നാടിൻ്റെ നീറ്റലായി ഷഹബാസ്, ഹൃദയം തകർന്ന് കൂട്ടുകാർ; ഖബറടക്കം പൂർത്തിയായി – വിഡിയോ

കോഴിക്കോട്: താമരശ്ശേരിയിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ ഖബറടക്കം നടത്തി. ചുങ്കം ജുമാ മസ്ജിദിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കിടവൂര്‍ മദ്രസയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളുമുള്‍പ്പെടെ നൂറ് കണക്കിന് പേരാണ് എത്തിയത്. ഷഹബാസിന്റെ മൃതദേഹം എത്തിയതോടെ സുഹൃത്തുക്കള്‍ വികാരാധീനരായി. മൃതദേഹത്തിനരികെ വാവിട്ട് കരഞ്ഞ സുഹൃത്തുക്കളെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു.
.
എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരിച്ചത്. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാല്‍-റംസീന ദമ്പതിമാരുടെ മകനാണ്.

തലച്ചോറിന് പരിക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയോട്ടിക്ക് ഗുരുതരമായ പൊട്ടലുണ്ട്, തലച്ചോറിന് ക്ഷതമേറ്റിട്ടുമുണ്ട്. ആയുധം കൊണ്ടുള്ള മുറിവാണിത്. ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇത് തെളിയിക്കുന്ന രീതിയില്‍ കുട്ടികള്‍ തമ്മിലുള്ള വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം സന്ദേശവും പുറത്തുവന്നിരുന്നു.
.

കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരി വ്യാപാരഭവനില്‍വെച്ച് ട്രിസ് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന വിവിധ സ്‌കൂളുകളില്‍നിന്നുള്ള പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടിയോടെയായിരുന്നു സംഘര്‍ഷത്തിന് തുടക്കമായത്. എളേറ്റില്‍ എം.ജെ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ നൃത്തം ചെയ്യുന്നതിനിടെ ഫോണിന്റെ സാങ്കേതികപ്രശ്നത്തെത്തുടര്‍ന്ന് പാട്ട് നിലച്ച് നൃത്തം തടസ്സപ്പെട്ടു. ഇതിനെ തുടര്‍ന്ന് രണ്ടു സ്‌കൂളിലെയും ട്യൂഷന്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. അധ്യാപകര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

ഇതിന്റെ തുടര്‍ച്ചയായിരുന്നു വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘര്‍ഷം. ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളുമായി എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ പുറത്തുനിന്നുള്ള വിദ്യാര്‍ഥികളും ചേര്‍ന്ന് ഏറ്റുമുട്ടുകയായിരുന്നു. ഈ സംഘര്‍ഷത്തിലാണ് ഷഹബാസിന് പരിക്കേറ്റത്.

പുറമേ കാര്യമായ മുറിവില്ലാത്തതിനാല്‍ ഷഹബാസിനെ ആശുപത്രിയിലെത്തിക്കാതെ സുഹൃത്തുക്കള്‍ വീട്ടിലെത്തിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ഛര്‍ദിക്കുകയും തളര്‍ന്നിരിക്കുകയും ചെയ്തു. ആരെങ്കിലും ലഹരിവസ്തുക്കള്‍ നല്‍കിയതാണോയെന്ന സംശയം തോന്നി വീട്ടുകാര്‍ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് സംഭവമറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ വ്യാഴാഴ്ച രാത്രി വിദ്യാര്‍ഥിയെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു. നില വഷളായതിനാല്‍ പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
.
അതേസമയം, ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതികളായ അഞ്ച് കുട്ടികളേയും വെള്ളിമാട് കുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.14 ദിവസത്തേക്ക് ഒബ്സർവേഷൻ ഹോമിൽ കഴിയണം. വിദ്യാർഥികളെ പൊതുപരീക്ഷ എഴുതാൻ അനുവദിക്കും. ഒബ്സർവേഷൻ ഹോമിൽ പൊലീസിന്റെ സാന്നിധ്യത്തിലാണ് പരീക്ഷ എഴുതേണ്ടത്. രക്ഷിതാക്കൾക്ക് ജാമ്യപേക്ഷയ്ക്കായി ജില്ലാ കോടതിയെ സമീപിക്കാം.

.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!