാത്സംഗം. പിന്നീട്, ഇത് വിവാദമായതോടെ ഇവരുടെ വീട്ടിൽ മനു കുടുംബസമേതം എത്തി തൊഴുകൈകളോടെ മാപ്പുപറയുന്ന വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
.
ആദ്യത്തെ ബലാല്‍സംഗക്കേസില്‍ കഴിഞ്ഞ ജനുവരിയിൽ അറസ്റ്റിലായ പി.ജി. മനുവിന് കര്‍ശന ഉപാധികളോടെ മാര്‍ച്ച് അവസാനം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മനുവിനെ കൊല്ലം ആനന്ദവല്ലീശ്വരത്ത് വാടകവീടിന്‍റെ രണ്ടാംനിലയിൽ ഇന്നലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ എൻ.ഐ.എ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന ഇദ്ദേഹം നാറാത്ത്, പാനായിക്കുളം കേസുകളിൽ പ്രതികൾക്കെതിരെ ഹാജരായിരുന്നു.
.
വിചാരണ നടക്കുന്ന ഡോ. വന്ദനദാസ് വധക്കേസിൽ ബി.എ. ആളൂരിന്‍റെ നേതൃത്വത്തിലുള്ള പ്രതിഭാഗം അഭിഭാഷക സംഘത്തിൽ പ്രവർത്തിക്കുന്നതിന്‍റെ ഭാഗമായി രണ്ട് മാസം മുമ്പാണ് കൊല്ലത്ത് വീട് വാടകക്കെടുത്തത്. വിചാരണ നടപടിക്ക് മുന്നോടിയായി മാത്രമാണ് കൊല്ലത്ത് എത്തിയിരുന്നത്. മൂന്ന് ദിവസത്തിന് മുമ്പ് കൊല്ലത്തെത്തിയ മനു, ഞായറാഴ്ച രാവിലെ ജൂനിയർ അഭിഭാഷകരെ വിളിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നതിനെ തുടർന്നെത്തിയ സഹപ്രവർത്തകരാണ് ഉച്ചക്ക് 12ഓടെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്ന് കൊല്ലം വെസ്റ്റ് പൊലീസിൽ വിവരമറിയിച്ചു. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച വിഡിയോ സംബന്ധിച്ചുൾപ്പെടെ കേസിൽ വിശദ അന്വേഷണം നടത്തുമെന്നും കൊല്ലം വെസ്റ്റ് എസ്.എച്ച്.ഒ ആർ. ഫയാസ് പറഞ്ഞു. വെസ്റ്റ് പൊലീസിന്‍റെ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.