30 പവൻ സ്വർണം, വീടിൻ്റെ ആധാരം, 10 ലക്ഷം രൂപ… ഇതൊക്കെ എങ്ങനെ കൊടുക്കും? കൊലപാതകത്തിനു പിന്നിൽ..
വെഞ്ഞാറമൂട്: എല്ലാവരെയും കൊലപ്പെടുത്താൻ ആദ്യം ഇരുമ്പുകമ്പി വാങ്ങാനാണ് ഉദ്ദേശിച്ചതെന്നും കൊണ്ടു നടക്കാൻ എളുപ്പത്തിനാണ് ചുറ്റിക വാങ്ങിയതെന്നും അഫാന്റെ മൊഴി. കൊലപ്പെടുത്തുന്ന രീതിയും മറ്റും ഇന്റർനെറ്റിൽ തിരഞ്ഞിട്ടില്ലെന്നു മൊബൈൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇനി മുന്നോട്ടുപോകാൻ കഴിയാത്തവിധം കടം വന്നതിനാലാണ് കൊലപ്പെടുത്താൻ ഇപ്പോൾ തന്നെ തീരുമാനിച്ചത്. അമ്മ ഷെമി, സഹോദരിയുടെ കയ്യിൽനിന്ന് 30 പവൻ സ്വർണം വാങ്ങി പണയംവച്ചിരുന്നു. അവരുടെ വീടിന്റെ ആധാരവും വാങ്ങി പണയംവച്ചു. അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇതെല്ലാം തിരികെ നൽകണമായിരുന്നു. അതിന് ഒരു മാർഗവുമില്ല. ഇതിനുപുറമെ, പിതാവിന്റെ സഹോദരന്റെ കയ്യിൽനിന്നും 10 ലക്ഷം രൂപ വാങ്ങിയെന്നും പ്രതി അഫാൻ തെളിവെടുപ്പിനിടെ മൊഴി നൽകി.
ദിവസവും പലിശ നൽകുന്ന രീതിയിൽ ബ്ലേഡ് പലിശക്കാരിൽനിന്നാണ് കൂടുതൽ പണവും വാങ്ങിയതെന്നും അന്വേഷണസംഘത്തിന് നൽകിയ മൊഴിയിലുണ്ട്. അഫാൻ രണ്ടര ലക്ഷത്തിന്റെ ബൈക്കും പിന്നീട് കാറും വാങ്ങിയതോടെയാണ് കടം നൽകിയവർ സമ്മർദം ചെലുത്തിയത്. സുഹൃത്ത് ഫർസാനയിൽനിന്നു വാങ്ങിയ മാല ഫർസാനയും തിരികെ ചോദിച്ചിരുന്നു. പിതാവ് അറിയാതെയാണ് ഫർസാന അഫാന് മാല കൈമാറിയത്. പിതാവ് കണ്ടുപിടിക്കുമെന്ന് പറഞ്ഞാണ് ഫർസാന സമ്മർദം ചെലുത്തിയത്.
.
അഫാൻ പറഞ്ഞ 70 ലക്ഷത്തിന്റെ കടം അന്വേഷണസംഘവും സ്ഥിരീകരിച്ചു. അഫാന്റെയും ഷെമിയുടെയും മൊബൈലിൽനിന്നാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. ഷെമി ചിട്ടി നടത്തിയും സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നാണ് വിവരം. എന്നാൽ അഫാന്റെ പിതാവ് ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, അഫാന്റെ പിതാവ് കുറച്ചു പണം നാട്ടിലേക്ക് അയച്ചുവെന്നാണ് മൊഴി നൽകിയത്. എന്നാൽ ബാങ്ക് രേഖകളിൽ ഇതു കാണുന്നില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.
.
തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനു മുൻപ് , രാവിലെ അഫാൻ സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു. തുടർന്ന് കല്ലറ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മണിക്കൂർ കഴിഞ്ഞ് തിരികെ സ്റ്റേഷനിൽ എത്തിച്ചു. പിന്നീട്, വൈകിട്ട് 4നാണ് തെളിവെടുപ്പിനായി പുറത്തിറക്കിയത്. ഇന്നു രാവിലെ വെഞ്ഞാറമൂട് ധനകാര്യ സ്ഥാപനത്തിലും ചുറ്റിക, ബാഗ് എന്നിവ വാങ്ങിയ കടകളിലും എത്തിച്ചു തെളിവെടുപ്പു നടത്തി.
.
മാനസികനില പരിശോധനയ്ക്ക് ഡിഎംഒയ്ക്ക് കത്ത്
തെളിവെടുപ്പ് പൂർത്തിയാക്കി അഫാനെ ജയിലിലേക്ക് മടക്കിയയച്ച ശേഷം വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അഫാന്റെ മാനസികനില വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഡിഎംഒയ്ക്ക് ഉടൻ കത്തുനൽകും. ഡോക്ടർമാരുടെ സംഘത്തെ രൂപീകരിച്ചാൽ ഇക്കാര്യം കോടതിയിൽ അറിയിച്ച് അഫാനെ വീണ്ടും പുറത്തിറക്കാനാണ് പൊലീസ് തീരുമാനം.
പൊറോട്ടയും ചിക്കനും വേണമെന്ന്അഫാൻ; വാങ്ങിനൽകി പൊലീസ്
പ്രതി അഫാൻ പാങ്ങോട് സ്റ്റേഷനിൽ ഭക്ഷണം കഴിക്കുന്നതിനു വിമുഖത പ്രകടിപ്പിച്ചു. ഭക്ഷണം കഴിക്കുന്നതിൽ എന്താണ് പ്രശ്നം എന്നു പൊലീസ് ചോദിച്ചപ്പോൾ താൻ വൈകിട്ട് പൊറോട്ടയും ചിക്കനും മാത്രമാണ് കഴിക്കുന്നതെന്നും മറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നതിനു ബുദ്ധിമുട്ട് ഉണ്ടെന്നും പറഞ്ഞു. തുടർന്ന് അഫാന്റെ ഇഷ്ട ഭക്ഷണങ്ങൾ പൊലീസ് വാങ്ങി നൽകി.
രാത്രി കിടക്കുന്നതിനു വേണ്ടി പേപ്പറുകൾ നൽകിയിരുന്നു. ഇതിൽ കഴിഞ്ഞ ദിവസത്തെ പത്രവും ഉണ്ടായിരുന്നു. ലഭിച്ച പത്രം മുഴുവൻ അഫാൻ വായിച്ചു തീർത്തു. തുടർന്ന് പത്രം പൊലീസ് തിരികെ വാങ്ങി. തനിക്ക് വെറും തറയിൽ കിടക്കാൻ കഴിയില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് പൊലീസ് സെല്ലിൽ കിടക്കുന്നതിനുള്ള പായ സംഘടിപ്പിച്ചു നൽകി.
.
സുരക്ഷാ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു
അഫാന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന പൊലീസുകാരിൽ ഒരാൾ ഇന്നലെ രാവിലെ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു. അഫാനെ പാർപ്പിച്ചിരുന്ന സെല്ലിനു മുന്നിൽ 3 പൊലീസുകാർക്കാണ് സുരക്ഷാ ചുമതല നൽകിയിരുന്നത്. അഫാൻ രാത്രിയിൽ കുറച്ചുമാത്രമേ ഉറങ്ങിയുള്ളു. തുടർച്ചയായ ഡ്യൂട്ടിയിൽ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു. തുടർന്ന് ഇയാളെ കല്ലറ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെളിവെടുപ്പ് തുടങ്ങി ; നിർവികാരനായി അഫാൻ
കൂട്ടക്കൊലയ്ക്കായി ചുറ്റിക വാങ്ങിയ കടയിലേക്ക് തെളിവെടുപ്പിനെത്തിച്ചപ്പോൾ വെഞ്ഞാറമൂട്ടിലെ കടയുടമ അഫാനെ തിരിച്ചറിഞ്ഞു. ശനിയാഴ്ച രാവിലെയാണ് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനുമായി ചുറ്റിക വാങ്ങിയ കടയിൽ പോലീസ് തെളിവെടുപ്പിനെത്തിയത്. കൊലപാതകദിവസം അഫാൻ ഇവിടെയെത്തി ചുറ്റിക വാങ്ങിയതായി കടയുടമ സ്ഥിരീകരിച്ചു. അഫാൻ കൊലപ്പെടുത്തിയ മുത്തശ്ശി സൽമാ ബീവിയുടെ മാല പണയംവെച്ച സ്ഥാപനത്തിലും തെളിവെടുപ്പു നടത്തി. വൻ പോലീസ് സുരക്ഷയിലായിരുന്നു രണ്ടാംദിനവും തെളിവെടുപ്പ്.
തുടർന്ന് ചുറ്റിക ഒളിപ്പിക്കാൻ ബാഗ് വാങ്ങിയ കടയിലെത്തിച്ചു. അവിടെയും കടയുടമ പ്രതിയെ തിരിച്ചറിഞ്ഞു. അഫാനെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് ഈ സ്ഥലങ്ങളിലെല്ലാം ആൾക്കൂട്ടമുണ്ടായിരുന്നു. എന്നാൽ പ്രതിഷേധമോ സംഘർഷമോ ഉണ്ടായില്ല. പോലീസും വൻ സുരക്ഷയാണ് ഒരുക്കിയത്. സംഭവദിവസം ഉച്ചയ്ക്ക് 12 മണിയോടെ, വഴക്കിട്ടശേഷം മാതാവ് ഷെമിയെ ആക്രമിച്ചെന്നും കഴുത്തിൽ ഷാൾ മുറുക്കിയെന്നും അഫാൻ മൊഴിനൽകി. മാതാവ് മരിച്ചെന്നു കരുതിയാണ് വീട് പൂട്ടി ചുറ്റികയും വാങ്ങി നേരെ പാങ്ങോട് എത്തി മുത്തശ്ശി സൽമാ ബീവിയെ കൊന്നതെന്നും അഫാൻ നൽകിയ മൊഴിയിൽ പറയുന്നു.
.
താഴെ പാങ്ങോട് സൽമാ ബീവിയെ കൊലപ്പെടുത്തിയ വീട്ടിലേക്ക് കയറാൻ ആദ്യം അഫാൻ മടിച്ചു. പൊലീസ് പ്രതിയെ നിർബന്ധിച്ച് അകത്തേക്ക് കയറ്റി തെളിവെടുപ്പു നടത്തി. സൽമാ ബീവിയെ ആക്രമിച്ചതും സംഭവം നടന്ന സ്ഥലവും പ്രതി പൊലീസിനു കാണിച്ചുകൊടുത്തു. 20 മിനിറ്റു കൊണ്ടു തെളിവെടുപ്പു പൂർത്തിയാക്കി. ഇയാളെ പഴയ വീട്ടിൽനിന്നും പുറത്തിറക്കി.
5 മണിയോടെ അഫാനെ പേരുമലയിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. പേരുമലയിലെ തെളിവെടുപ്പ് 6 മണിയോടെ പൂർത്തിയായി. ഇന്ന് തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും. ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.മഞജുലാൽ,എസ്എച്ച്ഒമാരായ ജി.ജിനേഷ്, ആർ.പി.അനൂപ്കൃഷ്ണ, ബി.ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പിനു കൊണ്ടു പോയത്.
കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് കെ.ഉവൈസ് ഖാൻ വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാന്റെ വക്കാലത്ത് ഒഴിയാൻ കത്ത് നൽകി. വ്യക്തിപരമായ കാരണങ്ങളാൽ വക്കാലത്ത് ഒഴിയുന്നതായി അറിയിച്ച് നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 2 മുൻപാകെ ഉവൈസ് ഖാൻ ഇന്നലെ കത്ത് നൽകിയത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.