കരിപ്പൂരിൽ നിന്ന് അമിത നിരക്ക്: സുപ്രീം കോടതിയിൽ ഹർജി
ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവർക്ക് ഉയർന്ന വിമാനനിരക്ക് നൽകേണ്ടി വരുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള മുസ്ലിങ്ങൾക്ക് മതപരമായ കടമ നിർവ്വഹിക്കാൻ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഉയർന്ന വിമാനനിരക്ക് ഹജ്ജിന് പോകുന്നവരിൽനിന്ന് ഈടാക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
.
ഹജ്ജിന് പോകാൻ സാമ്പത്തികമായി പിന്നാക്ക വിഭാഗത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ആറ് പേരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ആറ് പേരും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. കൊച്ചി, കണ്ണൂർ എന്നീ വിമാനത്താവളങ്ങൾ വഴി ഹജ്ജിന് പോകുന്നവരേക്കാൾ 40,000 ത്തോളം രൂപ അധികമായി തങ്ങൾക്ക് നൽകേണ്ടി വരുന്നവെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ജിദ്ദയിലേക്ക് ഈ മൂന്ന് വിമാനത്താവളങ്ങളിൽനിന്നും ഏറെക്കുറെ ഒരേ ദൂരം ആണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കോഴിക്കോട്ടുനിന്ന് ഹജ്ജിന് പോകുന്നവരിൽനിന്ന് ഏകപക്ഷീയവും വിവേചനപരവുമായി വിമാനയാത്രാനിരക്ക് ഈടാക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. ഇത് ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പു നൽകുന്ന മതസ്വാത്രന്ത്യത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ആണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. രാജ്യസഭാംഗവും അഭിഭാഷകനുമായ ഹാരിസ് ബീരാൻ മുഖേനയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
.
കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവർക്ക് ഉയർന്ന വിമാനനിരക്ക് നൽകേണ്ടി വരുന്നുവെന്ന ആരോപണം നേരത്തെ കേന്ദ്ര വ്യോമയാന മന്ത്രാലയം ശരിവെച്ചിരുന്നു. വിമാനത്താവളത്തിന്റെ ഭൂമിശാസ്ത്രപരമായ പരിമിതികൾ, കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിന് പോകുന്നവരുടെ എണ്ണം കുറയുന്നത് എന്നിവ കാരണമാണ് യാത്രാനിരക്ക് വർധിക്കുന്നതെന്ന് കേന്ദ്ര സിവിൽ വ്യോമയാന വകുപ്പ് സെക്രട്ടറി അറിയിച്ചിരുന്നു. കണ്ണൂർ, കൊച്ചി എന്നീ വിമാനത്താവളങ്ങൾ വഴി ഹജ്ജിന് പോകുന്നവർ നൽകേണ്ടി വരുന്നതിനേക്കാൾ കൂടുതൽ വിമാന യാത്രാനിരക്ക് കോഴിക്കോട് വഴി പോകുന്നവർക്ക് നൽകേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാ അംഗം ഹാരിസ് ബീരാൻ നൽകിയ കത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര സിവിൽ വ്യോമയാന വകുപ്പ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. കേന്ദ്രം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.