ആശ പ്രവർത്തകരുടെ സമരത്തിന് പിന്നിലും ജമാഅത്തെ ഇസ്ലാമിയും, എസ്.ഡി.പി.ഐയും-എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ സമരമല്ല, സമരം കൈകാര്യം ചെയ്യുന്നവരാണ് പ്രശ്നമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സമരം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
സമരം രാഷ്ട്രീയപ്രേരിതമാണ്. സമരമല്ല പ്രശ്നം, ആ സമരം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന ചില ആളുകളുണ്ട്. എസ്.യു.സി.ഐ, ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ളവർ. അവരെയാണ് ഞങ്ങൾ എതിർക്കുന്നത്. അല്ലാതെ ആശാ വർക്കർമാരോട് ഞങ്ങൾക്ക് എന്താ വിരോധം? ഞങ്ങളുടെ വർഗമല്ലേ… -എം.വി. ഗോവിന്ദൻ പറഞ്ഞു.
.
36 ദിവസമായി നടന്ന രാപ്പകൽ സമരം സർക്കാർ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധം നടത്തിയ ആശാ വർക്കാർമാർ നിരാഹാര സമരം ആരംഭിക്കുന്നു. സമരത്തിന്‍റെ മൂന്നാം ഘട്ടമെന്നോണം വ്യാഴാഴ്ച മുതലാണ് അനിശ്ചിതകാല നിരാഹാരം ആരംഭിക്കുന്നത്. മൂന്ന് മുൻനിര നേതാക്കൾ അനിശ്ചിതകാലത്തേക്ക് സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരമിരിക്കുമെന്നാണ് പ്രഖ്യാപിച്ചത്.
.
ഇന്ന് രാവിലെയാണ് ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആശമാർ ഉപരോധ സമരത്തിൽ പങ്കെടുക്കാനെത്തി. സെക്രട്ടേറിയറ്റിന് സുരക്ഷയൊരുക്കി വൻ പൊലീസ് സന്നാഹവുമുണ്ടായിരുന്നു.
രാവിലെ 10ന് തന്നെ സമരവേദിയിൽ നിന്ന് ജാഥയായി സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിലേക്കെത്തിയ ആശ വർക്കർമാർ ഉപരോധ സമരത്തിന് തുടക്കം കുറിച്ചു. വേനലിന്റെ കാഠിന്യത്താൽ എട്ടോളം ആശ വർക്കർമാർ കുഴഞ്ഞുവീണു. ഏഴുപേരെ ആംബുലൻസിലും ഒരാളെ ഓട്ടോറിക്ഷയിലും ആശുപത്രിയിലെത്തിച്ചു.
.
പ്രകടനമായി ആശാവർക്കർമാർ എത്തിയതിനെ തു ടർന്ന് സെക്രട്ടറിയേറ്റ് പരിസരം പൊലീസ് അടച്ചുപൂട്ടി. വിവിധ ജില്ലകളിൽ നിന്നുള്ള ആശമാരാണ് സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പങ്കെടുക്കാനെത്തിയിട്ടുള്ളത്. പ്രധാന ഗേറ്റിൽ എല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നൂറ് കണക്കിന് പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. റോഡില്‍ കിടന്നാണ് ആശ പ്രവര്‍ത്തകരുടെ പ്രതിഷേധം.
.
അതേ സമയം, ആശമാരുടെ സമരം അവസാനിപ്പിക്കാൻ ആശമാർ തന്നെ വിചാരിക്കണം എന്നായിരുന്നു എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്റെ പ്രതികരണം. സർക്കാരുമായി ചർച്ചയുണ്ടാകില്ലെന്ന് ഞങ്ങൾ പറയുന്നില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. കേന്ദ്രസർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സംസ്ഥാനസർക്കാർ എങ്ങനെ ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യങ്ങൾ ആശമാരെ ബോധ്യപ്പെടുത്തിയാൽ പോലും അവർക്കത് മനസിലാകുന്നില്ല. അത് അംഗീകരിക്കാനും അവർ തയാറാവുന്നില്ല. സമരത്തിന് പിന്നിൽ മറ്റാരോ ആണെന്നും അതുകൊണ്ടാണങ്ങനെ സംഭവിക്കുന്നതെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
ഉപരോധം നടക്കുന്നതിനിടെ ആശമാർക്ക് ഓണറേറിയം ലഭിക്കുന്നതിന് നിശ്ചയിച്ചിരുന്ന പത്ത് മാനദണ്ഡങ്ങൾ പിൻവലിച്ചതായി സർക്കാർ ഉത്തരവിറങ്ങി. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.