വഖഫ് നിയമം: കരിപ്പൂർ വിമാനത്താവളത്തിലേക്ക് പ്രതിഷേധക്കാർ വരുന്ന ബസുകൾ പിടിച്ചെടുക്കും, വിചിത്ര ഉത്തരവുമായി കേരള പൊലീസ്
കോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ മുസ്‍ലിം വിരുദ്ധ വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കാൻ പ്രതിഷേധക്കാരുമായി എത്തുന്ന ബസുകൾ പിടിച്ചെടുക്കുമെന്ന വിചിത്ര ഉത്തരവുമായി കേരള പൊലീസ്.
മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി നിയമം പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ച് സോളിഡാരിറ്റി, എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3 മണി മുതലാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുന്നത്. എന്നാൽ, ഉപരോധം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നതിനായി പ്രവർത്തകരെ കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ഉടമസ്ഥനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് പൊലീസ് അറിയിപ്പിൽ പറയുന്നത്. കേരള കോൺട്രാക്ട് കാരേജ് ഒപറേറ്റേഴ്സ് അസോസിയേഷൻ, കേരള ടൂറിസ്റ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ, കേരള ടൂറിസ്റ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ, കേരള ഇൻറർസ്റ്റേറ്റ് ടൂറിസ്റ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹികൾക്കാണ് കൊണ്ടോട്ടി പൊലീസ് സൂപ്രണ്ട് കത്തയച്ചത്.
.
‘വഖഫ് ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സോളിഡാരിറ്റി, എസ്.ഐ.ഒ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ 09.04.2025ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുന്നതായി അറിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ പ്രസ്തുത പ്രതിഷേധം സംഘടിപ്പിക്കുന്നത് പൊലീസിൻറെ നിയമാനുസരണമുള്ള അനുമതി കൂടാതെയാണ്. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്രത്തിന് തടസ്സങ്ങൾ ഉണ്ടാകാനും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൻറ പ്രവർത്തനത്തിന് തടസ്സം വരുവാനും സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുള്ളതുമാണ്. ആയതിനാൽ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നതിനായി പ്രവർത്തകരെ കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ഉടമസ്ഥനെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിക്കുന്നു’ -എന്നാണ് കത്തിലുള്ളത്.
.
.
ഇന്ന് വൈകീട്ട് മൂന്നു മണിക്കാണ് എയർപോർട്ട് ഉപരോധം. 10000ത്തോളം പ്രവർത്തകർ കൊളത്തൂർ റോഡ്, മേലങ്ങാടി റോഡ്, കുമ്മിണിപറമ്പ് റോഡ് എന്നീ മൂന്ന് റോഡുകളിലൂടെയും ഒരേ സമയം പ്രകടനമായി വന്നു നുഅമാൻ ജംഗ്ഷനിൽ സംഗമിക്കുകയും അവിടെ കുത്തിയിരുന്ന് റോഡ് ഉപരോധിക്കുകയും ചെയ്യുമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മാഈൽ, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ് എന്നിവർ അറിയിച്ചു. ഉപരോധം ആരംഭിച്ചു കഴിഞ്ഞാൽ അതുവഴിയുള്ള വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വിമാന യാത്ര തീരുമാനിച്ചവർ ഉച്ചക്ക് 2.30ന് മുമ്പ് വിമാനത്താവളത്തിൽ പ്രവേശിക്കാൻ പാകത്തിൽ യാത്ര ക്രമീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
.
ആൾ ഇന്ത്യ മുസ്‍ലിം പേഴ്സനൽ ലോ ബോർഡ് അംഗവും ജമാഅത്തെ ഇസ്‍ലാമി വൈസ് പ്രസിഡന്റുമായ മലിക് മുഅതസിം ഖാൻ, എറണാകുളം ഡി.സി.സി വൈസ് പ്രസിഡന്റ് ഡോ. ജിന്റോ ജോൺ, ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് റിലീജിയൻ ആൻഡ് സൊസൈറ്റി ഡയരക്ടർ ഫാ. വൈ.ടി. വിനയരാജ്, ആക്ടിവിസ്റ്റ് കെ. അംബുജാക്ഷൻ, സോളിഡാരിറ്റി പ്രസിഡന്റ് തൗഫീഖ് മമ്പാട്, എസ്.ഐ.ഒ പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും. (കടപ്പാട്: മാധ്യമം)
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.