കോഴിക്കോട് പൊലീസ് പെട്രോളിങ്ങിനിടെ എംഡിഎംഎ പൊതി വിഴുങ്ങിയയാള്‍ മരിച്ചു; രണ്ടുവര്‍ഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് നാട്ടുകാര്‍
കോഴിക്കോട്: താമരശ്ശേരിയിൽ എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മരണം. താമരശ്ശേരി സ്വദേശി ഇയ്യാടൻ ഷാനിദ് ആണ് മരിച്ചത്. ഇന്നലെ രാവിലെ താമരശ്ശേരി അമ്പായത്തോട് മേലെപള്ളിക്ക് സമീപം പോലീസിന്റെ പെട്രോളിങ്ങിനിടയാണ് യുവാവിനെ പിടികൂടിയത്.
ഇയാളുടെ കൈവശം ഉണ്ടായിരുന്ന രണ്ടു പാക്കറ്റ് എംഡിഎംഎ വിഴുങ്ങി ഓടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെള്ളത്തരികൾ ഉള്ള രണ്ടു കവറുകൾ കണ്ടെത്തി. ഇത് പുറത്ത് എടുക്കാൻ സർജറി വേണമെന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം.
.
എന്നാൽ ഇന്നലെ വൈകീട്ടോടെ യുവാവിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റി. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മരണം. ഷാനിദിനെതിരെ നേരത്തെ താമരശ്ശേരി കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് കേസുകളുണ്ട്.
.
മരിച്ച ഷാനിദ് നാട്ടുകാര്‍ക്ക് സുപരിചിതനായിരുന്നില്ലെന്നാണ് അയാള്‍ താമസിച്ചിരുന്ന വീടിന് സമീപമുള്ളവര്‍ പറയുന്നത്. അമ്പായത്തോട് പാറമ്മല്‍ പള്ളിക്ക് സമീപത്തെ പിതാവിന്റെ വീട്ടില്‍ പിതൃമാതാവിനൊപ്പമായിരുന്നു ഷാനിദ് താമസിച്ചിരുന്നതെന്നാണ് വിവരം. ഷാനിദിന് ലഹരിമരുന്ന് ഉപയോഗം ഉണ്ടായിരുന്നതായി പലപ്പോഴും സംശയം തോന്നിയിട്ടുണ്ടെന്നാണ് അയാളുടെ മുത്തശ്ശി പറയുന്നത്.
.
പലപ്പോഴും രാത്രി ഏറെ വൈകിയാണ് ഷാനിദ് വീട്ടില്‍ എത്തിയിരുന്നത്. വൈകിയതിന്റെ പേരില്‍ ശകാരിക്കാറുണ്ടായിരുന്നെങ്കിലും തിരിച്ച് ദേഷ്യപ്പെടുകയോ കയര്‍ത്ത് സംസാരിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. വീട്ടില്‍ ഇതുവരെ ലഹരി വസ്തുകള്‍ കൊണ്ടുവരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മുത്തശ്ശി പറഞ്ഞു.
അതേസമയം, രണ്ട് വര്‍ഷത്തിലധികമായി ഷാനിദ് ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഷാനിദ് താമസിച്ചിരുന്ന സ്ഥലത്ത് ആളുകളുമായി അയാള്‍ക്ക് കാര്യമായ ബന്ധമുണ്ടായിരുന്നില്ലെന്നും പറയുന്നു. ഇടയ്ക്ക് വരുന്നത് പോകുന്നതും കാണുന്നത് മാത്രമാണ് നാട്ടുകാര്‍ കണ്ടിട്ടുള്ളതെന്നാണ് പരിസരവാസിയായ വ്യക്തി പറഞ്ഞത്. ലഹരിമരുന്നുമായി ബന്ധപ്പെട്ട ആളുകളുടെ സാന്നിധ്യം സംബന്ധിച്ച സംശയം പോലീസില്‍ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
.
ഷാനിദ് സിന്തറ്റിക് ലഹരിയുടെ ഇരയാണെന്നും പോലീസും എക്‌സൈസും കാര്യക്ഷമമായി ഇടപെടല്‍ നടത്തണമെന്നുമാണ് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നത്. ഷാനിദ് ഉള്‍പ്പെടുന്ന കണ്ണിയില്‍ ഇനിയും നിരവധി ആളുകളുണ്ട്. ഇവരെ പുറത്തുകൊണ്ടുവരണം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കുറച്ച് കൂടി കാര്യക്ഷമമായ ഇടപെടന്‍ അത്യാവശ്യമാണെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.