‘എൻ്റെ മകൻ ജയിലിൽ കഴിയുന്നതിൽ ഒരമ്മ എന്നനിലക്ക് എനിക്ക് സഹിക്കാൻ പറ്റുന്നില്ല’; കുത്തിപ്പരിക്കേൽപ്പിച്ചിട്ടും അമ്മയുടെ ഈ വാക്കുകൾ പരിഗണിച്ച് മകന് ജാമ്യം നൽകി ഹൈക്കോടതി
കൊച്ചി: മകൻ ജയിലിൽ കഴിയുന്നത് സഹിക്കാൻ പറ്റുന്നില്ല എന്ന് മാതാവ് കോടതിയിൽ അറിയിച്ചതോടെ 25കാരന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. പുതുവത്സരാഘോഷത്തിന് പണം നൽകാത്തതിനായിരുന്നു സമ്മിൽ എന്ന 25കാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചത്. മകന്റെ ആക്രമണത്തിൽ തലയിലും മുഖത്തും മാരകമായി അമ്മയ്ക്ക് പരിക്കേറ്റിരുന്നു. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. ജയിലിൽ കഴിഞ്ഞ മകൻ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ്, അമ്മയുടെ വികാരപരമായ സത്യവാങ്മൂലവും, ഇത് പരിഗണിച്ചുള്ള ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ അടങ്ങിയ ഉത്തരവും.
.
‘ഇത് ദൗർഭാഗ്യവതിയായ ഒരമ്മയുടെ കണ്ണീരിൽ കുതിർന്ന വാക്കുകളാണ്. ആ അമ്മയുടെ ശരീരത്തിലേറ്റ മുറിവുകൾ ഇപ്പോഴും ഉണങ്ങിക്കാണില്ല. പക്ഷേ അവർക്ക് മകനോടുള്ള സ്നേഹം മുറിവുകളെ പോലും മറികടക്കുന്നു… എപ്പോഴും ശോഭിക്കുന്ന പനിനീർ പൂക്കളെ പോലെയാണ് അമ്മമാരുടെ സ്നേഹം. ഈ അമ്മയുടെ മാനസികാവസ്ഥ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. മകനെ തടവിലിട്ട് അമ്മയുടെ മാനസികാവസ്ഥ കൂടുതൽ വഷളാക്കേണ്ടതില്ല.” ഹൈക്കോടതി നിരീക്ഷിച്ചു.
‘രാജ്യത്ത് യുവാക്കളുടെ മാനസികാവസ്ഥ അങ്ങേയറ്റം ആശങ്കാജനകവും അതിശയകരവുമാണ്. പുതുവത്സരാഘോഷത്തിന് പണം നൽകാൻ വിസമ്മതിച്ച സ്വന്തം മാതാവിനെ മകൻ ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുന്നു. അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവൻ എന്നൊരു പ്രയോഗമുണ്ട് മലയാളത്തിൽ..’ – കോടതി നിരീക്ഷിച്ചു.
.
ഇത് ഒരമ്മയുടെ സങ്കടം നിറഞ്ഞ കഥയാണ്. 25 വയസ്സുള്ള മകൻ അമ്മയിൽ നിന്ന് പുതുവത്സരാഘോഷത്തിന് പണം ആവശ്യപ്പെടുന്നു. പണം നിരസിച്ച ആ അമ്മയാണ് ഈ കേസിലെ ഇര. പണം നൽകാത്ത ദേഷ്യത്തിൽ പുറത്തുപോയി കത്തി വാങ്ങി വന്ന മകൻ അമ്മയെ തലയിലും മുഖത്തും കയ്യിലും കുത്തിപ്പരിക്കേൽപ്പിച്ചു.
യുവാക്കളെ, യുവതലമുറയെ ആക്ഷേപിക്കുന്നതിൽ അർത്ഥമില്ല. സമൂഹവും രക്ഷിതാക്കളും അവരെ എപ്പോഴും നിരീക്ഷിക്കണം. നല്ല കൂട്ടുകൂട്ട് തന്നെയാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. യുവാവിന് ജാമ്യം നൽകിക്കൊണ്ട് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്‌ണൻ ഉത്തരവിൽ പറയുന്നു.
.
ജനുവരി മുതൽ ജയിലിൽ ആണെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ പരാതി ഇല്ലെന്ന് മാതാവ് പറഞ്ഞാൽ മാത്രമേ, ജാമ്യം അനുവദിക്കൂ എന്ന് കോടതി നിലപാടെടുത്തു. തുടർന്ന് ജാമ്യം അനുവദിക്കുന്നതിന് എതിർപ്പില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ സത്യവാങ്മൂലം ഫയൽ ചെയ്തു. ഇക്കാര്യം സൂക്ഷ്മമായി പരിശോധിക്കാനെത്തിയ അന്വേഷണ ഉദ്യോഗസ്ഥനോട് അമ്മ പറഞ്ഞ വാക്കുകൾ ആണ് കോടതിയും പരിഗണിച്ചത്: ‘എൻറെ മകൻ ജയിലിൽ കഴിയുന്നതിൽ ഒരു അമ്മ എന്ന നിലയ്ക്ക് എനിക്ക് സഹിക്കാനാവുന്നില്ല’. മാതാവ് എന്തെങ്കിലും പരാതികൾ ഉന്നയിച്ചാൽ ബന്ധപ്പെട്ട കോടതിക്ക് ജാമ്യം റദ്ദാക്കാമെന്നും ഉത്തരവിലുണ്ട്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.