കോവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ചു; പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: ആറന്മുളയില്‍ കോവിഡ് ബാധിതയെ ആംബുലന്‍സില്‍വെച്ച് പീഡിപ്പിച്ച കേസില്‍ പ്രതി കായംകുളം കീരിക്കാട് പനയ്ക്കച്ചിറ വീട്ടില്‍ നൗഫലിന് ജീവപര്യന്തം തടവും 1.80 ലക്ഷം രൂപ പിഴയും. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
.
2020 സെപ്റ്റംബര്‍ അഞ്ചാം തീയതി രാത്രി യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നൗഫല്‍ പീഡിപ്പിച്ചത്. നാലര വര്‍ഷമായി വിചാരണത്തടവിലാണ് നൗഫല്‍. ലൈംഗികപീഡനം, തട്ടിക്കൊണ്ടുപോകല്‍, തടങ്കലില്‍ വെക്കല്‍, ആയുധം ഉപയോഗിക്കാതെയുള്ള ഉപദ്രവം, പട്ടികജാതി പീഡനം തുടങ്ങിയ കുറ്റങ്ങള്‍ പ്രതി ചെയ്‌തെന്ന് കോടതി കണ്ടെത്തിയിരുന്നു.

ആംബുലന്‍സില്‍ പന്തളത്തുനിന്ന് അടൂരിലേക്കുള്ള യാത്രയ്ക്കിടെ വഴിമാറ്റി കൊണ്ടുപോകുകയും യുവതിയെ നൗഫല്‍ പീഡിപ്പിക്കുകയുമായിരുന്നു. യുവതി മൊബൈല്‍ ഫോണില്‍ ചില ദൃശ്യങ്ങള്‍ ശേഖരിച്ചത് പിന്നീട് കേസില്‍ നിര്‍ണായക തെളിവുകളായി മാറി. സംഭവം നടന്ന് പിറ്റേദിവസംതന്നെ നൗഫലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിവിധ വകുപ്പുകളിലായി ആറോളം കേസുകളായിരുന്നു നൗഫലിനുമേല്‍ ചുമത്തപ്പെട്ടിരുന്നത്.
.
അടൂരിലെ ബന്ധുവീട്ടില്‍ കഴിഞ്ഞിരുന്ന യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പന്തളത്തെ പ്രാഥമികചികിത്സാകേന്ദ്രത്തിലാക്കാനാണ് ആരോഗ്യവകുപ്പ് 108 ആംബുലന്‍സ് അയച്ചത്. കോഴഞ്ചേരി കോവിഡ് ആശുപത്രിയിലെത്തിക്കേണ്ട രോഗിയായ മറ്റൊരു സ്ത്രീയെയും കൂട്ടിയാണ് ആംബുലന്‍സ് രാത്രി 11-നുശേഷം അടൂരില്‍നിന്ന് പുറപ്പെട്ടത്.

പന്തളത്തുവന്ന് യുവതിയെ ഇറക്കേണ്ടതിനുപകരം കോഴഞ്ചേരിയിലേക്കുപോയി. സ്ത്രീയെ ഇറക്കിയശേഷം പന്തളത്തേക്ക് വരുംവഴി ആറന്മുള നാല്‍ക്കാലിക്കല്‍ പാലത്തിനുസമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെത്തിച്ചാണ്, ഡ്രൈവര്‍കൂടിയായ നൗഫല്‍ പീഡിപ്പിച്ചത്. പന്തളം കോവിഡ് കേന്ദ്രത്തിലെത്തിയ പെണ്‍കുട്ടി അധികൃതരോട് വിവരം പറയുകയും നൗഫലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
.

നൗഫല്‍ നേരത്തേ വധശ്രമക്കേസില്‍ അറസ്റ്റിലായിട്ടുണ്ട്. കോവിഡ് രോഗിക്കൊപ്പം ആംബുലന്‍സില്‍ സ്റ്റാഫ് നഴ്സിനെയും അയയ്ക്കണമെന്ന ചട്ടം പാലിച്ചിരുന്നില്ല. ഇത് വ്യാപകപ്രതിഷേധത്തിനിടയാക്കി. പീഡനത്തിനുശേഷം, പ്രതി മാപ്പപേക്ഷിക്കുന്നത് പെണ്‍കുട്ടി ഫോണില്‍ റെക്കോഡ് ചെയ്തിരുന്നു. ഇതും ആംബുലന്‍സിന്റെ ജിപിഎസ്, മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍, ഡിഎന്‍എ ഫലം എന്നിവയും നിര്‍ണായകതെളിവായി.

കേസില്‍ 55 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 83 രേഖയും 12 തൊണ്ടിമുതലും ഹാജരാക്കി. ജൂലായില്‍ വിചാരണയ്ക്കിടെ അതിജീവിത സാക്ഷിക്കൂട്ടില്‍ ബോധരഹിതയായിരുന്നു. പ്രതിയുടെ ശബ്ദരേഖ കോടതി കേള്‍ക്കുന്നതിനിടെയായിരുന്നു സംഭവം. കേസില്‍ പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ഹരികൃഷ്ണന്‍ ഹാജരായി.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!