വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം: ഭർത്താവിനെതിരെ നരഹത്യാക്കുറ്റം ചുമത്തി; ആംബുലൻസ് വിളിച്ചത് ശ്വാസം മുട്ടി മരിച്ച വയോധികയുടെ മൃതദേഹമെന്ന് പറഞ്ഞ്

മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂർ സ്വദേശി അസ്മ മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളുടെ യുട്യൂബ് ചാനലിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകൾ ചുമത്തിയത്. മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ചികിത്സ ലഭിച്ചിരുന്നെങ്കിൽ മരണം സംഭവിക്കില്ലായിരുന്നെന്നും ഡോക്ടർമാർ പറയുന്നു.
.
മരണത്തിനു പിന്നാലെ മൃതദേഹം ആരും അറിയാതെ ഭർത്താവ് പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുഞ്ഞ് ജനിച്ച ഉടനെ സിറാജുദ്ദീൻ വാട്ട്സ്ആപ്പിൽ ഈ വിവരം സ്റ്റാറ്റസ് ഇട്ടതായി നാട്ടുകാർ പറയുന്നു. എന്നാൽ പിന്നീടുണ്ടായ അമിത രക്തസ്രാവം മൂലം യുവതി മരിക്കുകയായിരുന്നു.ഇതോടെ ആരുമറിയാതെ രാത്രിയോടെ തന്നെ യുവതിയുടെ മൃതദേഹം യുവതിയുടെ നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
.
യുവതിയുടെ ഭർത്താവ് സിറാജുദ്ദീൻ ആംബുലൻസ് വിളിച്ചത് തെറ്റിദ്ധരിപ്പിച്ചാണെന്ന് ആംബുലൻസ് ഡ്രൈവർ അനിൽ പറഞ്ഞു. ശ്വാസംമുട്ടിനെ തുടർന്ന് മരിച്ച വയോധികയുടെ മൃതദേഹം കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടാണ് ആംബുലൻസ് വിളിച്ചത്. പെരുമ്പാവൂരിൽ യുവതിയുടെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം മനസ്സിലായത് എന്നും ആംബുലൻസ് ഡ്രൈവർ അനിൽ പറഞ്ഞു.
.
മൃതദേഹം തുണിയിലും പായയിലും പൊതിഞ്ഞ നിലയിൽ ആയിരുന്നു. സിറാജുദ്ദീന്റെ സുഹൃത്ത് ആണ് ആംബുലൻസിൽ ഒപ്പം കയറിയത്. പുലർച്ചെ മൂന്ന് മണിക്കാണ് മൃതദേഹം ആംബുലൻസിൽ കയറ്റിയതെന്ന് അനിൽ പറയുന്നു. നവജാത കുഞ്ഞുമായി കാറിൽ സ്ത്രീകൾ ഉൾപ്പെടെ ആംബുലൻസിനെ അനുഗമിച്ചിരുന്നു. കുഞ്ഞ് കൂടെ ഉള്ള സ്ത്രീയിടേതാണെന്നായിരുന്നു സിറാജുദ്ദീൻ പറഞ്ഞതെന്നും അനിൽ പറഞ്ഞു.
.
മരിച്ച അസ്മയുടെ ആദ്യ രണ്ട് പ്രസവം മാത്രമാണ് ആശുപത്രിയിൽ നടന്നതെന്നും ബാക്കി മൂന്ന് പ്രസവങ്ങള്‍ വീട്ടിലുമാണ് നടന്നത്. മലപ്പുറം വളാഞ്ചേരിയിലും കുടുംബം കുറച്ച് കാലം താമസിച്ചിരുന്നു. ഇവിടെ വെച്ചും പ്രസവം നടന്നിരുന്നെന്നും എസ്‍പി പറയുന്നു. വീട്ടിലെ പ്രസവത്തിന് സഹായം ചെയ്തവരെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
.
പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് മലപ്പുറം പൊലീസ് സിറാജുദ്ദീനെ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ സ്വദേശിയാണ് സിറാജുദ്ദീൻ. ഇയാളുടെ ഭാര്യയും പെരുമ്പാവൂർ സ്വദേശിനിയുമായ അസ്മയാണ് കഴി‍ഞ്ഞദിവസം മലപ്പുറം ഈസ്റ്റ് കോഡൂരിലെ വാടകവീട്ടിൽ മരിച്ചത്. അമിത രക്തസ്രാവമാണ് യുവതിയുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസ് പെരുമ്പാവൂർ പൊലീസ് മലപ്പുറം പൊലീസിന് കൈമാറിയിരുന്നു.
.
കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. പ്രസവത്തിന് പിന്നാലെ ശ്വാസതടസം അനുഭവപ്പെട്ടാണ് അസ്മ മരിച്ചതെന്നായിരുന്നു ഭർത്താവ് സിറാജുദ്ദീൻ പറഞ്ഞിരുന്നത്. ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് പ്രസവം നടന്ന് രാത്രി ഒമ്പതിനാണ് അസ്മ മരിക്കുന്നത്. അതുവരെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നില്ല.

പ്രസവത്തെ തുടർന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലായ യുവതി മൂന്ന് മണിക്കൂറോളം വീട്ടിൽ കിടന്നിട്ടും ആശുപത്രിയിൽ കൊണ്ടുപോവാൻ സിറാജുദ്ദീൻ തയാറായിരുന്നില്ലെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

 

Share
error: Content is protected !!