സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം: ‘കേരളത്തിലെ സിപിഎം കരുത്തുറ്റത്, പിണറായി സർക്കാർ മാതൃകാപരം, അമേരിക്കയ്ക്ക് പഴയ ആധിപത്യമില്ല’-കാരാട്ട്
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം. പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (സി.കേശവൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാൾ) കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ പ്രതിനിധി സമ്മേളന പതാക ഉയർത്തി. പൊളിറ്റ്ബ്യൂറോ അംഗവും പാർട്ടി കോ ഓർഡിനേറ്ററുമായ പ്രകാശ് കാരട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
.
സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുധ്യം ശക്തിപ്പെടുകയാണെന്നാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തിയത്. ഇത് കൂടുതൽ തീവ്രമാവുകയാണ്. സാമ്രാജ്യത്വ ആധിപത്യ രാഷ്ട്രം അമേരിക്ക തന്നെയാണെന്നാണ് ട്രംപ് പ്രഖ്യാപിക്കുന്നത്. അമേരിക്കയെ വീണ്ടും മഹത്തരമാക്കണമെന്ന് ട്രംപ് പറയുമ്പോള്‍ അത് അമേരിക്കയ്ക്ക് പഴയ ആധിപത്യമില്ലെന്ന് തുറന്നുസമ്മതിക്കുകയാണെന്നും കാരാട്ട് കൂട്ടിച്ചേർത്തു. പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.
.
‘വര്‍ത്തമാനകാല സാഹചര്യത്തില്‍ കേരളത്തിലെ പാര്‍ട്ടി ഘടകം രാജ്യത്തെ പാര്‍ട്ടി നയം നടപ്പിലാക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയിലാണ് നില്‍ക്കുന്നത്. ഹിന്ദുത്വ കോര്‍പ്പറേറ്റ് ആധിപത്യ സംവിധാനത്തിനെതിരേ ജനാധിപത്യ മതനിരപേക്ഷ ഫെഡറല്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി കേരളത്തിലെ പാര്‍ട്ടി പ്രധാന പങ്കുവഹിക്കുന്നു. രാജ്യത്തെ ഏക ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ രാജ്യത്തെ നവഉദാരവത്കരണ വര്‍ഗീയ നയങ്ങള്‍ക്കെതിരായ ബദല്‍ സമീപനമാണ് പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.’
.
‘ജനുവരി 20-നാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റെടുത്തത്. രാഷ്ട്രീയ സാമ്പത്തിക മേഖലയില്‍ നയങ്ങളില്‍ കുറച്ച് സമയം കൊണ്ടുതന്നെ ഒരു പുനഃസംഘടനയാണ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നത്. സമ്പദ്ഘടനയില്‍, സമൂഹത്തില്‍, രാഷ്ട്രീയമണ്ഡലത്തില്‍ ആറാഴ്ച കൊണ്ട് പുനഃസംഘടനയിലൂടെ ആധിപത്യം ഉറപ്പിക്കുന്നതിനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സാമ്രാജ്യത്വ ആധിപത്യ രാഷ്ട്രം അമേരിക്ക തന്നെയാണെന്നാണ് ട്രംപ് പ്രഖ്യാപിക്കുന്നത്. അമേരിക്കയെ വീണ്ടും മഹത്തരമാക്കണമെന്ന് ട്രംപ് പറയുമ്പോള്‍ അത് അമേരിക്കയ്ക്ക് പഴയ ആധിപത്യമില്ലെന്ന് തുറന്നുസമ്മതിക്കുകയാണ്.’
.
‘യഥാര്‍ഥത്തില്‍ ട്രംപ് ചെയ്യുന്നത് 19-ാം നൂറ്റാണ്ടിലെ പ്രാകൃത സാമ്രാജ്യത്വത്തിന്റെ രീതികളാണ്. കൂടുതല്‍ അതിരുകള്‍ വിപുലപ്പെടുത്തുക, കാനഡയെ അമേരിക്കയുടെ 55-ാമത് സംസ്ഥാനമാക്കുമെന്ന പ്രഖ്യാപനം, ഗാസ മുനമ്പ് വിട്ടുതന്നാല്‍ റിസോര്‍ട്ടാക്കുമെന്ന പ്രഖ്യാപനം എന്നിവയെല്ലാം പ്രാകൃത കാലഘട്ടത്തിന്റെ ആധിപത്യത്തിന്റെ തനിയാവര്‍ത്തനമാണ്. ‘
.
സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുധ്യം ശക്തിപ്പെടുകയാണെന്നാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തിയത്. ഇത് കൂടുതൽ തീവ്രമാവുകയാണ്. ഒരു വശത്ത് അമേരിക്കയും സഖ്യശക്തികളും മറുവശത്ത് ജനകീയജനാധിപത്യ ചൈനയും എന്ന രൂപത്തില്‍ പ്രതിഫലനം കാണാം. ചൈനയെ വളയുക, ദുര്‍ബലപ്പെടുത്തുക, ഒറ്റപ്പെടുത്തുക എന്ന പ്രധാന രാഷ്ട്രീയ തന്ത്രത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ് സാര്‍വദേശീയ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നത്. ഈ രീതിയെ ട്രംപ് ശക്തമാക്കുന്നു. അതാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ചുങ്കം. ഇത് വ്യാപാര യുദ്ധങ്ങള്‍ക്ക് കാരണമാകുമെന്നും കാരാട്ട് പറഞ്ഞു.
അതേസമയം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് നിശ്ചയിച്ച് തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കികൊണ്ടിരുന്ന പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങിയതെന്നും യെച്ചൂരിയുടെ നഷ്ടം നികത്താനാവാത്തതാണെന്നും പ്രകാശ് കാരാട്ട് അനുസ്മരിച്ചു. കോടിയേരിയുടെ നഷ്ടവും നികത്താനാവാത്തതാണ്. ഈ അപരിഹാര്യമായ നഷ്ടങ്ങളെ പാര്‍ട്ടി കൂട്ടായി നേരിട്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.