മുഖത്ത് പൊള്ളലേറ്റ ബാല്യം, പരുക്ക് ചികിത്സിക്കാമെന്ന വാഗ്ദാനം; അബുദാബിയിൽ വധശിക്ഷ നടപ്പാക്കിയ ഇന്ത്യക്കാരിക്ക് വിടചൊല്ലാൻ കുടുംബം, ഖബറടക്കം ബുധനാഴ്ച
അബുദാബി: ∙ കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അബുദാബിയിൽ അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യൻ യുവതിയുടെ വധശിക്ഷ നടപ്പാക്കിയത് നിരാശയോടെയാണ് ഇന്ത്യൻ സമൂഹം സ്വീകരിച്ചത്. ഇന്നലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഡൽഹി ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. യുപി ബന്ദ ജില്ലക്കാരിയായ ഷഹ്‌സാദി ഖാനെ (33) യാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഫെബ്രുവരി 15നായിരുന്നു ശിക്ഷ. ഇന്ത്യൻ ദമ്പതികളുടെ നാലര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതിനെ തുടർന്ന് അവർ നൽകിയ കേസിലാണ് വീട്ടുജോലിക്കാരിയായിരുന്ന ഷഹ്സാദിക്കെതിരെ അബുദാബി കോടതി വധശിക്ഷ വിധിച്ചത്.
.
വധശിക്ഷ വൈകാതെ നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് അവസാന ആഗ്രഹമെന്ന നിലയിൽ യുവതി യുപിയിലെ വീട്ടിലേക്ക് വിളിച്ച് കുടുംബത്തോട് സംസാരിച്ചിരുന്നു. ഇത് തന്റെ അവസാനത്തെ ഫോൺ കോളായിരിക്കുമെന്നായിരുന്നു അന്ന് പറഞ്ഞത്. എങ്കിലും അവസാന ശ്രമമെന്ന നിലയിൽ പിതാവ് ഷബ്ബിർ ഖാൻ അധികൃതർക്ക് ദയാഹർജി നൽകിയിരുന്നു.
ഫെബ്രുവരി 28ന് ഷഹ്സാദിയുടെ വധശിക്ഷ സംബന്ധിച്ച് യുഎഇയിലെ ഇന്ത്യൻ എംബസിക്ക് സർക്കാരിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി അഡീഷനൽ സോളിസിറ്റർ ജനറൽ (എഎസ്ജി) ചേതൻ ശർമ്മ പറഞ്ഞു. തുടർനടപടികൾക്കായി അധികൃതർ സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും യുവതിയുടെ സംസ്കാരം മാർച്ച് 5ന് നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷഹ്സാദിയുടെ പിതാവ് ഷബീർ ഖാൻ തന്റെ മകളുടെ നിലവിലെ നിയമപരമായ അവസ്ഥയും ക്ഷേമവും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനെ തുടർന്നാണിത്. ദുഃഖകരവും നിർഭാഗ്യകരവുമായ സംഭവമാണെന്ന് പറഞ്ഞാണ് വധശിക്ഷ നടപ്പാക്കിയ വിവരം കോടതി അറിയിച്ചത്.
.
ഉത്തർപ്രദേശ് മതാവുന്ദ് ഗൊയ്റ മുഗളായി ബാന്ദ സ്വദേശിയാണ് ഷഹ്‌സാദി. 2021ലാണ് ഇവര്‍ അബുദാബിയിലെത്തിയത്. ആഗ്രയിലെ ഉസൈര്‍ എന്നയാളുമായി പരിചയത്തിലായ യുവതിയെ അയാൾ തന്റെ ബന്ധുക്കളായ ദമ്പതികള്‍ക്ക് വിൽക്കുകയായിരുന്നു എന്നാണ് പിതാവ് പറയുന്നത്. അവരാണ് ഷഹ്‌സാദിയെ അബുദാബിയിലെത്തിച്ചത്. ബാന്ദ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം ഈ ദമ്പതികള്‍ക്കും ഉസൈറിനും ഇയാളുടെ അമ്മാവൻ ഫൈസ്, ഭാര്യ നസിയ, മാതാവ് അഞ്ജും സഹാന എന്നിവർക്കെതിരെ അധികൃതര്‍ മനുഷ്യക്കടത്ത് ആരോപിച്ച് കേസെടുത്തു. ഇവർ നിലവില്‍ യുഎഇയിലാണുള്ളത്.
കുട്ടി മരിച്ചു, ഷഹ്സാദിയുടെ ജീവിതം അപകടത്തിലായി
ഇന്ത്യൻ ദമ്പതികളുടെ നാല് മാസം പ്രായമുള്ള മകനെ നോക്കാനായിരുന്നു ഷഹ്‌സാദിയെ ഇവര്‍ അബുദാബിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ കുട്ടിയുടെ അപ്രതീക്ഷിത മരണത്തോടെ ഷഹ്‌സാദിയുടെ ജീവിതം പ്രതിസന്ധിയിലായി. മകന്റെ മരണത്തിന് ഉത്തരവാദി ഷഹ്‌സാദിയാണെന്ന് ആരോപിച്ച് ഫൈസും നസിയയും പരാതി നല്‍കിയതോടെയാണിത്. തുടര്‍ന്ന് പൊലീസ് ഷഹ്‌സാദിയെ അറസ്റ്റ് ചെയ്യുകയും അബുദാബി കോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
കോടതിവിധിക്ക് പിന്നാലെ ഷഹ്‌സാദിയുടെ പിതാവ് ഷബീർ ഖാന്‍ ജില്ലാ ഭരണകൂടത്തെയും ഉന്നത ഉദ്യോഗസ്ഥരെയും കണ്ടു മകളുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്ന് അഭ്യർഥിച്ചു. എന്നാൽ ഇക്കാര്യത്തിൽ യാതൊരു നടപടിയുമുണ്ടായില്ലെന്ന് ആരോപിച്ചു.
മുഖത്ത് പൊള്ളലേറ്റു, കുട്ടിക്കാലം മുതൽ ജീവിതം ദുരിതപൂർണം
കുട്ടിക്കാലം മുതല്‍ ദുരിതപൂര്‍ണമായ ജീവിതം നയിച്ചയാളാണ് ഷഹ്‌സാദി. ചെറിയ പ്രായത്തില്‍ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പൊള്ളലേറ്റ് ഇവരുടെ മുഖത്ത് പരുക്കേറ്റിരുന്നു. കോവിഡ്19 കാലത്ത് റോട്ടി ബാങ്ക് ഒാഫ് ബാന്ദയിൽ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കെ ആഗ്ര സ്വദേശിയായ ഉസൈറുമായി സമൂഹമാധ്യമത്തിലൂടെ പരിചയത്തിലായി. മുഖത്തെ പരുക്കുകൾ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്നും മികച്ച ഭാവി ജീവിതം സാധ്യമാകുമെന്നും ഇയാള്‍ ഷഹ്‌സാദിയ്ക്ക് ഉറപ്പുനല്‍കി.
ഇത് വിശ്വസിച്ചാണ് ഗ്രാമത്തിൽ നിന്ന് ഷഹ്സാദി ആഗ്രയിലേയ്ക്ക് എത്തിയത്. മുഖത്തെ പരുക്ക് ചികിത്സിക്കാമെന്ന ഉറപ്പിൽ 2021 നവംബറിൽ അബുദാബിയിലെത്തിച്ച ഷഹ്‌സാദിയെ ഉസൈര്‍ തന്റെ ബന്ധുക്കളായ ഫൈസ്-നദിയ എന്നീ ദമ്പതികൾക്ക് കൈമാറി. ഇതിനിടെയാണ് ദമ്പതികളുടെ കുട്ടി മരിച്ചത്. ഇതിന് കാരണം ഷഹ്സാദിയയാണെന്ന് ആരോപിച്ചു. എന്നാൽ ചികിത്സ കിട്ടാത്തതിനെത്തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന് ഷഹ്‌സാദിയും പിതാവും വാദിച്ചു.
.
ഇവർ മാതാവുന്ദി പൊലീസ് സ്റ്റേഷനിൽ 2024 ജൂലൈ 15ന് പരാതി നകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഷബീർ പരാതിപ്പെട്ടു. യുഎഇയിൽ നടന്ന കേസായതുകൊണ്ട് നടപടി സാധ്യമല്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. പിന്നാലെ കേസ് പരിഗണിച്ച അബുദാബി കോടതി 2023ൽ ഷഹ്‌സാദിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
അവസാന പ്രതീക്ഷയും വിഫലം
ഈ മാസം രണ്ടാം വാരത്തിൽ ഷഹ്‌സാദിയുടെ കുടുംബത്തെ തേടി ദുബായില്‍ നിന്ന് ഫോണ്‍ കോളെത്തിയതോടെയാണ് സംഭവം വീണ്ടും സജീവമായത്. താന്‍ ഇപ്പോള്‍ ഏകാന്ത തടവിലാണെന്നും 24 മണിക്കൂറിനുള്ളില്‍ തന്റെ വധശിക്ഷ നടപ്പാക്കുമെന്ന് ജയിലധികൃതര്‍ പറഞ്ഞുവെന്നും ഷഹ്‌സാദി കുടുംബത്തോട് പറഞ്ഞു. തന്റെ അവസാന ആഗ്രഹമെന്ന നിലയിലാണ് കുടുംബത്തോട് സംസാരിക്കാന്‍ അധികൃതര്‍ അനുവദിച്ചതെന്നും വ്യക്തമാക്കി. അതേസമയം ഈ ഫോണ്‍കോളിന് പിന്നാലെ മകളുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഷഹ്‌സാദിയുടെ കുടുംബം ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അപേക്ഷ സമർപ്പിച്ചു.
.
കൂടാതെ, അബുദാബി ഇന്ത്യൻ എംബസിയിലും ഇതുസംബന്ധമായി അപേക്ഷ നൽകിയിരുന്നു. കൂടാതെ, ന്യൂഡൽഹി ഹൈക്കോടതിയിലും ഹർജി നൽകി. എന്നാൽ എല്ലാ വൃഥാവിലായി യുഎഇ നിയമം യുവതിയുടെ വധശിക്ഷ നടപ്പാക്കി.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.