മുറിവേറ്റ മൃഗങ്ങളുടെ സംരക്ഷകൻ, വീട്ടിലെത്തിച്ച് പരിചരിക്കും; പൂച്ചയെ രക്ഷിക്കുന്നതിനിടെ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം – വിഡിയോ
വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡിന് നടുവിലൊരു പൂച്ചക്കുഞ്ഞ്. അതിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് തൃശ്ശൂര്‍ ചിറ്റിലപ്പിള്ളി സ്വദേശി സിജോ തിമോത്തി (44)ക്ക് ജീവന്‍ നഷ്ടമായത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിജോ, നടുറോഡിൽ പൂച്ച കുഞ്ഞ് കിടക്കുന്നത് കണ്ടപ്പോൾ ഒരു വശത്ത് ബൈക്ക് നിർത്തി പൂച്ചയ്ക്കടുത്തേക്ക് ഓടുകയായിരുന്നു. എന്നാൽ എതിരെ വന്ന ലോറി സിജോയെ ഇടിച്ചു തെറിപ്പിച്ചു. പിന്നാലെ വന്ന ഒരു കാറും സിജോയെ ഇടിച്ചു.
.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിജോയുടെ ജീവൻ രക്ഷിക്കാനായില്ല. പൂച്ചക്കുട്ടിയെ രക്ഷിക്കാനോടിയപ്പോള്‍ ‘ഓടല്ലേടാ’ എന്നു റോഡിന് വശത്തുനിന്നവര്‍ വിളിച്ചുപറഞ്ഞെങ്കിലും സിജോ റോഡ് മുറിച്ചുകടക്കുകയായിരുന്നു. സിജോ ചെന്നപ്പോഴേക്കും പൂച്ച റോഡില്‍നിന്നു മാറിയിരുന്നു. എന്നാല്‍ അതിവേഗത്തില്‍ വന്ന വാഹനം സിജോയെ ഇടിച്ചുതെറിപ്പിച്ചു. പൂച്ചയെ എടുക്കാന്‍ റോഡിന് നടുവിലേക്ക് കടക്കുംമുന്‍പേ എതിരേ വന്ന ലോറിക്കാരനോട് നിര്‍ത്താന്‍ കൈകൊണ്ട് സിജോ ആംഗ്യം കാണിച്ചിരുന്നു. എന്നാല്‍ ബ്രേക്ക് ചെയ്യാന്‍ കഴിയാത്തത്ര അടുത്തെത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
.
പരിക്കുപറ്റിയും മറ്റും തെരുവില്‍ കിടക്കുന്ന നായകളെയും പൂച്ചകളെയും എടുത്തുകൊണ്ടുപോയി ശുശ്രൂഷിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു സിജോയ്ക്ക്. അവിവാഹിതനായ സിജോ ഒറ്റയ്ക്കായിരുന്നു താമസം. പരിക്കുപറ്റിയ മൃഗങ്ങളെ എടുത്തുകൊണ്ടുപോയി വീടിന്റെ മുകളിലത്തെ നിലയില്‍ താമസിപ്പിച്ച് ഭക്ഷണവും പരിചരണവും നല്‍കിയിരുന്നു. മൃഗങ്ങളോട് ഏറെ കരുണകാണിച്ചിരുന്ന വ്യക്തിയായിരുന്നു സിജോ. അതുകൊണ്ടുകൂടിയാണ് തിരക്കേറിയ റോഡിന് നടുവില്‍നിന്ന പൂച്ചക്കുഞ്ഞിനെ രക്ഷിക്കാന്‍ സിജോ ഇറങ്ങിയതും.
.
തൃശ്ശൂര്‍ മണ്ണൂത്തി കാളത്തോട് ജങ്ഷനില്‍ കഴിഞ്ഞദിവസം രാത്രി ഒന്‍പതു മണിയോടെയായിരുന്നു അപകടം. പാലക്കാടുനിന്ന് തൃശ്ശൂരിലേക്കും തൃശ്ശൂരുനിന്ന് പാലക്കാട്ടേക്കും മണ്ണൂത്തി ഹൈവേയിലേക്ക് ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന റോഡാണ് ഇത്. രാത്രികാലങ്ങളില്‍ ഇതുവഴി പോകുന്ന ഭാരംകയറ്റിയ വാഹനങ്ങള്‍ മിക്കപ്പോഴും വേഗത്തിലാണ് പോകാറ്. നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതും സംരക്ഷിക്കുന്നതുമൊക്കെ സിജോയുടെ പതിവായിരുന്നെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.