ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ മറ്റൊരുവിമാനം; വീണ്ടും പറന്നുയര്‍ന്നു, അപകടം ഒഴിവായത് തലനാരിഴയ്ക്ക് – വിഡിയോ
ഷിക്കാഗോ (യു.എസ്): പൈലറ്റിന്റെ സമയോചിതമായ ഇടപെടലില്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി. യു.എസ്സിലെ ഷിക്കാഗോ മിഡ്വേ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സിന്റെ വിമാനമാണ് റണ്‍വേയില്‍ മറ്റൊരു വിമാനം കണ്ടതോടെ വീണ്ടും പറന്നുയര്‍ന്ന് അപകടമൊഴിവാക്കിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നു.
.
പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 08:50-ഓടെയാണ് സംഭവമുണ്ടായത്. സ്വകാര്യ ജെറ്റാണ് പറന്നുയരാനായി സൗത്ത്വെസ്റ്റ് വിമാനത്തിന് മുന്നിലെത്തിയത്. അനുമതിയില്ലാതെയാണ് സ്വകാര്യ ജെറ്റ് റണ്‍വേയിലേക്ക് പ്രവേശിച്ചതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (എഫ്.എ.എ) വ്യക്തമാക്കി. സംഭവത്തില്‍ എഫ്.എ.എയും നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചു.
.
കൂട്ടിയിടിയില്‍ നിന്ന് സൗത്ത്വെസ്റ്റ് വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സൗത്ത്വെസ്റ്റ് ഫ്ളൈറ്റ് 2504 എന്ന വിമാനമാണ് ലൈന്‍ഡിങ്ങിനായി മിഡ്വേ വിമാനത്താവളത്തിന്റെ റണ്‍വേയിലേക്ക് താഴ്ന്നിറങ്ങിയത്. പൊടുന്നനെ വെളുത്ത നിറത്തിലുള്ള ചെറുവിമാനം സൗത്ത്വെസ്റ്റ് വിമാനത്തിന് മുന്നിലേക്ക് നീങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. റണ്‍വേയില്‍ നിലംതൊടുന്നതിന് തൊട്ടുമുമ്പായി സൗത്ത്വെസ്റ്റ് വിമാനം ഉടനടി വീണ്ടും പറന്നുയരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
.
സൗത്ത്വെസ്റ്റ് വിമാനത്തിന്റെ ചക്രങ്ങള്‍ റണ്‍വേയില്‍ തൊടുന്നതിന് 50 അടി മാത്രമുള്ളപ്പോഴാണ് ചെറുവിമാനം പൈലറ്റിന്റെ ശ്രദ്ധയില്‍പെട്ടതും വീണ്ടും പറന്നുയര്‍ന്നതും. നെബ്രാസ്കയിലെ ഒമാഹയില്‍ നിന്ന് വരികയായിരുന്ന സൗത്ത്വെസ്റ്റ് വിമാനമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ടെന്നസിയിലെ നോക്സ്വില്ലെയിലേക്ക് പോകാനായി പുറപ്പെട്ടതാണ് സ്വകാര്യ വിമാനം. ബോംബാര്‍ഡിയാര്‍ ചാലഞ്ചര്‍ 350 മോഡല്‍ വിമാനമായിരുന്നു ഇത്.
.
Chicago airport earlier this morning 😳@AirNavRadar pic.twitter.com/BueSghL3mm
— Flight Emergency (@FlightEmergency) February 25, 2025
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.