ഭാവഭേദമോ കുറ്റബോധമോ ഇല്ലാതെ അഫാൻ; കൊലപാതകം നടത്തിയ വീടുകളിൽ എത്തിച്ച് തെളിവെടുത്തു
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസ് പ്രതി അഫാനെ കൊലപാതകം നടന്ന വീടുകളിലെത്തിച്ചു തെളിവെടുത്തു. പാങ്ങോട് സൽമാ ബീവിയുടെ വീട്ടിലും അഫാന്റെ വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിലും എത്തിച്ചാണ് പൊലീസ് തെളിവെടുപ്പു നടത്തിയത്. കൊലപാതകം നടന്ന ഫെബ്രുവരി 24ന് ശേഷം ആദ്യമായാണ് അഫാനെ ക്രൂരകൃത്യങ്ങൾ നടന്ന വീടുകളിൽ എത്തിച്ചത്. പാങ്ങോട് പൊലീസ് റജിസ്റ്റർ ചെയ്ത സൽമാ ബീവിയുടെ കൊലക്കേസിലാണ് ആദ്യം തെളിവെടുപ്പു നടത്തിയത്. അഫാനെ കൊണ്ടുവരുന്നതറിഞ്ഞ് ഒട്ടേറെ പ്രദേശവാസികൾ പാങ്ങോട്ടെ സംഭവസ്ഥലത്ത് തടിച്ചുകൂടിയിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് കനത്ത പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു.
.
സൽമാ ബീവിയുടെ വീട്ടിലെത്തിച്ച അഫാനോട് തെളിവെടുപ്പിനിടെ പൊലീസ് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. യാതൊരു ഭാവഭേദമോ കുറ്റബോധമോ ഇല്ലാതെയാണ് അഫാൻ പൊലീസ് ഉദ്യോഗസ്ഥരോടു കാര്യങ്ങൾ വിശദീകരിച്ചത്. മാല ആവശ്യപ്പെട്ടുവെങ്കിലും മുത്തശ്ശിയായ സൽമാബീവി അഫാന് നൽകിയിരുന്നില്ല. ഇതിൽ പ്രകോപിതനായാണ് മുത്തശ്ശിയെ കൊലപ്പെടുത്തിയതെന്നാണ് കഴിഞ്ഞ ദിവസം അഫാൻ നൽകിയ മൊഴി. തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ എത്തിയ അഫാൻ മാല പണയം വച്ച ശേഷം തനിക്കുണ്ടായിരുന്ന ചില കടങ്ങൾ വീട്ടുകയും ചെയ്തിരുന്നു.
.
പാങ്ങോട്ടെ തെളിവെടുപ്പിനു ശേഷം കൊലപാതകം നടന്ന വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിലെത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തി. ഇവിടെ വച്ചാണ് സഹോദരൻ അഫ്സാനെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയതും മാതാവ് ഷെമിയെ കൊലപ്പെടുത്താൻ ശ്രമിച്ചതും. പേരുമലയിൽ അഫാനെ എത്തിക്കുന്നുണ്ടെന്നറിഞ്ഞ് നിരവധി പേര്‍ ഇവിടെയും തടിച്ചുകൂടിയിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി യുടെ നേതൃത്വത്തിലായിരുന്നു പൊലീസ് തെളിവെടുപ്പ്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.