‘സിസിടിവി ഓഫാക്കി; സാധനം വച്ചിട്ട് അവര് തന്നെ എടുത്തു, എന്തുകൊണ്ട് റിമാൻഡ് ചെയ്തില്ല?’: റഫീനയുടെ വിഡിയോക്ക് മറുപടിയുമായി എക്സൈസ് – വിഡിയോ
കണ്ണൂർ: തളിപ്പറമ്പിൽ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാലു പേരെ പിടികൂടിയ സംഭവത്തിൽ എക്സൈസിനെതിരെ ആരോപണവുമായി എത്തിയ പ്രതി റഫീനയ്ക്കു മറുപടിയുമായി ഉദ്യോഗസ്ഥര്‍. റഫീന ലഹരി ഉപയോഗിച്ചിരുന്നെന്നും കേസെടുത്തിട്ടുണ്ടെന്നും കുറഞ്ഞ അളവിലായതു കൊണ്ടാണ് റിമാൻഡ് ചെയ്യാതെ ജാമ്യത്തിൽ വിട്ടതെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ തന്നെ പിടിച്ചതെന്നും കേസെടുത്തെങ്കില്‍ എന്തുകൊണ്ട് റിമാന്‍ഡ് ചെയ്തില്ലെന്നും ചോദിച്ചുകൊണ്ട് റഫീന പോസ്റ്റ് ചെയ്ത വിഡിയോയ്‌ക്കാണ് മറുപടി.
.
റഫീന വിഡിയോയിൽ പറഞ്ഞത്:
എന്‍റെ കുടുംബക്കാരും നാട്ടുകാരുമൊക്കെ ആ വിഡിയോ കണ്ടു. എല്ലാവരും ഷെയര്‍ ചെയ്യുന്നുണ്ട്. എന്നെ എംഡിഎംഎയുമായി പിടിച്ചിട്ടുണ്ടെങ്കില്‍ എന്നെ എന്തുകൊണ്ട് 14 ദിവസം റിമാന്‍ഡ് ചെയ്തില്ല, എനിക്കെതിരെ കേസെടുത്തില്ല. കേസെടുക്കാതെ എന്നെ നാറ്റിക്കാനാണ് ഇവരുടെ പ്ലാന്‍. ഇതിന്‍റെ സത്യം അറിയും വരെ ഞാന്‍ ഇതിന്‍റെ പിറകില്‍ തന്നെ നടക്കും. എന്തുതന്നെ വന്നാലും എക്സൈസുകാരല്ല ആരു തന്നെ ആണ് ഇതിന്‍റെ പിന്നിലെങ്കിലും ഞാന്‍ ഇതിന്‍റെ പിറകില്‍ തന്നെ ഉണ്ടാകും.
.
ലോഡ്ജ് എന്നാണ് ഇവര് പറയുന്നത്. ധര്‍മ്മശാലയിലുള്ള പൊളാരിഷ് എന്നു പറഞ്ഞ റൂമാണ് അത്. ആ റൂമിന്‍റെ പേരു പോലും പറയാന്‍ ഇവര്‍ക്ക് പേടിയാണ്. ആ റൂമില്‍ എക്സൈസുകാരു വരുന്ന സമയത്ത് സിസിടിവി മുഴുവന്‍ ഓഫായി, എന്തിനാ അത് ഓഫാക്കിയത്. എക്സൈസുകാര് വന്ന് അവര് തന്നെ സാധനം വച്ച് അവര് തന്നെ എടുത്തിട്ട് ഇന്ന സാധനം കിട്ടി എന്ന് പറയുകയായിരുന്നു. എന്നെ ജയിലില്‍ കൊണ്ടുപോയാല്‍ അവരുടെ ഭാഗത്ത് ഒരുപാട് തെറ്റുണ്ട്. അതുകൊണ്ടാണ് അവര്‍ എന്നെ ഒന്നും ചെയ്യാത്തത്. ഇവര്‍ക്ക് വേണ്ടത് എന്നെ പരമാവധി നാറ്റിക്കുകയാണ്. എന്‍റെ ഭാഗത്ത് തെറ്റില്ലാത്തതുകൊണ്ട് എനിക്ക് പേടിക്കേണ്ട കാര്യമില്ല. എന്‍റെ കമന്‍റില്‍ വന്ന് ഇനി ആരും ജയിലിലാണോ അതോ വേറെ എവിടെയെങ്കിലുമാണോ എന്ന് ചോദിക്കേണ്ടതില്ല.’’
ഇരിക്കൂർ സ്വദേശി റഫീന (24)യ്ക്കു പുറമേ മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷിൽ (37) , കണ്ണൂർ സ്വദേശി ജസീന (22) എന്നിവരാണ് കഴിഞ്ഞ ദിവസം ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിച്ചതിന് എക്സൈസിന്റെ പിടിയിലായത്. ഇവരിൽനിന്ന് 490 മില്ലി ഗ്രാം എംഡിഎംഎയും ടെസ്റ്റ് ട്യൂബുകളും സിറിഞ്ചുകളും പിടികൂടിയതായി എക്സൈസ് അറിയിച്ചു.
.
സുഹൃത്തിന്റെ വീട്ടിലാണ് എന്നാണ് യുവതികൾ മാതാപിതാക്കളോട് പറഞ്ഞിരുന്നതെന്നും പല സ്ഥലങ്ങളിലായി മുറി എടുത്ത് ദിവസങ്ങളായി തുടർച്ചയായി ലഹരി ഉപയോഗിച്ച് വരികയായിരുന്നുവെന്നും എക്സൈസ് അധികൃതർ പറഞ്ഞു. വീട്ടിൽനിന്നു വിളിക്കുമ്പോൾ പരസ്പരം ഫോൺ കൈമാറി കബളിപ്പിക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ വിളിക്കുമ്പോഴാണ് ഇവർ ലോഡ്ജിൽ ആയിരുന്നെന്ന് വീട്ടുകാർ അറിഞ്ഞതെന്നാണ് വിവരം.