‘വെള്ളാപ്പള്ളിയുടേത് ഒരു പ്രാധാന്യവുമില്ലാത്ത വൃത്തികെട്ട പ്രസ്താവന’; രൂക്ഷ വിമർശനവുമായി പി.കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയുടേത് ഒരു പ്രാധാന്യവുമില്ലാത്ത വൃത്തികെട്ട പ്രസ്താവനയാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

വെള്ളാപ്പള്ളിയുടെ പ്രസ്താവനക്ക് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ കിട്ടിയില്ല. ഒരാൾ പോലും നല്ല അഭിപ്രായം പറഞ്ഞില്ല. ശ്രദ്ധ കിട്ടാനും വാർത്തക്കും വേണ്ടിയാണ് വിദ്വേഷ പ്രസ്താവനകൾ നടത്തുന്നത്. രാഷ്ട്രീയനേട്ടം കിട്ടാൻ വേണ്ടി ഇത്തരം പ്രസ്താവന നടത്തുന്ന ആളുകളുണ്ട്. ഇത് കേരളമാണെന്നും ഉള്ള പിന്തുണ കൂടി പോകുമെന്നും അവർ അറിയുന്നില്ല.
.

പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഇത്തരക്കാർ മത്സരിച്ചിട്ട് വളരെ കുറച്ച് വോട്ടാണ് ലഭിച്ചത്. പ്രസ്താവന ഇറക്കിയാൽ ഭൂമി കുലുങ്ങുമെന്ന് അവർ കരുതുന്നത്. അത് ചർച്ചയാക്കുന്ന നമ്മളെ പറഞ്ഞാൽ മതി. ഒരു കാര്യവുമില്ലാത്ത വൃത്തിക്കെട്ട പ്രസ്താവനയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഓരോ വിഷയത്തിലും ഓരോ തരത്തിലുള്ള ചർച്ചകൾ വരും. എന്നാൽ, ഓരോ സമൂഹത്തിന്‍റെയും രാഷ്ട്രീയ നിലപാടിൽ മാറ്റം വരില്ല. മുനമ്പം വിഷയം വളരെ ഗൗരവത്തോടെയാണ് ക്രൈസ്തവസഭ പറഞ്ഞത്. സഭാ നേതൃത്വവുമായി ഞങ്ങൾ ചർച്ച നടത്തി. പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾക്ക് ക്രൈസ്തവർക്കൊപ്പം നിൽക്കും. മുനമ്പത്ത് രാഷ്ട്രീയ മുതലെടുപ്പിന് ഒരു കൂട്ടർ ഇറങ്ങി. മുതലെടുപ്പല്ലാതെ യാതൊരു രാഷ്ട്രീയ പ്രത്യാഘാതവും സംഭവിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
.

കോൺഗ്രസ് അടക്കം മതേതര പാർട്ടികൾക്ക് സമൂഹത്തിന്‍റെ പിന്തുണ ലഭിക്കുന്നുണ്ട്. കോൺഗ്രസും മുസ് ലിം ലീഗും ഒരുമിച്ചാണ് ഭരണം നടത്തിയിട്ടുള്ളത്. ഇനിയും പരാതികൾ ഉണ്ടെങ്കിൽ നേരിട്ട് പരിഹാരം കാണാൻ സാധിക്കും. മുനമ്പം വിഷയം പരിഹരിക്കാൻ സർക്കാർ മുൻകൈ എടുത്താൽ പ്രതിപക്ഷം പിന്തുണ നൽകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

നിലമ്പൂർ ചുങ്കത്തറയിൽ നടന്ന എസ്.എൻ.ഡി.പി യോഗം കൺവെൻഷനിൽ വെള്ളാപ്പള്ളി മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമർശം നടത്തിയത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചില പ്ര​ത്യേക ആളുകളുടെ സംസ്ഥാനമാണെന്നും ഇവിടെ ഈഴവരെല്ലാം ഭയന്നു ജീവിക്കുന്നവരാണെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.
.

നിങ്ങളുടെ പരിമിതികളും പ്രയാസങ്ങളും എനിക്കറിയാം. നിങ്ങൾ ​പ്രത്യേക രാജ്യത്തിനിടയിൽ മറ്റൊരു തരം ആളുകളുടെ ഇടയിൽ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് എനിക്കറിയാം.

സ്വതന്ത്രമായ വായുപോലും ഇവി​​ടെ നിങ്ങൾക്ക് ലഭിക്കുന്നില്ല. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്ക ജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ? മഞ്ചേരി (കെ.ആർ. ഭാസ്കരപിള്ള) ഉള്ളതുകൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങൾ ഉള്ളതു​കൊണ്ടും നിങ്ങൾ കുറച്ച് പേർക്ക് വിദ്യാഭ്യാസം ലഭിച്ചു’ -വെള്ളാപ്പള്ളി പറഞ്ഞു.
.

വെറും വോട്ടുകു​ത്തിയന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനിൽക്കുന്നുണ്ട്. ഒന്നിച്ചു നിൽക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലർ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഇടമുള്ളത്.

സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവർക്കില്ല. ആർ. ശങ്കർ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാൽ പിന്നീട് ഒന്നും കിട്ടിയില്ല. കണ്ണേ കരളേയെന്ന് ​പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയിൽ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!