‘അവനൊന്നു വിളിച്ചിരുന്നെങ്കിൽ…’, ജോലി തേടി ഗൾഫിൽ പോയ മലയാളി യുവാവിനെ കാണാതായിട്ട് രണ്ട് വർഷം; കണ്ണീരോടെ കാത്തിരിപ്പിലാണ് വയോധികയായ അമ്മ
പത്തനംതിട്ട: ജോലി തേടി വിസിറ്റിങ് വീസയിൽ വിദേശത്തുപോയ യുവാവിനെ കാണാതായിട്ട് രണ്ട് വർഷം. ഏകമകന്റെ തിരിച്ചു വരവും പ്രതീക്ഷിച്ച് കണ്ണീരോടെ കാത്തിരിപ്പിലാണ് 74 കാരിയായ അമ്മ സാറാമ്മ വർക്കി. തിരുവല്ല മഞ്ഞാടി ചുടുകാട്ടിൽമണ്ണിൽ സാം വർക്കിയെ (48) ആണ് ഷാർജയിലെ അജ്മാനിൽ നിന്നും കാണാതായത്. 2023 മേയ് 5നാണ് സാം നാട്ടിൽ നിന്നു വിദേശത്തേക്ക് പോയത്.
.
ആലപ്പുഴ തലവടി സ്വദേശിയായ ഏജന്റ‍് മുഖേനയായിരുന്നു യാത്ര. ഇതിനായി 1,30,000 രൂപയും നൽകി. ആദ്യത്തെ ഒരു മാസം വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു സാം. ജൂൺ 22ന് ശേഷം യാതൊരു വിവരവും കുടുംബത്തിന് ലഭ്യമായിട്ടില്ല. ആലപ്പുഴ സ്വദേശിയായ ഏജൻറ് മകനെ ചതിക്കുകയായിരുന്നു എന്നാണ് സാറാമ്മ വർക്കി പറയുന്നത്. അജ്മാനിലെത്തിയ സാം ആലപ്പുഴ സ്വദേശിയായ അനീഷ് എന്ന യുവാവിനൊപ്പമാണ് താമസിച്ചിരുന്നത്. മുറിക്ക് പുറത്തേക്ക് പോയശേഷം സാം തിരികെ വന്നിട്ടില്ലെന്നാണ് അനീഷ് അന്ന് അറിയിച്ചത്.
.
ഷാർജയിൽ എത്തിയശേഷം സാംമിന്റെ നിർദ്ദേശപ്രകാരം ഒപ്പം താമസിച്ചിരുന്ന മറ്റൊരു മലയാളിക്ക് കുടുംബം രണ്ടുതവണയായി പണം അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പണം കൈപ്പറ്റിയാണ് ഏജൻറ് സാം വർക്കിയെ ഗൾഫിൽ എത്തിച്ചതെന്ന് സഹോദരി സനു പറഞ്ഞു.
.
യുഎഇയിലെ ഇന്ത്യൻ അംബാസഡറുമായി ബന്ധപ്പെട്ടപ്പോഴും കൃത്യമായ മറുപടി ലഭിക്കാഞ്ഞത് ബന്ധുക്കളെ ആശങ്കയിലാക്കി. തിരുവല്ല ഡിവൈഎസ്പി ഓഫിസിലും പരാതി നൽകി. സാമിനെ കണ്ടെത്തുന്നതിനായുള്ള നിരന്തര പരിശ്രമത്തിനിടെ സാമിന്റെ സഹോദരി സനുവിന് നാട്ടിലെ നഴ്സിങ് ജോലിയും നഷ്ടമായി. ഇന്ത്യൻ എംബസിയിൽ നിന്ന് 6 മാസം മുൻപ് വിളിച്ചിരുന്നതായും സാമിനെക്കുറിച്ച് വിവരം കിട്ടിയാൽ അറിയിക്കാമെന്നും വ്യക്തമാക്കിയതായി സനു പറഞ്ഞു. എന്നാൽ, ഇതുവരെയും പുതിയ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടുമില്ല.
.
സാമിനൊപ്പമുണ്ടായിരുന്ന അനീഷും വിസിറ്റിങ് വീസയിലാണ് വിദേശത്തേക്കെത്തിയത്. ജോലി ലഭിക്കാതിരുന്നതിനെ തുടർന്ന് തിരികെ നാട്ടിലേക്ക് മടങ്ങി. സാമിന്റെ പാസ്പോർട്ട് രേഖകൾ അജ്മാനിലുള്ള അയൽവാസിക്ക് ഇയാൾ കൈമാറി. ഈ രേഖകളും ബന്ധുക്കൾക്ക് ലഭ്യമായിട്ടില്ലെന്ന് പൊതുപ്രവർത്തകരായ വി.ആർ.രാജേഷ്, ഷിബു ഫിലിപ്പ്, സോജാ കാർഡോസ് എന്നിവർ പറഞ്ഞു. മകനെ കണ്ടെത്തുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്ന് സാമിന്റെ അമ്മ സാറാമ്മ വർക്കിയും സഹോദരിയും അഭ്യർഥിക്കുന്നു. തിരുവല്ല മാർത്തോമ്മാ കോളജിലെ യൂണിയൻ മുൻ ഭാരവാഹിയാണ് സാം വർക്കി.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.