‘പപ്പ വീപ്പയ്ക്കുള്ളിലുണ്ട്’; കൊല്ലപ്പെട്ട സൗരഭിൻ്റെ ആറ് വയസ്സുകാരിയായ മകള്‍ അയല്‍ക്കാരോട് പറഞ്ഞു,
ലഖ്‌നൗ: ഉത്തർപ്രദേശിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട സൗരഭ് രജ്പുതിന്റെ ആറുവയസ്സുള്ള മകൾ അയൽക്കാരോട് ‘പപ്പ വീപ്പയ്ക്കുള്ളിൽ ഉണ്ടെന്ന് പറഞ്ഞിരുന്നു’ എന്ന് സൗരഭിന്റെ അമ്മ രേണു ദേവി വാർത്താ ഏജൻസിയായ എഎൻഐയോട് വെളിപ്പെടുത്തി. കൊലപാതകത്തെക്കുറിച്ചും തുടർന്നുണ്ടായ സംഭങ്ങളെക്കുറിച്ചും കുട്ടിക്ക് അറിയാമായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. (ചിത്രത്തിൽ കൊല്ലപ്പെട്ട സൗരഭ് രജ്പുത്ത്, പ്രതികളായ മുസ്‌കാൻ റസ്‌തോഗിയും സാഹിൽ ശുക്ലയും)
.
മകളുടെ ആറാം പിറന്നാൾ ആഘോഷിക്കാൻ സ്വന്തം നാടായ മീററ്റിൽ എത്തിയ സൗരഭ് രജ്പുതിനെ മാർച്ച് നാലിനാണ് ഭാര്യ മുസ്കാൻ റസ്‌തോഗിയും കാമുകൻ സാഹില് ശുക്ലയും ചേർന്ന് കൊലപ്പെടുത്തിയത്. മൃതദേഹം 15 കഷണങ്ങളാക്കി വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിൽ സിമന്റിട്ട് മൂടുകയായിരുന്നു. മുസ്‌കാനും സാഹിലും തമ്മിലുള്ള വിവാഹേതര ബന്ധമാണ് കൊടുംക്രൂരയിലേക്ക് നയിച്ചത്.
‘പപ്പ വീപ്പയ്ക്കുള്ളിൽ ഉണ്ട് എന്ന് ആറുവയസ്സുകാരിയായ മകൾ പറഞ്ഞതായി ചിലർ അറിയിച്ചിരുന്നു. അവൾ എന്തൊക്കെയോ കണ്ടിരിക്കണം. അതിനാലാണ് അവളെ അവിടെനിന്ന് മാറ്റിയത്. മുസ്കാന്റെ മാതാപിതാക്കൾക്ക് കൊലപാതകത്തെ കുറിച്ച് നേരത്തേ അറിയാമായിരുന്നു. മുസ്കാന്റെ മാതാവ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. മുസ്കാനും സാഹിലിനേയും കൂടാതെ എല്ലാ കുടുംബാംഗങ്ങളേയും തൂക്കിലേറ്റണം’, രേണു ദേവി പറഞ്ഞു.
.
മകളെ തൂക്കിലേറ്റണമെന്ന് മുസ്കാന്റെ മാതാപിതാക്കൾ
മുസ്‌കാനും സാഹിലും മയക്കുമരുന്നിന് അടിമകളായിരുന്നുവെന്നും അവരുടെ കൂടിക്കാഴ്ചകൾ തടസ്സപ്പെടുമെന്ന സ്ഥിതി വന്നതോടെയാണ് സൗരഭിനെ കൊലപ്പെടുത്തിയത് എന്ന് പിതാവ് പറഞ്ഞു. ലഹരിമരുന്ന് ഉപയോഗം സൗരഭ് തടയുമെന്ന് സാഹിൽ ഭയപ്പെട്ടിരുന്നതായി മുസ്‌കാൻ തങ്ങളോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
.
‘സൗരഭ് എപ്പോഴും മുസ്കാനെ പിന്തുണച്ചിരുന്നു. സൗരഭ് ലണ്ടനിലേക്ക് പോയപ്പോൾ മുസ്കാനെ തങ്ങളോടൊപ്പം താമസിപ്പിക്കാമെന്നു സൗരഭിനോട് പറഞ്ഞിരുന്നു. എന്നാൽ നിയന്ത്രണങ്ങള്‍ ഇഷ്ടമില്ലാതിരുന്നതിനാൽ അവൾ അതിന് തയ്യാറായില്ല. സൗരഭ് ലണ്ടനിലേക്ക് പോയശേഷം മകളുടെ ഭാരം ഏകദേശം 10 കിലോയോളം കുറഞ്ഞു. സൗരഭ് ഇല്ലാത്തതിൽ അവൾ അസ്വസ്ഥയാണെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ, സാഹിൽ അവളെ മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല’, മാതാവ് കവിത റസ്‌തോഗി പ്രതികരിച്ചു.
‘സൗരഭിന് നീതി ലഭിക്കണം. ഞങ്ങളുടെ മകളായിരുന്നു പ്രശ്നം. അവളാണ് സൗരഭിനെ അവന്റെ കുടുംബത്തിൽനിന്ന് വേർപെടുത്തിയത്. ഇപ്പോൾ അവൾ ഇത് ചെയ്തിരിക്കുന്നു. അവളെ തൂക്കിലേറ്റണം. അവൾക്ക് ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടു’, ദമ്പതികൾ കണ്ണീരോടെ ആവശ്യപ്പെട്ടു.
.
മകളുടെ പിറന്നാൾ ആഘോഷിക്കാനെത്തി, വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിൽ മൂടി
2016ൽ ആയിരുന്നു സൗരഭ് രജ്പുത്തും മുസ്കൻ റസ്തോഗിയും പ്രണയിച്ച് വിവാഹിതരായത്. ഭാര്യയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിച്ച സൗരഭ്, മർച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. പ്രണയ വിവാഹവും ജോലി ഉപേക്ഷിച്ചതും സൗരഭിന്റെ കുടുംബത്തിന് ഇഷ്ടപ്പെട്ടില്ല. ഇത് തർക്കങ്ങൾക്ക് കാരണമായതോടെ സൗരഭും മുസ്കാനും ഒരു വാടക വീട്ടിലേക്ക് താമസം മാറി.
2019-ൽ ഇവർക്ക് ഒരു മകളും ജനിച്ചു. എന്നാൽ മുസ്കൻ സുഹൃത്തായ സാഹിലുമായി പ്രണയത്തിലാണെന്ന് സൗരഭ് പിന്നീട് മനസ്സിലാക്കി. വിവാഹമോചനത്തെ കുറിച്ച് ആലോചിച്ചെങ്കിലും മകളുടെ ഭാവി ഓർത്ത് തീരുമാനത്തിൽനിന്ന് സൗരഭ് പിന്നോട്ടുപോയി. വീണ്ടും മർച്ചന്റ് നേവിയിൽ ചേരാനും അദ്ദേഹം തീരുമാനിച്ചു. 2023-ൽ ജോലിക്കായി അദ്ദേഹം രാജ്യംവിട്ടു.
ഫെബ്രുവരി 28-നായിരുന്നു ഇവരുടെ മകളുടെ ആറാം പിറന്നാൾ. മകളുടെ ജന്മദിനം ആഘോഷിക്കാനായി ഫെബ്രുവരി 24-ന് സൗരഭ് വീട്ടിലേക്കെത്തി. ഈ സമയം മുസ്കാനും സാഹിലും സൗരഭിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു. മാർച്ച് നാലിന് മുസ്കാൻ സൗരഭിന്റെ ഭക്ഷണത്തിൽ ഉറക്കഗുളികകൾ കലർത്തി. സൗരഭ് മയങ്ങി കഴിഞ്ഞപ്പോൾ സാഹിലിനൊപ്പം ചേർന്ന് കത്തി ഉപയോഗിച്ച് സൗരഭിനെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ശരീരം 15 കഷണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷം ഒരു വീപ്പയ്ക്കുള്ളിലാക്കി. ഇതിനുമുകളിൽ സിമന്റ് ഇട്ട് അടയ്ക്കുകയും ചെയ്തു.
.
എന്നാൽ, സൗരഭിനെ പരിചയക്കാർ അന്വേഷിച്ചപ്പോൾ സ്ഥലത്തില്ലെന്നായിരുന്നു ഭാര്യയുടെ മറുപടി. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനും സംശയം ഉണ്ടാകാതിരിക്കാനും സൗരഭിന്റെ ഫോണുമായി മുസ്കാനും സാഹിലും ഉത്തരാഖണ്ഡിലെ കൗസാനിയിലേക്ക് പോയി. സൗരഭിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാനും തുടങ്ങി. എന്നാൽ ദിവസങ്ങളോളം ഫോൺ കോളുകൾ ചെയ്തിട്ടും സൗരഭ് പ്രതികരിക്കാഞ്ഞതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് മുസ്‌കാനെയും സാഹിലിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ക്രൂരമായ കൊലപാതകം ഇരുവരും സമ്മതിച്ചു. സൗരഭിന്റെ ശരീരഭാഗങ്ങൾ അടങ്ങിയ ഡ്രം പോലീസ് കണ്ടെത്തി. സിമന്റിട്ട് ഉറപ്പിച്ചതിനാൽ ഡ്രിൽ മെഷീൻ ഉപയോഗിച്ച് ഡ്രം പൊളിച്ചാണ് ശരീരഭാഗങ്ങൾ പുറത്തെടുത്തത്. കൊല്ലപ്പെട്ട് 14 ദിവസത്തിന് ശേഷമായിരുന്നു സൗരഭിന്റെ മൃതദേഹം കണ്ടെടുത്തത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.