വഖഫ് ബില്‍: കര്‍ഷകസമര മാതൃകയില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാരിന് പിന്‍വലിക്കേണ്ടിവന്ന ഡല്‍ഹിയിലെ കര്‍ഷകസമരത്തിന്റെ മാതൃകയില്‍ വഖഫ് ബില്ലിനെതിരേ രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. മുസ്ലിം സംഘടനകളുടെ എതിര്‍പ്പിനിടയിലും പുതുക്കിയ വഖഫ് ബില്‍ സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് പ്രതിഷേധ ആഹ്വാനം.
.
ബില്ലിനെതിരേ നിയമപോരാട്ടമടക്കം സാധ്യമായ എല്ലാവഴികളും തേടുമെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന ഫസ്ലുര്‍ റഹീം മുജാദീദി പറഞ്ഞു. ബില്‍ പിന്‍വലിക്കുംവരെ സമാധാനപരമായി പ്രതിഷേധിക്കും. കര്‍ഷകസമരം ഉണ്ടായപ്പോള്‍ വിവാദ ബില്ലുകള്‍ കേന്ദ്രത്തിന് പിന്‍വലിക്കേണ്ടി വന്നു. കര്‍ഷക പ്രതിഷേധം ഡല്‍ഹി അതിര്‍ത്തികളിലായിരുന്നെങ്കില്‍ ഈ സമരം രാജവ്യാപകമായിരിക്കുമെന്നും അദ്ദേഹം ബുധനാഴ്ച പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
.
വിവേചനപരവും മുസ്ലിം വിരുദ്ധവുമാണ് വഖഫ് ബില്ലെന്നും ബിജെപിയുടെ വര്‍ഗീയ അജണ്ടയാണ് അതിനു പിന്നിലെന്നുമാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാട്. വഖഫ് ബില്‍ കൊണ്ടുവരുന്നതിന് ഏകപക്ഷീയ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ബോര്‍ഡ് ഭാരവാഹികള്‍ ആരോപിക്കുന്നു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ജെപിസിക്ക് വിട്ടെങ്കിലും അതിലെ അംഗങ്ങള്‍ ഭൂരിപക്ഷവും ഭരണകക്ഷിയില്‍പ്പെട്ടവരായിരുന്നു. മുസ്ലിം സമൂഹവും പ്രതിപക്ഷ അംഗങ്ങളും നിര്‍ദേശിച്ച മാറ്റങ്ങള്‍ സമിതി തള്ളിക്കളഞ്ഞു. എന്‍ഡിഎ സഖ്യകക്ഷികളായ ജെഡിയുവിനെയും ടിഡിപിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മുസ്ലിം വോട്ടിന്റെ ആനുകൂല്യം നേടിയിട്ടുള്ള എന്‍ഡിഎ സഖ്യകക്ഷികളും ബിജെപിയുടെ വര്‍ഗീയ അജണ്ടയെ പിന്തുണയ്ക്കുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
.
അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡ് വൈസ് പ്രസിഡന്റ് മൗലാന മുഹമ്മദ് അലി മുഹ്സിന്‍, ദേശീയ വക്താവ് എസ്.ക്യു.ആര്‍. ഇല്യാസ്, മുന്‍ എംപിയും വ്യക്തിനിയമ ബോര്‍ഡ് അംഗവുമായ മുഹമ്മദ് അദീബ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.