സാമ്പത്തിക തട്ടിപ്പ്: പ്രവാസികളിൽനിന്ന് 400 കോടി, ഏറെയും മലയാളികൾ; പോലീസും മലയാളികളും തിരയുന്നയാൾ UAE ജയിലിൽ
ഷാർജ/കൽപ്പറ്റ: സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കേരള പോലീസ് തിരയുന്ന മലയാളി യു.എ.ഇ. സെൻട്രൽ ജയിലിൽ. തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശി ഷിഹാബ് ഷാ ആണ് അൽ ഐൻ ജയിലിൽ കഴിയുന്നത്. സാമ്പത്തിക തട്ടിപ്പു കേസിൽ തന്നെയാണ് യു.എ.ഇ. പോലീസും അറസ്റ്റ് ചെയ്തിരിക്കുന്നത്.
.
വയനാട്ടിലെ കെൻസ ഹോൾഡിങ്, കെൻസ വെൽനസ് ഉടമയാണ് ഷിഹാബ് ഷാ. അർമാനി ക്ലിനിക്, അർമാനി പോളി ക്ലിനിക് എന്നിവയുടെ മറവിലായിരുന്നു ദുബായിലെ തട്ടിപ്പ്. 400 കോടിയോളം രൂപയാണ് ഇയാൾ ഒട്ടേറെ പേരിൽനിന്ന് തട്ടിയെടുത്തത്. ആഡംബര വില്ലകൾ, റിസോർട്ട് ആശുപത്രി എന്നിവയുടെ മറവിലായിരുന്നു തട്ടിപ്പ്.
ദുബായ്, ഷാർജ, അജ്മാൻ, അബുദാബി അടക്കമുള്ള സ്ഥലങ്ങളിലും ജോർജിയ പോലുള്ള രാജ്യങ്ങളിലെ ആളുകളേയും ഇയാൾ തട്ടിപ്പിനിരയാക്കിയതായാണ് വിവരം. ഫെബ്രുവർ 17-ന് ഷാർജയിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. തുടർന്ന് അബുദാബിക്ക് കൈമാറുകയായിരുന്നു. നിലവിൽ അബുദാബിയിലെ അൽ ഐൻ സെൻട്രൽ ജയിലിലാണ് ഷിഹാബ് ഷാ കഴിയുന്നതെന്നാണ് വിവരം.
.
യു.എ.ഇയിൽ നടത്തിയിട്ടുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പ്രവാസി മലയാളികളും സ്വദേശികളും തട്ടിപ്പിനിരയായിട്ടുണ്ട്. വയനാട്, ഇടുക്കിഎന്നിവിടങ്ങളിൽ നിർമ്മാണത്തിലിരിക്കുന്ന വില്ലകൾ കാണിച്ച് നിക്ഷേപം സ്വീകരിക്കുക, ഇടയ്ക്കുവെച്ച് ആ പദ്ധതി ഉപേക്ഷിച്ച് അതേ സ്ഥലത്ത് മറ്റൊരു പദ്ധതി പ്രഖ്യാപിച്ച് അതിലേക്ക് നിക്ഷേപം സ്വീകരിക്കുക എന്നതായിരുന്നു തട്ടിപ്പിന്റെ രീതി. യു.എ.ഇയിലെ മലയാളി സമൂഹത്തിൽനിന്ന് മാത്രം 200 കോടിയോളം രൂപ തട്ടിച്ചിട്ടുണ്ടെന്നാണ് വിവരം.
.
വയനാട്ടിലെ തട്ടിപ്പിന്റെ ഇരകൾ പ്രവാസി മലയാളികൾ
വയനാട്ടിലെ പദ്ധതികളുടെ പേരിൽ തട്ടിപ്പിനിരയാക്കപ്പെട്ടവരിൽ ഏറെയും പ്രവാസി മലയാളികൾ തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട കേസിൽ കേരള പോലീസ് നാളുകൾക്ക് മുമ്പേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷം ഷിഹാബ് ഷാ കേരളത്തിലേക്ക് വന്നിട്ടില്ല.
2015-ലാണ് ബാണാസുര സാഗർ ഡാമിന് സമീപത്ത് റോയൽ മെഡോസ് എന്ന ടൂറിസം പദ്ധതി പ്രഖ്യാപിച്ച് നിക്ഷേപം സ്വീകരിക്കുന്നത്. ഡാമിന് സമീപത്ത് വില്ലകൾ പണിത് കമ്പനി തന്നെ അവ വാടകക്കെടുത്ത് നിക്ഷേപകർക്ക് 25,000 രൂപ പ്രതിമാസം നൽകുമെന്നായിരുന്നു വാഗ്ദാനം. ഇത്തരത്തിൽ 40 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെ ഓരോ വില്ലകൾക്കും വേണ്ടി മലയാളി പ്രവാസികൾ നിക്ഷേപിച്ചു. പിന്നീട് ഇവിടെ ടൂറിസം പദ്ധതി നടപ്പായില്ല. വില്ലകൾ പണിതു. പക്ഷെ, പദ്ധതി നടപ്പിലാകാതെ മൂന്നര സെന്റ് സ്ഥലവും ഒരു വില്ലയും കിട്ടിയതു കൊണ്ട് പ്രവാസികൾക്ക് പ്രത്യേകിച്ച് പ്രയോജനവും ഉണ്ടായിരുന്നില്ല. ഇതിനെത്തുടർന്ന് ഇവരിൽ പലരും കേസിന് പോയി.
.
2019-ൽ വീണ്ടും ഇതേസ്ഥലത്ത് മറ്റൊരു പദ്ധതിയുമായി ഇയാൾ രംഗത്ത് വന്നു. ആയുർവേദ ആശുപത്രി തുടങ്ങുന്നുവെന്ന് പറഞ്ഞ് പുതിയൊരു പദ്ധതി പ്രഖ്യാപിച്ചു. ഇതിലേക്കും നിക്ഷേപം സ്വീകരിച്ചു. ഇതിന് വേണ്ടി രണ്ട് കെട്ടിടങ്ങൾ നിർമ്മിച്ചു. എന്നാൽ, ഇത് പൂർണ്ണമായും വയനാട്ടിലെ ദുരന്തനിവാരണ അതോറിറ്റിയുടെ നിർമ്മാണ നിയന്ത്രണങ്ങൾ ലംഘിച്ചു കൊണ്ടുള്ള കെട്ടിടങ്ങളായിരുന്നു. അതുകൊണ്ട് തന്നെ കെട്ടിടങ്ങൾക്ക് നമ്പർ പോലും ലഭിച്ചില്ല. പഞ്ചായത്ത് കെട്ടിടങ്ങളുടെ ഒക്ക്യുപൻസി സർട്ടിഫിക്കറ്റ് റദ്ദു ചെയ്യുകയും ചെയ്തു. ആ പദ്ധതിയും അങ്ങനെ മുടങ്ങി.
ഈ രണ്ട് പദ്ധതികളിലായി പണം നിക്ഷേപിച്ച പ്രവാസികളും തട്ടിപ്പിനിരയായി. അവർ നൽകിയ സിവിൽ കേസുകൾ പലതും സുൽത്താൻ ബത്തേരി, കൽപ്പറ്റ കോടതികളിലും നിലവിലുണ്ട്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.