സിദ്ദിഖ് കാപ്പൻ്റെ വീട്ടിൽ പരിശോധന; ദുരൂഹത ഇല്ലെന്ന് പൊലീസ്, സാധാരണ പരിശോധനയെന്ന് വിശദീകരണം, ‘രാത്രി 12 മണിക്കാണോ സാധാരണ പരിശോധനയെന്ന് കാപ്പൻ’

മലപ്പുറം: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ വീട്ടിലെ പൊലീസ് പരിശോധന അറിയിപ്പിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. കേസുള്ള ആളുകളുടെ വീട്ടിൽ നടത്തുന്ന സാധാരണ പരിശോധന മാത്രമാണെന്നാണ് പൊലീസിന്റെ വാദം. ഇന്നലെ അർധരാത്രിയോടെ പൊലീസ് സംഘം കാപ്പന്റെ വീട്ടിൽ പരിശോധനക്കെത്തുമെന്നായിരുന്നു അറിയിപ്പ്.
.
പരിശോധനക്ക് രാത്രി 12ന് ശേഷം എത്തുമെന്ന് ഇന്നലെ വൈകീട്ട് വീട്ടിലെത്തിയ പൊലീസുകാർ പറഞ്ഞുവെന്ന് മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ പറഞ്ഞു. 12 മണിക്ക് ശേഷം പരിശോധനക്ക് എത്തേണ്ട സാഹചര്യമെന്താണെന്ന ചോദ്യത്തിന് കൃത്യമായ മറുപടി ലഭിച്ചില്ലെന്നും കാപ്പൻ പറഞ്ഞു. പരിശോധനക്ക് എത്തുമെന്നറിയിച്ചെങ്കിലും രാത്രി പിന്നീട് പൊലീസ് എത്തിയില്ല.

വൈകീട്ട് 6.20ഓടെയാണ് വേങ്ങരയിൽ നിന്നുള്ള രണ്ട് പൊലീസുകാർ വന്നത്. വേങ്ങര നിന്ന് വരുന്ന വഴി പലരോടും എന്‍റെ വീട്ടിലേക്കുള്ള വഴി ചോദിച്ചുകൊണ്ടാണ് പൊലീസ് വന്നത്. ഇതൊരു ഭീതിജനിപ്പിക്കാനുള്ള ശ്രമമാണോയെന്നാണ് തോന്നുന്നത്. വഴിയറിയണമെങ്കിൽ അവർക്ക് നേരിട്ട് എന്നെ വിളിക്കാമായിരുന്നു. പൊലീസുകാർ എത്തിയപ്പോൾ ‘നിങ്ങളാണോ സിദ്ദീഖ് കാപ്പൻ’ എന്ന് ചോദിച്ചു. രാത്രി ഇവിടെയുണ്ടാകില്ലേയെന്നും ചോദിച്ചു. 12 മണിക്ക് ശേഷം പൊലീസ് പരിശോധനക്ക് എത്തുമെന്നാണ് അവർ പറഞ്ഞത്. എന്താണ് കാര്യമെന്നും വാറണ്ടോ മറ്റോ ഉണ്ടോയെന്നും ചോദിച്ചപ്പോൾ ഇല്ല എന്ന് പറഞ്ഞു. സാധാരണ പരിശോധന എന്നാണ് അവർ പറഞ്ഞത്. എന്താണ് പൊലീസ് ഉദ്ദേശിക്കുന്നത് എന്ന് അറിയില്ല. രാത്രി 12 മണിക്കാണോ പതിവ് പരിശോധന? -സിദ്ദീഖ് കാപ്പൻ ചോദിച്ചു.
.
ചുറ്റുപാടും സംഭവിക്കുന്ന ഓരോ കാര്യങ്ങൾ കാണുമ്പോൾ, പൊലീസ് എത്തിയ സംഭവം നിസ്സാരമായി കാണാൻ കഴിയുന്നില്ലെന്ന് കാപ്പന്‍റെ ഭാര്യ റൈഹാന സിദ്ദീഖ് പറഞ്ഞു. നിസ്സാരമായ ഒരു കാര്യത്തിനാണ് കഴിഞ്ഞ രണ്ടരവർഷം ഞാൻ അനുഭവിച്ചത്. അത് ഇനിയും സംഭവിക്കാം എന്ന ആശങ്ക എനിക്കുണ്ട്. മലപ്പുറത്തുനിന്നുള്ള പൊലീസാണ് വരികയെന്നാണ് പറഞ്ഞത് -റൈഹാന പറഞ്ഞു.

എന്താണ് പൊലീസിന്‍റെ ഉദ്ദേശ്യമെന്ന് മനസ്സിലാകുന്നില്ലെന്ന് സിദ്ദീഖ് കാപ്പന്‍റെ അഭിഭാഷകൻ പറഞ്ഞു. വിവരം അറിഞ്ഞപ്പോൾ തന്നെ യു.പിയിലെ കാപ്പന്‍റെ കേസ് നടത്തുന്ന അഭിഭാഷകരുമായും ഡൽഹിയിലെ സീനിയേഴ്സുമായും സംസാരിച്ചു. ഇങ്ങനെ വന്ന് അന്വേഷിക്കേണ്ട ഒരു സാഹചര്യത്തെ കുറിച്ച് ആർക്കും മനസ്സിലായില്ല. വീട്ടിൽ വന്ന പൊലീസുകാരെ വിളിച്ച് ചോദിച്ചപ്പോൾ ‘പതിവ് പരിശോധന’ എന്നാണ് പറഞ്ഞത്. വിശദാംശങ്ങൾ ചോദിച്ചെങ്കിലും അവ്യക്തമായ മറുപടിയാണ് ലഭിച്ചത് -കാപ്പന്‍റെ അഭിഭാഷകൻ പറഞ്ഞു.
.
യു.എ.പി.എ കേസിൽ ജാമ്യത്തിലാണ് നിലവിൽ സിദ്ദീഖ് കാപ്പൻ. സുപ്രീം കോടതിയും ലഖ്നോ ഹൈകോടതിയും ജാമ്യമനുവദിക്കുകയും സുപ്രീംകോടതി തന്നെ പിന്നീട് ജാമ്യവ്യവസ്ഥകൾ ലഘൂകരിക്കുകയും ചെയ്ത കേസുകളാണ് സിദ്ധീഖ് കാപ്പന്റെ പേരിലുള്ളത്. പൊലീസിന്‍റെ അസാധാരണ നീക്കത്തിൽ കടുത്ത ആശങ്കയാണ് കുടുംബം പ്രകടിപ്പിക്കുന്നത്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!