ഷഹബാസിൻ്റെ മൃതദേഹം മദ്രസയിൽ പൊതുദർശനത്തിനെത്തിച്ചു; അന്ത്യാഞ്ജലിയർപ്പിക്കാൻ ജനങ്ങൾ ഒഴുകിയെത്തി, പൊട്ടിക്കരഞ്ഞ് സഹപാഠികൾ; ആക്രമണത്തിൽ തലയോട്ടി തകർന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്
കോഴിക്കോട്: താമരശ്ശേരിയിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയോട്ടിക്ക് ഗുരുതരമായ പൊട്ടലുണ്ട്, തലച്ചോറിന് ക്ഷതമേറ്റിട്ടുമുണ്ട്. ആയുധം കൊണ്ടുള്ള മുറിവാണിത്. ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇത് തെളിയിക്കുന്ന രീതിയില്‍ കുട്ടികള്‍ തമ്മിലുള്ള വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം സന്ദേശവും പുറത്തുവന്നിരുന്നു.
.
അതിനിടെ, മരിച്ച ഷഹബാസിന്റെ മൃതദേഹം താമരശ്ശേരിയിലെ വാടകവീട്ടിലെത്തിച്ചു. ശേഷം ചുങ്കം മദ്രസയിൽ പൊതുദർശനത്തിനു വച്ചു. ഷഹബാസിന് അന്ത്യാഞ്ജലിയർപ്പിക്കാൻ വലിയ ജനക്കൂട്ടമാണ് വീട്ടിലേക്കും മദ്രസയിലേക്കും ഒഴുകിയെത്തുന്നത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സഹപാഠികൾ മൃതദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിക്കുന്നത്.
ശേഷം മൃതദേഹം പള്ളിയിൽ കബറടക്കും. ഷഹബാസിന് അന്ത്യാഞ്ജലിയർപ്പിക്കാൻ വലിയ ജനക്കൂട്ടമാണ് വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് (15) ആണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരിച്ചത്. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാല്‍-റംസീന ദമ്പതിമാരുടെ മകനാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരി വ്യാപാരഭവനില്‍വെച്ച് ട്രിസ് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന വിവിധ സ്‌കൂളുകളില്‍നിന്നുള്ള പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടിയോടെയായിരുന്നു സംഘര്‍ഷത്തിന് തുടക്കം. എളേറ്റില്‍ എം.ജെ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ നൃത്തം ചെയ്യുന്നതിനിടെ ഫോണിന്റെ സാങ്കേതികപ്രശ്‌നത്തെത്തുടര്‍ന്ന് പാട്ട് നിലച്ച് നൃത്തം തടസ്സപ്പെട്ടു. ഇതിനെ തുടര്‍ന്ന് രണ്ടു സ്‌കൂളിലെയും ട്യൂഷന്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. അധ്യാപകര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
.
ഇതിന്റെ തുടര്‍ച്ചയായിരുന്നു വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘര്‍ഷം. ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളുമായി എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ പുറത്തുനിന്നുള്ള വിദ്യാര്‍ഥികളും ചേര്‍ന്ന് ഏറ്റുമുട്ടുകയായിരുന്നു. ഈ സംഘര്‍ഷത്തിലാണ് ഷഹബാസിന് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ് ഷഹബാസ് ആശുപത്രിയിലായെന്ന് തിരിച്ചറിഞ്ഞ ശേഷം ഇതില്‍ നിന്നൊഴിവാക്കിത്തരാന്‍ വിദ്യാർഥികളിലൊരാൾ സന്ദേശം അയച്ചിരുന്നു.
‘ചൊറക്ക് നിക്കല്ലാ, നിക്കല്ലാന്ന് കൊറേ പറഞ്ഞതല്ലേ മോനേ.. പിന്നെയും പിന്നെയും… മോളില്‍ അയച്ച മെസേജ് നോക്ക്… ഞാന്‍ നിന്നോട് നല്ലോണം അല്ലേ പറഞ്ഞത്. ചൊറ ഒഴിവാക്കി ഒഴിവാക്കി പോകുമ്പോള്‍ പിന്നെയും പിന്നെയും നീ വന്നതാ. അന്നത്തെ പ്രശ്‌നം ഞങ്ങളാരും മനസ്സില്‍ പോലും വിചാരിച്ചില്ല… എന്തേലും ഉണ്ടേല്‍ പൊരുത്തപ്പെട്ട് കൊണ്ടാട്ടോ…’- കുറ്റസമ്മതം നടത്തിക്കൊണ്ടുള്ള വാട്‌സാപ്പ് സന്ദേശത്തില്‍ വിദ്യാര്‍ത്ഥി പറയുന്നു. താന്‍ ആരെ തല്ലിയാലും പിന്നെ പൊരേല്‍ വന്നിട്ട് ഒരു സമാധാനം ഉണ്ടാകില്ലെന്നും ഈ വിദ്യാര്‍ത്ഥി സന്ദേശത്തില്‍ പറയുന്നുണ്ട്.
.
സംഘര്‍ഷത്തിന് പിന്നാലെ ഷഹബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നറിഞ്ഞതിന് ശേഷം അയച്ച സന്ദേശമാണ് ഇതെന്നാണ് വിവരം. കുറ്റസമ്മതമെന്ന രീതിയിലാണ് സന്ദേശത്തിലുള്ളത്. എന്തുകൊണ്ട് താന്‍ ആക്രമിച്ചു എന്നതിനെ ന്യായീകരിച്ചു കൊണ്ടാണ് വിദ്യാര്‍ത്ഥി സന്ദേശം അയച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം വഴിയോ വാട്‌സാപ്പ് വഴിയോ ഉണ്ടായ സംഭാഷണമാണ് വലിയ പ്രകോപനമായി വിദ്യാര്‍ത്ഥി പറയുന്നത്. മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അത് നീ അനുസരിച്ചില്ലെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.
അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ഇവരെ ജുവനൈല്‍ ജസ്റ്റിസിന് മുന്‍പില്‍ ഹാജരാക്കാന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.