‘മുടി വെട്ടി സുന്ദരിയായല്ലോ, വേഗം വീട്ടിലേക്ക് തിരിച്ചു വാ’; താനൂരിൽ കാണാതായ മകളോട് വീഡിയോ കോളിൽ സംസാരിച്ച് പിതാവ്, യാത്രയുടെ രസത്തിലാണ് കുട്ടികൾ പോയതെന്ന് എസ്.പി
കൊച്ചി: മലപ്പുറം താനൂരിൽ നിന്ന് കാണാതാവുകയും തിരച്ചിലിനൊടുവിൽ മുംബെെയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനികളെ നാളെ തിരൂരിൽ എത്തിക്കുമെന്ന് മലപ്പുറം എസ് പി ആർ വിശ്വനാഥ്. യാത്രയോടുള്ള താത്പര്യം കൊണ്ട് പോയതാണെന്നാണ് നിലവിൽ കുട്ടികൾ പറയുന്നത്. എന്തിനാണ് പെൺകുട്ടികൾ പോയതെന്ന കാര്യം വിശദമായി ചോദിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
.
കുട്ടികൾ ഫോണും സിം കാർഡും വാങ്ങിയിരുന്നു. കുട്ടികളെ കാണാതായ വിവരം പുറത്ത് വന്നപ്പോൾ തന്നെ പൊലീസ് സജീവമായിരുന്നു. ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിച്ചത് നിർണായകമായി. കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണം വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചതെന്നും എസ് പി പറഞ്ഞു.
.
സ്വമേധയാ പോയതാണെന്നാണ് രക്ഷിതാക്കളും പറയുന്നത്. കുട്ടികളെ കൗൺസിലിംഗിന് വിധേയമാക്കും. ഒപ്പം പോയ ആളെയും ചോദ്യം ചെയ്യും. ആശ്വാസമാണ് ഉള്ളത്. മലയാളി സമാജവും മാധ്യമങ്ങളും വളരെയേറെ സഹായിച്ചു. കുട്ടികളോട് സംസാരിച്ചാലേ മറ്റ് വിവരങ്ങൾ അറിയാനാകൂവെന്നും എസ്പി കൂട്ടിച്ചേർത്തു.
.
എന്നാൽ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി താനൂരില്‍നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയിലെ മലയാളി സന്നദ്ധ പ്രവര്‍ത്തകരോട് പറഞ്ഞു. വൈദ്യ പരിശോധനയ്ക്കുശേഷം കുട്ടികളെ പുനെയിലെ ജുവൈനല്‍ ബോര്‍ഡിന്റെ കെയര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. മുംബൈയിലെത്തിയ കേരള പോലീസിന് കുട്ടികളെ താമസിയാതെ കൈമാറും.
ഒരു പെണ്‍കുട്ടി ഹ്യുമാനിറ്റീസും മറ്റൊരു പെണ്‍കുട്ടി കൊമേഴ്സ് വിഭാഗവുമാണ് പഠിച്ചിരുന്നത്. ബുധനാഴ്ച്ച ഹ്യുമാനിറ്റീസ് വിഭാഗത്തിലെ കുട്ടിക്കായിരുന്നു പരീക്ഷ ഉണ്ടായിരുന്നത്. പരീക്ഷയ്ക്ക് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ് സ്കൂള്‍ യൂണിഫോമിലാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്. സ്കൂളിലേക്ക് പോകുന്ന സമയത്ത് ഈ കുട്ടിയുടെ കൈയില്‍ അഞ്ച് രൂപ മാത്രമാണ് പണമായി ഉണ്ടായിരുന്നതെന്ന് വീട്ടുകാര്‍ പറയുന്നു. കൊമേഴ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ കൈയില്‍ 200 രൂപയുമാണ് ഉണ്ടായിരുന്നത്. ഇവര്‍ ആഭരണം വില്ക്കുകയോ പണയം വെയ്ക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് സൂചന.
ഒരു പെണ്‍കുട്ടി 5,000 രൂപയും മറ്റൊരു പെണ്‍കുട്ടി 5,500 രൂപയുമാണ് സലൂണില്‍ ചെലവാക്കിയതെന്ന് സലൂണ്‍ ഉടമ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചിരുന്നു. കുട്ടികളുടെ കൈയില്‍ 500 രൂപയുടെ ഒട്ടേറെ നോട്ടുകള്‍ ഉണ്ടായിരുന്നുവെന്നും സലൂണ്‍ ഉടമ പറഞ്ഞിരുന്നു.
.
ഇതിനിടെ മുംബെെയില്‍ കണ്ടെത്തിയ പെൺകുട്ടിയുമായി പിതാവ് വീഡിയോ കോളിൽ സംസാരിച്ചു. മുടിയൊക്കെ വെട്ടി സുന്ദരിയായല്ലോ, ഇനി വേഗം പൊലീസുകാരോടൊപ്പം വീട്ടിലേക്ക് തിരിച്ച് വരൂ എന്നായിരുന്നു പിതാവ് ആദ്യം തന്റെ മകളോട് പറഞ്ഞത്. ഞങ്ങളുടെ മക്കളെ തിരികെ കിട്ടി. ഊണും ഉറക്കവും കളഞ്ഞ് ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും പിതാവ് പറഞ്ഞു.
.
ഇന്നലെ രാത്രി 2 മണി വരെ നെഞ്ചിൽ തീയായിരുന്നു. താനും ഭാര്യയും ആകെ പേടിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു. മകളുടെ വീഡിയോ ഡിവൈഎസ്പി കാണിച്ചു തന്നുവെന്നും നമ്മളെ തീ തീറ്റിച്ച് അവർ അവിടെ സന്തോഷിക്കുകയാണെന്നും ഡിവൈഎസ്പി പറഞ്ഞെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. പരീക്ഷയ്ക്ക് പോകാനെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നുമിറങ്ങിയത്. കൈയ്യിൽ രാവിലെ 200 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. നന്നായി പഠിക്കുന്ന കുട്ടിയാണ് മകൾ. പഠനത്തോടൊപ്പം ഫോട്ടോഫ്രെയിം വർക്കും ചെയ്യുമായിരുന്നു.
ഒരു സ്വർണമോതിരം താൻ വാങ്ങിക്കൊടുത്തിരുന്നു. ഇത് പണയം വെയ്ക്കുകയോ വിൽക്കുകയോ ചെയ്തിരിക്കാം എന്നും പിതാവ് പറയുന്നു. മുടി സ്ട്രെയിറ്റ് ചെയ്യണം, പുരികം ത്രെഡ് ചെയ്ത് ജീൻസും ഉടുപ്പും ഇടണമെന്നൊക്കെ ആഗ്രഹം വീട്ടിൽ പ്രകടിപ്പിച്ചിരുന്നു. എന്നാൽ തനിക്ക് അതൊന്നും ഇഷ്ടമല്ലെന്നും ഇപ്പോൾ ചെയ്യണ്ട എന്നും താൻ മകളെ വിലക്കിയിരുന്നു എന്നും പിതാവ് പറഞ്ഞു. ടൂർ പോവാനും യാത്ര ചെയ്യാനും നല്ല ആഗ്രഹമുള്ള കുട്ടിയാണ് മകൾ. വീട്ടിൽ നിന്ന് ചെന്നൈ, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലൊക്കെ മകളെ കൊണ്ടുപോയിട്ടുണ്ട്. മകൾ ആഗ്രഹിച്ച രീതിയിൽ ചിലപ്പോൾ ആ യാത്രകൾ നടത്താൻ സാധിച്ചിട്ടില്ലായിരിക്കാം എന്നും പിതാവ് പറയുന്നു. ബേക്കറി സാധനങ്ങൾ വിതരണം ചെയ്യുന്നതിനൊപ്പം ഓട്ടോ ഓടിച്ചാണ് പിതാവ് കുടുംബം പുലർത്തുന്നത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.