‘മീനച്ചിലിൽ 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു; 24 വയസിനു മുമ്പ് അവരെ കല്യാണം കഴിപ്പിക്കണം’- വീണ്ടും വിവാദ പ്രസ്താവനയുമായി പി.സി. ജോർജ്
കോട്ടയം: മത വിദ്വേഷ പരാമർശത്തിൽ ജാമ്യത്തിൽ കഴിയുന്നതിനിടെ വീണ്ടും പി.സി. ജോർജിന്റെ വിവാദ പ്രസംഗം. കേരളത്തിൽ ലൗ ജിഹാദ് വർധിക്കുന്നുവെന്നാണ് ജോർജിന്റെ ആരോപണം. പാലായിൽ നടന്ന ലഹരി വിരുദ്ധ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികൾ 24 വയസിനു മുൻപു പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയാറാകണം. യാഥാർഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നും പി.സി. ജോർജ് പ്രസംഗിച്ചു. പാലായിൽ നടന്ന ലഹരി വിരുദ്ധ സമ്മേളനത്തിലായിരുന്നു ജോർജിന്റെ പരാമർശം.
.
ഇന്നലെയും 25 വയസുള്ള ഒരു കൊച്ചിനെ കാണാതായി. 25 വയസു വരെ ആ പെൺകുട്ടിയെ കെട്ടിച്ചുവിടാത്ത അപ്പനിട്ടാണ് അടികൊടുക്കേണ്ടത്. ചർച്ച ചെയ്യേണ്ട വിഷയമാണിത്. എന്തിനാണ് 25ഉം 30ഉം വയസു വരെ പെൺകുട്ടികളെ കെട്ടിക്കാതെ വെക്കുന്നത്. 24 വയസാകുമ്പോഴേക്കും പെൺകൊച്ചുങ്ങളെ കെട്ടിച്ചുവിടാനുള്ള മര്യാദ കാണിക്കണം. 25 വയസുള്ള പെൺകുട്ടികളെ കാണുമ്പോൾ എനിക്ക് സന്തോഷം തോന്നും. ആ പെൺകുട്ടിക്ക് ആണുങ്ങളെ കാണുമ്പോഴും സന്തോഷം തോന്നും. ഇത് റിയാലിറ്റിയാണ്. മനുഷ്യസഹജമായ ദൗർബല്യങ്ങളാണ്. ഇതറിയാതെ പോയിട്ട് കാര്യമൊന്നുമില്ല. ”-ഇങ്ങനെയായിരുന്നു പി.സി.ജോർജിന്റെ പ്രസംഗം.
.
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പിടികൂടിയ സ്ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ടെന്നും പി.സി. ജോർജ് പ്രസംഗത്തിൽ പറഞ്ഞു. ‘‘അത് എവിടെ കത്തിക്കാൻ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണ്’’ – ജോർജ് പറഞ്ഞു.
.
ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി.സി. ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തതും പി.സി. ജോർജ് ജയിലിലായതും. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നു. ഇപ്പോൾ അന്താരാഷ്ട്ര വനിത ദിനത്തിന്റെ തൊട്ടുപിന്നാലെയാണ് വിവാദ പ്രസംഗവുമായി പി.സി. ജോർജ് രംഗത്തെത്തിയത് എന്നതും ശ്രദ്ധേയം.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.