‘ആത്മഹത്യ എന്ന് ഒറ്റയടിക്ക് എഴുതിത്തള്ളേണ്ട’: വിദ്യാർഥിനിയും യുവാവും മരിച്ചസംഭവത്തിൽ വിശദീകരണം നൽകണമെന്ന് കോടതി
കൊച്ചി: കാസർകോട് പൈവളിഗെയിൽനിന്ന് കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയും ടാക്സി ഡ്രൈവറും മരിച്ച സംഭവത്തിൽ പോലീസിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ എന്നാണ് പോലീസ് അന്വേഷണം നടത്തിയതെന്നും സംഭവത്തിൽ പോക്സോ കേസ് ചുമത്തി അന്വേഷണം വേഗത്തിൽ നടത്തണമായിരുന്നുവെന്നും ഹൈക്കോടതി വിമർശിച്ചു.
.
പത്താംക്ലാസ് വിദ്യാർഥിനിയെയും വിദ്യാർഥിനിയെ കടത്തിക്കൊണ്ടുപോയെന്നു കരുതുന്ന ടാക്സി ഡ്രൈവർ പ്രദീപിനെയും രണ്ട് ദിവസം മുമ്പാണ് വീടിന് സമീപത്തെ കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരത്തിന്റെ ഒരേ ചില്ലയിൽ തൂങ്ങിമരിച്ച ഇരുവരുടെയും മൃതദേഹം ജീർണിച്ച നിലയിലായിരുന്നു.
സംഭവത്തിൽ പോലീസിനെതിരേ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നത്. കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച നേരിട്ട് ഹാജരാകണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. കോടതി നിർദ്ദേശത്തെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ നേരിട്ടെത്തി കേസ് ഡയറി സമർപ്പിച്ചു.
.
കേസ് ഡയറി പരിശോധിച്ചതിൽനിന്നും അന്വേഷണം മോശമായ രീതിയിൽ അല്ല നടന്നിട്ടുള്ളത് എന്ന് മനസിലായെന്നും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം.ബി. സ്നേഹലത എന്നിവരുടെ ഡിവിഷൻ ബെഞ്ച് പറഞ്ഞു. കുട്ടിയെ നഷ്ടപ്പെട്ട കുടുംബത്തിന് വേറെ ആരുമില്ല എന്ന് തോന്നാതിരിക്കാൻ കൂടിയാണ് ഇടപെടുന്നതെന്നും കോടതി പറഞ്ഞു. ആത്മഹത്യ എന്ന് ഒറ്റയടിക്ക് എഴുതിത്തള്ളേണ്ടതില്ലെന്നും കൊലപാതകം അടക്കം എല്ലാ സാധ്യതകളും പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
.
മരിച്ച പെൺകുട്ടിയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കണ്ടെത്താൻ എന്തുകൊണ്ട് വെെകിയെന്നും പെൺകുട്ടിയുടെ ഫോൺ രേഖകൾ എപ്പോഴാണ് പരിശോധിച്ചതെന്നും കോടതി ചോദിച്ചു. ഫെബ്രുവരി 12-നു പുലർച്ചെ കാണാതായ പെൺകുട്ടിക്കുവേണ്ടി പോലീസ് നായയെ ഉപയോഗിച്ചുള്ള പരിശോധന നടത്തിയത് ഫെബ്രുവരി 19-നാണ്. പോലീസ് നായയെ ഉപയോഗിച്ചുള്ള പരിശോധന നടത്താൻ എന്തുകൊണ്ട് വൈകിയെന്നും പോക്സോ കേസായി കണക്കാക്കി കേസ് അന്വേഷണം വേഗത്തിൽ നടത്താമായിരുന്നില്ലേയെന്നും കോടതി പോലീസിനെതിരേ വിമർശനം ഉന്നയിച്ചു.
.
പെൺകുട്ടിക്ക് 15 വയസ് മാത്രമേ ഉള്ളു എന്നതിനാൽ പോക്സോ കേസെന്ന ദിശയിൽ അന്വേഷിക്കാമായിരുന്നു എന്നും കോടതി അഭിപ്രായപ്പെട്ടു. 18 വയസിൽ താഴെയുള്ള ആൺകുട്ടിയേയോ പെൺകുട്ടിയേയോ സംബന്ധിച്ചുള്ള കേസുകളിൽ എപ്പോഴും പോക്സോ എന്നത് മനസിലുണ്ടാവണം. കുറ്റം ചുമത്തുന്നത് ഉൾപ്പെടെ തെളിവുകളുടെ അടിസ്ഥാനത്തിലാവാം. അതുപോലെ, ഒരു പെൺകുട്ടിയേയോ സ്ത്രീയെയോ കാണാതായാൽ പെട്ടെന്ന് തന്നെ നടപടികൾ കൈക്കൊള്ളണം. ശരിയാണോ തെറ്റാണോ തുടങ്ങിയ കാര്യങ്ങളൊക്കെ പിന്നീട് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.
ഫെബ്രുവരി 12-നു പുലർച്ചെയാണ് പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ പെൺകുട്ടി വീടിന്റെ പിൻവാതിൽ തുറന്നു പുറത്തേക്കുപോയി എന്നായിരുന്നു രക്ഷിതാക്കളുടെ മൊഴി. മൊബൈൽ ഫോണും പെൺകുട്ടിയുടെ കൈയിലുണ്ടായിരുന്നു. ആദ്യം ഫോണിൽ ബെൽ അടിച്ചിരുന്നെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. പിന്നീട് മൊബൈൽ ടവർ ലൊക്കേഷൻ അനുസരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.