പാതിവില തട്ടിപ്പ്: ആനന്ദകുമാർ കസ്റ്റഡിയിൽ; സ്റ്റേഷനിൽ ദേഹാസ്വാസ്ഥ്യം, ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആനന്ദകുമാറിന്റെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടെന്നും ചികിത്സയിലാണെന്നും പറഞ്ഞതിനെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ആനന്ദകുമാറിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്. ആനന്ദകുമാര്‍ ദേശീയ ചെയര്‍മാന്‍ ആയ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പു നടന്നിരിക്കുന്നത്.
.
ആനന്ദകുമാറിനെതിരെ കണ്ണൂര്‍ സിറ്റി പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. തിങ്കളാഴ്ചയായിരുന്നു ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാദംകേട്ടത്. ആനന്ദകുമാറിനെതിരെ തിരുവനന്തപുരത്തും കേസുകളും പരാതികളും നിലനില്‍ക്കുന്നുണ്ട്.
ഏത് കേസില്‍ ആദ്യം അറസ്റ്റ് രേഖപ്പെടുത്തണമെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. പാതിവില തട്ടിപ്പ് കേസില്‍ അന്വേഷണത്തിനായി എറണാകുളം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് എസ്പി എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനുമായി ആലോചിച്ചശേഷമാണ് ഏത് കേസില്‍ അറസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുക.
.
തിങ്കളാഴ്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ തനിക്ക് പാതിവില തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ട്രസ്റ്റിലേക്കാണ് തുക എത്തിയതെന്നും ഒരു തുകപോലും താന്‍ എടുത്തിട്ടില്ലെന്നുമുള്ള വാദമാണ് ആനന്ദകുമാര്‍ മുന്നോട്ട് വെച്ചത്.
എന്നാല്‍, തട്ടിപ്പിനേക്കുറിച്ച് മുന്‍കൂട്ടി എല്ലാ അറിവും ആനന്ദകുമാറിനുണ്ടായിരുന്നു എന്നാണ് പോലീസ് വാദിച്ചത്. പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് നാല് തവണയാണ് ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി കോടതി മാറ്റിയത്. പിന്നീട് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച കോടതി ഹര്‍ജി പരിഗണിക്കുകയായിരുന്നു.
.
മുഖ്യപ്രതിയായ അനന്തുകൃഷ്ണനില്‍നിന്ന് ആനന്ദ കുമാര്‍ ഓരോ മാസവും പണം കൈപ്പറ്റിയിരുന്നുവെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ആനന്ദ കുമാറിന്റെ നിര്‍ദേശപ്രകാരമാണ് എന്‍ജിഒ കോണ്‍ഫെഡറേഷന്‍ രൂപീകരിച്ചതെന്ന് അനന്തു പറഞ്ഞിരുന്നു. തൊടുപുഴ സ്വദേശിയായ അനന്തുകൃഷ്ണന്‍ മാത്രമല്ല തട്ടിപ്പിനു പിന്നിലെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഇതിന്റെ പിന്നിലെ ബുദ്ധികേന്ദ്രം ആരാണെന്നും ആസൂത്രണം നടത്തിയത് ആരെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.
.
സംസ്ഥാനത്ത് ഒട്ടാകെ സീഡ് സൊസൈറ്റികള്‍ രൂപീകരിച്ചു വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചു പകുതി വിലയ്ക്ക് വാഹനങ്ങള്‍, ലാപ്‌ടോപ്, തയ്യല്‍ മെഷീന്‍, രാസവളം എന്നിവ നല്‍കാമെന്നു പറഞ്ഞാണ് തട്ടിപ്പു നടത്തിയിരിക്കുന്നത്. അനന്തുകൃഷ്ണന്റെ ഇരുപതോളം ബാങ്ക് അക്കൗണ്ടുകള്‍ വഴി 500 കോടിയോളം രൂപയുടെ ഇടപാട് നടന്നുവെന്നാണു കരുതുന്നത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.