ജോലി കഴിഞ്ഞ് സൈക്കിളിൽ താസമസ്ഥലത്തേക്ക് മടങ്ങവേ വാഹനാപകടം; മലയാളി റിയാദിൽ മരിച്ചു, ഇടിച്ച വാഹനത്തിനായി അന്വേഷണം ആരംഭിച്ചു
റിയാദ്: ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് സൈക്കിളിൽ മടങ്ങവേ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി റിയാദിൽ മരിച്ചു. തിരുവനന്തപുരം കണിയാപുരം സ്വദേശി മെക്ക് മൻസിലിൽ സുധീർ (48) ആണ് മരിച്ചത്. റിയാദ് വാദി ലബനിൽ എക്സിറ്റ് 33 ലെ നജ്റാൻ സ്ട്രീറ്റിൽ ഈ മാസം ആറിന് പുലർച്ചെ ഒന്നരയ്ക്കും 2.15 നും ഇടയിലാണ് അപകടം നടന്നത്.
ഡി.എച്ച്.എൽ കമ്പനിയുടെ വാദി ലബൻ ബ്രാഞ്ചിലെ സൂപ്പർവൈസറായ സുധീർ ജോലി കഴിഞ്ഞ് സമീപത്തുള്ള താമസസ്ഥലത്തേക്ക് സൈക്കിളിൽ മടങ്ങുകയായിരുന്നു. ഇതിനിടെ പിന്നിൽ നിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടം വരുത്തിയ വാഹനം നിർത്താതെ പോയി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഗുരുതരമായി പരിക്കേറ്റ സുധീറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിച്ചു. മൃതദേഹം കിംഗ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികൾ കമ്പനി ആരംഭിച്ചിട്ടുണ്ട്.
രണ്ട് വർഷമായി ഡി.എച്ച്.എൽ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു സുധീർ. അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഇബ്രാഹിം കുഞ്ഞ്, സുലൈഖ ബീവി എന്നിവരാണ് മാതാപിതാക്കൾ.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.