സൗദിയിൽ ആദ്യമായി ഡെലിവറി ആപ്പ് ഡ്രൈവർമാർക്കായി അത്യാധുനിക വിശ്രമകേന്ദ്രം ആരംഭിച്ചു; നൂറോളം പുതിയ കേന്ദ്രങ്ങൾ ഉടൻ – വിഡിയോ

ഖോബാർ: രാജ്യത്ത് ആദ്യമായി ഡെലിവറി ആപ്പ് ഡ്രൈവർമാർക്കായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള വിശ്രമകേന്ദ്രം ഖോബാർ മുനിസിപ്പാലിറ്റി തുറന്നു. നഗരത്തിലെ ഡെലിവറി ഡ്രൈവർമാരുടെ ദുരിതമകറ്റാനും നഗരത്തിന്റെ സൗന്ദര്യവത്കരണത്തിനും ലക്ഷ്യമിട്ടാണ് പുതിയ സംരംഭം.

കിഴക്കൻ മേഖലാ സെക്രട്ടറി, ഫഹദ് അൽ-ജുബൈർ, അൽ-ഖോബാർ ഗവർണറേറ്റ് മേയർ മിഷാൽ അൽ-വഹ്ബി എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. ഡെലിവറി ഡ്രൈവർമാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ വിശ്രമസ്ഥലം ഒരുക്കുകയാണ് ലക്ഷ്യം.

ഖോബാർ മുനിസിപ്പാലിറ്റിയിലെ ബിൽഡിംഗ് പെർമിറ്റ്സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എഞ്ചിനീയർ അബ്ദുൽ അസീസ് അൽ-റുമൈഹ് നൽകിയ വിവരങ്ങൾ അനുസരിച്ച്, ഡെലിവറി ഡ്രൈവർമാരുടെ ദുരിതപൂർണ്ണമായ ജോലി സാഹചര്യങ്ങൾ കണക്കിലെടുത്താണ് വിശ്രമകേന്ദ്രം സ്ഥാപിച്ചത്. വെയിലും മഴയുമേറ്റ് നടപ്പാതകളിലും മറ്റും കാത്തിരിക്കുന്ന ഡ്രൈവർമാരുടെ അവസ്ഥ പരിഗണിച്ചാണ് ഈ നടപടി.

എയർ കണ്ടീഷനിംഗ്, ഇരിപ്പിടങ്ങൾ, ലൈറ്റിംഗ്, റെസ്റ്റോറന്റുകളിലേക്കും കടകളിലേക്കും നേരിട്ടുള്ള സാങ്കേതിക കണക്റ്റിവിറ്റി എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ വിശ്രമകേന്ദ്രത്തിലുണ്ട്. ഡ്രൈവർമാർക്ക് സുഖകരമായ അന്തരീക്ഷത്തിൽ ഓർഡറുകൾക്കായി കാത്തിരിക്കാൻ ഇത് സഹായിക്കും.

ആദ്യ വിശ്രമകേന്ദ്രം വിജയകരമായതോടെ, സമാനമായ 100 കേന്ദ്രങ്ങൾ കൂടി ആരംഭിക്കാൻ മുനിസിപ്പാലിറ്റി പദ്ധതിയിടുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വാണിജ്യ സമുച്ചയങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും ഇവ സ്ഥാപിക്കും.

ഡെലിവറി ആപ്ലിക്കേഷനുകൾ നടത്തുന്ന ചില കമ്പനികളും ഈ സംരംഭത്തിന് പിന്തുണ നൽകുന്നുണ്ട്. ഡ്രൈവർമാർക്ക് മികച്ച തൊഴിൽ സാഹചര്യങ്ങൾ ഒരുക്കേണ്ടതിന്റെ പ്രാധാന്യം സ്വകാര്യ മേഖല തിരിച്ചറിഞ്ഞതിന്റെ തെളിവാണിത്.

നിയമപരമായ ചട്ടക്കൂടുകൾ രൂപീകരിക്കുകയും ലൈസൻസുകൾ നൽകുകയും ഗുണനിലവാരമുള്ള സേവനം ഉറപ്പാക്കുകയുമാണ് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യമെന്ന് അബ്ദുൽ അസീസ് അൽ-റുമൈഹ് പറഞ്ഞു.
.


.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!