വഖഫ് ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു; എതിർപ്പുമായി പ്രതിപക്ഷം, ഒറ്റക്കെട്ടായി നേരിടണമെന്ന് മുസ്ലിം നേതാക്കൾ

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചു .പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവാണ് ബില്ല് അവതരിപ്പിച്ചത്. കേന്ദ്രം ബില്ല് അടിച്ചേൽപ്പിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ബില്‍ അംഗങ്ങള്‍ക്ക് നേരത്തെ നല്‍കിയില്ലെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.എതിര്‍പ്പുകള്‍ പറയാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
.
8 മണിക്കൂർ ബില്ലിൻമേൽ സഭയിൽ ചർച്ച നടക്കും. ശേഷം കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു സഭയില്‍ മറുപടി നൽകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചർച്ചയിൽ സംസാരിക്കും. ബില്ലിനെതിരെ ശക്തമായി പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഭയിലില്ല.

വഖഫ് ഭേദഗതിബില്ലിനെക്കുറിച്ച് നടക്കുന്നത് തെറ്റായ പ്രചരണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.പ്രതിപക്ഷവും തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ജെപിസിയിൽ ബില്ലിനെക്കുറിച്ച് വിശദമായ ചർച്ച നടന്നതായി കിരൺ റിജിജു സഭയില്‍ പറഞ്ഞു. 97 ലക്ഷം നിർദേശങ്ങൾ സംയുക്ത പാർലമെന്ററി സമിതിക്ക് ലഭിച്ചു. ഈ ബില്ല് കുറേ മാറ്റങ്ങൾ കൊണ്ടുവരും. മത നേതാക്കളെ കണ്ട് അഭിപ്രായങ്ങൾ തേടിയിരുന്നു. മുസ്ലിം പള്ളികളുടെ പ്രവര്‍ത്തനങ്ങളിലും ഒരു മതസ്ഥാപനത്തിലും ഇടപെടില്ലെന്നും വോട്ട് ബാങ്കിനായി പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തിയെന്നും മന്ത്രി വ്യക്തമാക്കി. ഇതിനുമുമ്പും നിരവധി ഭേദഗതികൾ ഉണ്ടായിട്ടുണ്ട്.അപ്പോൾ ആരും എതിർത്തിട്ടില്ല. എന്നാൽ ഇപ്പോൾ ഭേദഗതിയെ എതിർക്കുകയാണെന്നും മന്ത്രി പറഞ്ഞു.
.

ബിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.ചർച്ചകൾക്ക് ശേഷമാണ് ഭേദഗതികൾ കൊണ്ടുവന്നതെന്നും നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ഭേദഗതി ബില്ല് തയ്യാറാക്കിയതെന്നും അമിത് ഷാ പറഞ്ഞു.

വഖഫ് ഭേദഗതി ബില്ല് മുസ്‌ലിം വിരുദ്ധമാണെന്ന് മുസ്‍ലിം വ്യക്തി നിയമ ബോർഡ് വ്യക്തമാക്കി.ബില്ലിനെ കൂടുതൽ സങ്കീർണമാക്കുകയാണ് സംയുക്ത പാർലമെന്ററി സമിതി(ജെപിസി) ചെയ്തത്.ജെപിസിയിൽ പ്രതിപക്ഷ പാർട്ടികളുടെയോ, ഞങ്ങളുടെയോ നിർദ്ദേശങ്ങൾ പരിഗണിച്ചില്ല.തങ്ങളുടെ നിർദേശങ്ങൾ സർക്കാർ പരിഗണിച്ചെന്ന് അവകാശപ്പെടുന്ന എൻഡിഎ ഘടകകക്ഷികൾ,എന്താണ് ഭേദഗതി ചെയ്തതെന്ന് പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
.

വഖഫ് ഭേദഗതിയെ നിയമപരമായി നേരിടുമെന്ന് മുസ്‍ലിം ലീഗ്. വഖഫ് ഭൂമി പിടിച്ചടക്കാനുള്ള ഗൂഢനീക്കമാണിതെന്നും കെട്ടിച്ചമയ്ക്കപ്പെട്ട നിയമമാണ് ബിജെപി പാർലമെന്റിൽ കൊണ്ടുവന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തുന്ന ശ്രമങ്ങൾ തിരിച്ചറിയണമെന്നും വഖഫ് ബിൽ മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന വിഷയം അല്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ബില്ല് സഭയിൽ പാസായാൽ നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഭാവിയിൽ മറ്റു ന്യൂനപക്ഷങ്ങളുടെ ഭൂമിയും കേന്ദ്രം ഇതുപോലെ പിടിച്ചെടുക്കും.വിശ്വാസത്തിലുള്ള ഇടപെടലാണ് വഖഫ് ഭേദഗതിയിലൂടെ നടക്കുന്നത്.ചില ആളുകൾ ദുരുദ്ദേശ്യത്തോടെ വാർത്തകൾ പ്രചരിപ്പിക്കുന്നു. മുനമ്പം വിഷയം പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാറാണെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
.
വഖഫ് ഭേദഗതി ബില്ലിനെതിരെ മുസ്‍ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു. വഖഫ് സ്വത്ത് കൈയ്യേറാൻ അവസരമൊരുക്കുന്ന നിയമനിർമാണത്തിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു . വഖഫ് ബില്ലിനെതിരെ മതേതര കക്ഷികൾ ഒന്നിക്കണമെന്ന് കെഎൻഎം നേതാവ് ഹുസൈൻ മടവൂർ പ്രതികരിച്ചു. ഫാഷിസ്റ്റ് നീക്കങ്ങൾക്കെതിരെ ജനാധിപത്യ ചെറുത്തുനിൽപ്പ് രൂപപ്പെടുത്തണമെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു.
.
രാജ്യത്തിന്റെ ബഹുസ്വര, മതേതരത്വ മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും കവർന്നെടുക്കുന്ന ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

 

.

വഖഫ് ബില്‍: കര്‍ഷകസമര മാതൃകയില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

 

Share
error: Content is protected !!