നഗരം നടുങ്ങിയ പകൽ, ചായക്കട തൊഴിലാളി കൊടുംകുറ്റവാളി;ചിരവകൊണ്ട് മുറിവുണ്ടാക്കി നാടകം, മുൻപും കൂട്ടക്കൊല നടത്തി
തിരുവനന്തപുരം: അന്നൊരു ഞായറാഴ്ചയായിരുന്നു. നഗരവും നാട്ടുകാരും അവധിദിവസത്തിന്റെ ആലസ്യത്തില്‍. എന്നാല്‍, ആ ദിവസം ഉച്ചയോടെ തിരുവനന്തപുരം നഗരം ഒരു കൊലപാതകവാര്‍ത്ത കേട്ട് നടുങ്ങി. പട്ടാപ്പകല്‍ നഗരമധ്യത്തിലെ അലങ്കാരച്ചെടികള്‍ വില്‍ക്കുന്ന കടയ്ക്കുള്ളില്‍ ജീവനക്കാരിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയെന്നതായിരുന്നു ആ വാര്‍ത്ത.
.
2022 ഫെബ്രുവരി ആറിന് ഉച്ചയോടെയാണ് തിരുവനന്തപുരം അമ്പലംമുക്കില്‍ അലങ്കാരച്ചെടികള്‍ വില്‍ക്കുന്ന ‘ടാബ്‌സ് ഗ്രീന്‍ടെക് അഗ്രിക്ലിനിക്ക്’ എന്ന സ്ഥാപനത്തില്‍വെച്ച് ജീവനക്കാരിയായ വിനീത (38) കൊല്ലപ്പെട്ടത്. നെടുമങ്ങാട് കരിപ്പൂര് സ്വദേശിനിയായ വിനീത മാസങ്ങള്‍ക്ക് മുന്‍പാണ് ഈ സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. ഭര്‍ത്താവ് സെന്തില്‍കുമാര്‍ 2020-ല്‍ മരിച്ചതിന് പിന്നാലെ രണ്ടുമക്കളടങ്ങുന്ന കുടുംബത്തിന് താങ്ങാകാനും ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ മാനസികാഘാതത്തില്‍നിന്ന് കരകയറാനുമാണ് വിനീത നഗരത്തിലെ അലങ്കാരച്ചെടിക്കടയില്‍ ജോലിക്കെത്തിയത്. നെടുമങ്ങാട്ടെ വീട്ടില്‍നിന്ന് ഏറെദൂരെയാണെങ്കിലും സിറ്റിയില്‍ അല്ലേ പേടിക്കേണ്ടല്ലോ എന്നായിരുന്നു വിനീത അമ്മയോടും കുടുംബാംഗങ്ങളോടും പറഞ്ഞിരുന്നത്. പക്ഷേ, ആ നഗരത്തില്‍തന്നെ കൊടുംകുറ്റവാളിയുടെ കൊലക്കത്തിക്കിരയാകുകയായിരുന്നു വിനീത.
കന്യാകുമാരി തോവാള സ്വദേശിയായ രാജേന്ദ്രനാണ് വിനീതയെ പട്ടാപ്പകല്‍ കുത്തിക്കൊന്നത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപ്പവന്റെ മാലയ്ക്ക് വേണ്ടിയായിരുന്നു അരുംകൊല. സംഭവം നടന്ന് അഞ്ചാംനാള്‍ രാജേന്ദ്രനെ പോലീസ് തമിഴ്‌നാട്ടില്‍നിന്ന് പിടികൂടി. ഒടുവില്‍ മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം രാജേന്ദ്രന്‍ കുറ്റക്കാരനാണെന്ന് കോടതിയും കണ്ടെത്തി.
.
നഗരം നടുങ്ങിയ പകല്‍…
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ ലോക്ഡൗണും ഞായറാഴ്ചയുമായതിനാല്‍ 2022 ഫെബ്രുവരി ആറാം തീയതി അമ്പലംമുക്ക്-കുറുവാന്‍കോണം റോഡിലെ ഭൂരിഭാഗം സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നില്ല. സമീപത്തെ വീടുകളിൽ താമസക്കാരുണ്ടായിരുന്നു. എന്നാല്‍, തൊട്ടടുത്ത് അതിക്രൂരമായ കൊലപാതകം നടന്നത് ഇവരാരും അറിഞ്ഞില്ല. പോലീസ് പട സ്ഥലത്തേക്ക് കുതിച്ചെത്തിയപ്പോഴാണ് നാട്ടുകാരില്‍ പലരും ഞെട്ടിക്കുന്ന കൊലപാതകവിവരമറിഞ്ഞത്.
.
ഞായറാഴ്ച കട അവധിയായിരുന്നെങ്കിലും ചെടികള്‍ക്ക് വെള്ളം നനയ്ക്കാനുള്ളതിനാണ് വിനീത അന്ന് ജോലിക്കെത്തിയത്. ഉച്ചയോടെ കടയില്‍ ചെടി വാങ്ങാനെത്തിയ ചിലര്‍ ജീവനക്കാരെ ആരെയും കാണാത്തതിനാല്‍ കടയുടമയായ തോമസ് മാമനെ ഫോണില്‍ വിളിച്ച് തിരക്കി. ഇതോടെ ഇദ്ദേഹം വിനീതയെ പലതവണ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് കടയിലെത്തിയെങ്കിലും വിനീതയെ കണ്ടില്ല. ഇതോടെ മറ്റൊരു ജീവനക്കാരിയായ സുനിതയെ വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും നടത്തിയ വിശദമായ തിരച്ചിലിലാണ് കടയുടെ പുറകുവശത്ത് ചെടികള്‍ക്കിടയില്‍ വലകൊണ്ട് മൂടിയ നിലയില്‍ വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍തന്നെ ഇദ്ദേഹം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
.
.
വലയ്ക്കടിയില്‍ ആദ്യം കണ്ടത് കാലുകള്‍…
കടയുടെ പുറകുവശത്തെ ഷെഡ്ഡില്‍ വലയിട്ട് മൂടിയനിലയിലായിരുന്നു വിനീതയുടെ മൃതദേഹം. ഇവിടെ ചെടിച്ചട്ടികള്‍ മറിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കടയുടമയും ജീവനക്കാരിയും ഈ ഭാഗത്ത് വീണ്ടും തിരച്ചില്‍ നടത്തിയത്. തുടര്‍ന്നാണ് ചെടികള്‍ക്കിടയില്‍ വലയ്ക്കുള്ളില്‍നിന്ന് പുറത്തേക്ക് കിടക്കുന്ന കാലുകള്‍ കണ്ടത്. വല നീക്കിയതോടെ ഇത് വിനീതയാണെന്ന് തിരിച്ചറിഞ്ഞു.
കൊലപാതകവിവരമറിഞ്ഞ് പോലീസും ഫൊറന്‍സിക് വിദഗ്ധരും ഉള്‍പ്പെടെ സ്ഥലത്തെത്തി. ഇതിനിടെ, വിനീതയുടെ മാതാപിതാക്കളും കടയിലെത്തി. ഇവര്‍ മൃതദേഹം കണ്ടപ്പോഴാണ് കഴുത്തിലുണ്ടായിരുന്ന നാലരപ്പവന്റെ താലിമാല കാണാതായെന്ന് വ്യക്തമായത്. അതേസമയം, ചിട്ടി പിടിച്ച 25,000 രൂപ വിനീതയുടെ കൈയിലുണ്ടായിരുന്നെങ്കിലും ഇത് ബാഗില്‍ സുരക്ഷിതമായിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ സ്വര്‍ണമാല മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പോലീസിന് വ്യക്തമായി. സ്ഥാപനത്തില്‍ സിസിടിവി ഇല്ലാതിരുന്നത് ആദ്യഘട്ടത്തില്‍ തിരിച്ചടിയായി. എന്നാല്‍, പോലീസ് സംഘം പരിസരത്തെ മുഴുവന്‍ സിസിടിവികളും പരിശോധിച്ചു. ഈ ദൃശ്യങ്ങളില്‍നിന്നാണ് കൊലയാളിയായ കന്യാകുമാരി തോവാള സ്വദേശി രാജേന്ദ്രനിലേക്കുള്ള ആദ്യസൂചനകള്‍ കിട്ടിയത്.
.
സംശയാസ്പദമായ സാഹചര്യത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ ഇയാളെ കണ്ടെത്തിയെങ്കിലും മുഖം വ്യക്തമായിരുന്നില്ല. തുടര്‍ന്ന് രേഖാചിത്രം ഉള്‍പ്പെടെ പോലീസ് തയ്യാറാക്കി. ഇതിനിടെ, അമ്പലംമുക്കില്‍നിന്ന് ഇയാള്‍ ഓട്ടോറിക്ഷയില്‍ കയറിപ്പോയതായി വിവരം ലഭിച്ചു. പേരൂര്‍ക്കട ആശുപത്രിക്ക് സമീപം ഇയാള്‍ ഓട്ടോറിക്ഷയില്‍നിന്ന് ഇറങ്ങിയതായി വ്യക്തമായതോടെ ഈ ഭാഗത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് അരിച്ചുപെറുക്കി.
ഇതിനിടെ പേരൂര്‍ക്കടയിലെ ആശുപത്രിയില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഈ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം ഒരാള്‍ കൈക്ക് മുറിവുപറ്റി ചികിത്സതേടിയതായ വിവരം ലഭിച്ചത്. ഇയാള്‍ ആശുപത്രിയില്‍നിന്ന് പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. എന്നാല്‍, ആശുപത്രിക്ക് സമീപത്തെ റോഡില്‍നിന്നുള്ള സിസിടിവി ക്യാമറകളില്‍ ഇയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചില്ല. ഇതോടെ ഈ ചുറ്റുവട്ടത്ത് തന്നെ പ്രതിയുണ്ടെന്ന് പോലീസ് ഉറപ്പിച്ചു. തുടര്‍ന്ന് പ്രദേശത്തെ കടകള്‍ മുഴുവന്‍ പരിശോധിച്ചു. ഈ അന്വേഷണത്തിലാണ് പേരൂര്‍ക്കടയിലെ കുമാര്‍ ടീസ്റ്റാളില്‍ ജോലിചെയ്തിരുന്ന തൊഴിലാളിയാണ് നേരത്തെ കൈയ്ക്ക് മുറിവേറ്റ് ചികിത്സതേടിയതെന്ന് വ്യക്തമായത്.
പരിക്കേറ്റതിനാല്‍ ഇയാള്‍ സ്വദേശമായ തമിഴ്‌നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടെ ഇയാളുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹോട്ടലുടമ പോലീസിന് കൈമാറി. കടയിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ഇയാളെ പോലീസ് തിരിച്ചറിഞ്ഞു. ഇത് പ്രതി രാജേന്ദ്രനാണെന്ന് ഉറപ്പിച്ചതോടെ പോലീസ് സംഘം തമിഴ്‌നാട്ടിലെ കാവല്‍ക്കിണറിലേക്ക് തിരിച്ചു. തുടര്‍ന്ന് കൊലപാതകം നടന്ന് അഞ്ചാംനാള്‍ തമിഴ്‌നാട്ടില്‍നിന്ന് രാജേന്ദ്രനെ പോലീസ് പിടികൂടുകയായിരുന്നു.
.
.
സ്വര്‍ണമാലയ്ക്കായി അരുംകൊല…
പേരൂര്‍ക്കടയിലെ ടീസ്റ്റാളില്‍ ജോലിചെയ്തിരുന്ന രാജേന്ദ്രന്‍ മോഷണം നടത്താന്‍ ലക്ഷ്യമിട്ടാണ് ഞായറാഴ്ച താമസസ്ഥലത്തുനിന്ന് നഗരത്തിലേക്കിറങ്ങിയത്. അമ്പലംമുക്ക്-കുറുവാന്‍കോണം റോഡിലൂടെ നടന്നുപോയ ഇയാള്‍ റോഡിലൂടെ നടന്നുപോവുകയായിരുന്നു മറ്റൊരു യുവതിയുടെ മാല പൊട്ടിക്കാനാണ് ആദ്യം പദ്ധതിയിട്ടത്. ഇതിനിടെ ചെടിക്കടയ്ക്ക് മുന്നില്‍ ചെടി നനയ്ക്കുകയായിരുന്ന വിനീതയെയും ഇവരുടെ കഴുത്തിലെ മാലയും ശ്രദ്ധിച്ചിരുന്നു. റോഡിലൂടെ നടന്ന് ഏതാനുംദൂരം പിന്നിട്ടതോടെ നേരത്തെ ലക്ഷ്യമിട്ട യുവതി രാജേന്ദ്രന്റെ കണ്‍മുന്നില്‍നിന്നും മറഞ്ഞു. ഇതോടെ പ്രതി തിരികെ വിനീതയുടെ ചെടിക്കടയിലെത്തി.
ആദ്യം ചെടികളുടെ വില ചോദിച്ച പ്രതി തൊട്ടുപിന്നാലെ വിനീതയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ശ്രമിച്ചതോടെയാണ് രാജേന്ദ്രന്‍ വിനീതയെ അവിടെയുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊന്നത്. കഴുത്തില്‍ തുടരെതുടരെയുള്ള കുത്തേറ്റ് വിനീത പിടഞ്ഞുവീണു. മരണം ഉറപ്പിച്ചതോടെ പ്രതി മൃതദേഹം വലിച്ചിഴച്ച് ചെടികള്‍ക്കിടയിലിട്ടു. സമീപത്തുണ്ടായിരുന്ന വലകൊണ്ട് മൃതദേഹം മൂടിയിട്ടു. പിന്നാലെ കത്തിയും പിടിവലിക്കിടെ കൈയിലുണ്ടായ മുറിവും കഴുകി വൃത്തിയാക്കി സ്ഥലംവിടുകയുംചെയ്തു.
.
കൊലപാതകത്തിന് പിന്നാലെ പ്രതി കന്യാകുമാരിയിലേക്കാണ് പോയത്. പിറ്റേദിവസം കന്യാകുമാരി അഞ്ചുഗ്രാമത്തിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെത്തി മാല പണയംവെച്ചു. പിന്നാലെ തിരിച്ച് പേരൂര്‍ക്കടയിലെത്തി. തൊട്ടടുത്തദിവസം രാവിലെ ടീസ്റ്റാളില്‍ ജോലിക്ക് കയറിയ പ്രതി ചിരവ കൊണ്ട് കൈയില്‍ സ്വയം മുറിവുണ്ടാക്കി. കൊലപാതകത്തിനിടെ കൈയ്‌ക്കേറ്റ മുറിവ് മറയ്ക്കാനായിരുന്നു ഇത്. തുടര്‍ന്ന് തേങ്ങ ചിരകുന്നതിനിടെ മുറിവേറ്റെന്ന് ഹോട്ടലുടമയോട് പറയുകയും ആശുപത്രിയില്‍ ചികിത്സതേടുകയുംചെയ്തു. ആശുപത്രിയില്‍നിന്ന് കൈ തുന്നിക്കെട്ടിയശേഷം തിരികെ എത്തിയ ഇയാള്‍ പോലീസ് അന്വേഷണം ശക്തമാണെന്ന് മനസിലായതോടെ നാട്ടില്‍ പോവുകയാണെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.
രാജേന്ദ്രന്‍ കൊടുംകുറ്റവാളി…
കന്യാകുമാരി തോവാള സ്വദേശിയായ രാജേന്ദ്രന്‍ കൊടുംകുറ്റവാളിയാണെന്നാണ് പോലീസ് പറയുന്നത്. ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നിക്ഷേപത്തിനായി കൊലപാതകവും കവര്‍ച്ചയും നടത്തുന്നതായിരുന്നു ഇയാളുടെ രീതി. 2014-ല്‍ കന്യാകുമാരിയില്‍ കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും ഇവരുടെ വളര്‍ത്തുമകളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് രാജേന്ദ്രന്‍. കവര്‍ച്ച തന്നെയായിരുന്നു ഈ കൂട്ടക്കൊലയ്ക്ക് പിന്നിലെയും ലക്ഷ്യം. ഈ കൊലക്കേസില്‍ ജാമ്യംനേടി പുറത്തിറങ്ങിയശേഷമാണ് രാജേന്ദ്രന്‍ തിരുവനന്തപുരം പേരൂര്‍ക്കടയിലെത്തി ചായക്കടയില്‍ ജോലിക്ക് കയറിയത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.