സർക്കാരിന് ആശ്വാസം: മുനമ്പം അന്വേഷണ കമ്മിഷന് തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: മുനമ്പം ഭൂമി തർക്കവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷന് തുടരാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മെയ് 27-ന് കമ്മിഷന്റെ കാലാവധി തീരാനിരിക്കെ കമ്മിഷന്റെ പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു.
.
ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. നേരത്തെ മുനമ്പം ജൂഡീഷ്യൽ കമ്മീഷൻ നിയമനം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷന് പൊതുതാൽപര്യ സ്വഭാവം ഇല്ലെന്ന് കണ്ടെത്തിയായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് നേരത്തെ കണ്ടെത്തിയതാണെന്നും നിലവിൽ വഖഫ് ട്രിബ്യൂണലിന്‍റെ പരിഗണനയിലുമുളള സാഹചര്യത്തിൽ ജുഡീഷ്യൽ കമ്മീഷന് ഇടപെടാൻ അവകാശമില്ലെന്നും വ്യക്തമാക്കികൊണ്ടാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഇതിനെതിരേയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിലേക്ക് അപ്പീൽ പോയത്.
.
ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിൽ പൊതുതാൽപര്യം ഉണ്ടെന്നും സർക്കാരിന് വിശദമായ നിയമോപദേശം നൽകുകയാണ് കമ്മീഷന്‍റെ ലക്ഷ്യമെന്നുമാണ് അപ്പീലിലെ പ്രധാന വാദം. ഇതാണ് ഇപ്പോൾ കോടതി അംഗീകരിച്ചിരിക്കുന്നത്.
അതേസമയം, ജുഡീഷ്യൽ കമ്മീഷൻ പ്രവർത്തനം റദ്ദാക്കിയതിനെതിരേ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തീർപ്പാക്കിയിട്ടില്ല. ഈ അപ്പീൽ ജൂണിൽ പരിഗണിക്കും. വിശദമായ വാദം കേട്ടതിന് ശേഷമായിരിക്കും ഉത്തരവ് പുറപ്പെടുവിക്കുക. എന്നാൽ, കമ്മിഷന്റെ കാലാവധി തീരാനിരിക്കെ കമ്മിഷന്റെ പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
.
.