‘എല്ലാവരേയും കൊന്നത് ചെറിയച്ഛൻ’, സഹോദരൻ്റെ മകൻ്റെ വെളിപ്പെടുത്തല്‍; കൊലപാതകത്തിൽ സുപ്രധാന വഴിത്തിരിവ്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ പോലീസിനെ കുഴക്കിയ ടാംഗ്ര കൊലപാതക കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മരിച്ചയാളുടെ ബന്ധു രംഗത്ത്‌. കിഴക്കന്‍ കൊല്‍ക്കത്തയിലെ ടാംഗ്രയില്‍ ഒരേ കുടുംബത്തിലെ രണ്ട് സ്ത്രീകളും ഒരു പെണ്‍കുട്ടിയും മരിച്ചനിലയില്‍ കാണപ്പെടുകയും അതേ കുടുംബത്തിലെ രണ്ട് പുരുഷന്മാരും ഒരാണ്‍കുട്ടിയും കാറപകടത്തില്‍ പെടുകയും ചെയ്ത കേസ് പോലീസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച(ഫെബ്രുവരി 19-ന്) വെളുപ്പിനെയാണ് നഗരത്തെ ഞെട്ടിച്ച സംഭവവികാസങ്ങള്‍ ഉണ്ടായത്. (ചിത്രം: കൊല്ലപ്പെട്ടവരുടെ മൃതദേഹം വീടിനുപുറത്തേക്ക് കൊണ്ടുവരുന്നു)
.
കൊല്‍ക്കത്തയിലെ ഈസ്‌റ്റേണ്‍ മെട്രോപോളിറ്റന്‍ ബൈപ്പാസിലെ (ഇ.എം. ബൈപ്പാസ്) ക്രോസിങ്ങില്‍ ബുധനാഴ്ച വെളുപ്പിനെ മൂന്നുമണിയോടടുപ്പിച്ച് ഒരു കാര്‍ അപകടത്തില്‍ പെട്ടു. രക്ഷിക്കാനെത്തിയ ട്രാഫിക് പോലീസിനോട് അപകടത്തില്‍ പെട്ടവര്‍ തങ്ങളുടെ വീട്ടില്‍ ഉള്ളവരെ പറ്റി പറഞ്ഞു. രണ്ട് പുരുഷന്മാരും ഒരാണ്‍കുട്ടിയുമാണ് കാറില്‍ ഉണ്ടായിരുന്നത്. തങ്ങള്‍ സഹോദരങ്ങളാണെന്നും വീട്ടില്‍ ഇരുവരുടെയും ഭാര്യമാരും മകളും ജീവനൊടുക്കിയെന്നുമാണ്‌ ഇവര്‍ പോലീസിനോട് പറഞ്ഞത്.

സഹോദരങ്ങളായ പ്രണയ് ദേ (48), പ്രസൂണ്‍ കുമാര്‍ ദേ (45), പ്രണയ് ദേയുടെ മകന്‍ പ്രദീപ് ദേ (14) എന്നിവരാണ് അപകടത്തില്‍ പെട്ട കാറില്‍ ഉണ്ടായിരുന്നത്. ടാംഗ്രയിലുള്ള ഇവരുടെ വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ മൂന്നുമുറികളില്‍ നിന്നായി രണ്ട് സ്ത്രീകളുടേയും ഒരു പെണ്‍കുട്ടിയുടേയും മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു. പ്രണയ് ദേയുടെ ഭാര്യ സുധേഷ്ണ ദേ (39), പ്രസൂണിന്റെ ഭാര്യ റോമി ദേ (44), പ്രസൂണിന്റെ മകള്‍ പ്രിയംവദ (14) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
.
കൈത്തണ്ട മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളും കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ആത്മഹത്യയെന്ന് തോന്നുമെങ്കിലും മുറിവുകളുടെ സ്വഭാവവും പെണ്‍കുട്ടിയുടെ മുഖത്തെ ചതവുകളും പോലീസില്‍ സംശയമുണര്‍ത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയതില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. കുടുംബപരമായി നടത്തിയിരുന്ന തുകല്‍ വ്യാപാരത്തില്‍ ദേ സഹോദരന്മാര്‍ക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നതായും കടക്കാരില്‍ നിന്നും ഇവര്‍ക്ക്‌ നിരന്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നതായും പോലീസ് കണ്ടെത്തി.
.

അതേസമയം, സാമ്പത്തികമായി ഇത്രയേറെ ബുദ്ധിമുട്ടിലൂടെ കടന്നുപോയിട്ടും ആഢംബരജീവിതത്തിന് ഒരു കുറവും വരുത്തിയിരുന്നില്ല. ആര്‍ഭാടജീവിതം മുന്നോട്ടുനയിക്കുന്നതിനായി ഇവര്‍ പലരില്‍ നിന്നായി കടംവാങ്ങിയിരുന്നു. ഈ സാഹചര്യങ്ങള്‍ ദേ സഹോദരങ്ങളെ കടുംകൈ എന്തെങ്കിലും ചെയ്യാന്‍ പ്രേരിപ്പിച്ചിരിക്കുമോ എന്ന സംശയം പോലീസിന് ബലപ്പെട്ടു. പോലീസിന്റെ സംശയം സാധൂകരിക്കുന്ന തരത്തിലാണ് മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

സുധേഷ്ണയുടെയും റോമിയുടെയും കൈകളില്‍ മാത്രമല്ല കഴുത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. രക്തം വാര്‍ന്നാണ് ഇരുവരും മരിച്ചത്. പതിനാലുകാരി പ്രിയംവദയുടെ ചുണ്ടിലും മൂക്കിലും ചതവുകള്‍ ഉണ്ടായിരുന്നു, വായില്‍ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു. ആത്മഹത്യയല്ലെന്നും മറിച്ച് കൊലപാതകമാണെന്ന സൂചന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു. പിന്നാലെ പോലീസ് ആശുപത്രിയില്‍ എത്തി പരിക്കേറ്റവരെ ചോദ്യം ചെയ്തു. പ്രണയ് ദേ മാത്രമാണ് സംസാരിക്കാവുന്ന അവസ്ഥയില്‍ ഉണ്ടായിരുന്നത്. സഹോദരനും മകനും ഐ.സി.യു.വില്‍ ആയിരുന്നു.
.
സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് കുടുംബം മൊത്തമായി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നുമാണ്‌ പ്രണയ് പോലീസിനോട് പറഞ്ഞത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി എല്ലാവരും കഴിച്ചുവെന്നും ഭാര്യയും മകളും മരിക്കുന്നത് കണ്ടുനില്‍ക്കാന്‍ കഴിയാത്തതിനാലാണ് സഹോദരനും മകനുമായി കാറുമെടുത്ത് പുറത്തിറങ്ങിയതെന്നും പ്രണയ് പറഞ്ഞു. കാര്‍ എവിടെയെങ്കിലും ഇടിച്ചുകയറ്റി അപകടമുണ്ടാക്കി മരിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും അയാള്‍ പോലീസിനോട് പറഞ്ഞു. ഇതോടെ, സഹോദരന്മാര്‍ ചേര്‍ന്ന് ഭാര്യമാരേയും മക്കളേയും കൊല്ലാന്‍ നടത്തിയ നീക്കമായിരുന്നു കേസിനാധാരമെന്ന് പോലീസിന് മനസിലായി.
.
തിങ്കളാഴ്ചയാണ് സഹോദരന്മാരില്‍ മൂത്തയാളായ പ്രണയ് ദേയുടെ മകന്‍ പ്രദീപ് ദേയ്ക്ക് ബോധം വന്നത്. പ്രദീപ് സംസാരിക്കാവുന്ന അവസ്ഥയിലായതോടെ പോലീസ് കുട്ടിയുമായി സംസാരിച്ചു. പിന്നാലെ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് പതിനാലുകാരന്‍ തന്റെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ വ്യക്തിയെ പോലീസിന് കാട്ടിക്കൊടുത്തു. ചെറിയച്ഛന്‍, പ്രസൂണ്‍ ദേയാണ് തന്റെ അമ്മ സുധേഷ്ണയേയും ചെറിയമ്മ റോമിയേയും ചെറിയച്ഛന്റെ മകള്‍ പ്രിയംവദയേയും കൊലപ്പെടുത്തിയത് എന്നാണ് പ്രദീപ് പോലീസിനോട് പറഞ്ഞത്.

.
സാഹചര്യത്തെളിവുകള്‍ പരിഗണിക്കുമ്പോള്‍ ദേ സഹോദരങ്ങളില്‍ ഇളയ ആളായ പ്രസൂണാണ് കൊലപാതകങ്ങളില്‍ മുഖ്യപങ്ക്‌. ‘അതേസമയം, കൊലപാതകം ആസൂത്രണം ചെയ്തതിലും നടപ്പാക്കിയതിലും മൂത്ത സഹോദരന്‍ പ്രണയ് ദേയ്ക്കും കാര്യമായ പങ്കുണ്ട്. വിഷം കലര്‍ത്തിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച പ്രിയംവദയെ അച്ഛനും ചെറിയച്ഛനും ചേര്‍ന്ന് മര്‍ദിച്ച് ബലംപ്രയോഗിച്ചാവാം വിഷം കഴിപ്പിച്ചത്. പെണ്‍കുട്ടിയുടെ മുഖത്ത് കണ്ട പാടുകള്‍ അങ്ങനെ ഉണ്ടായതാവാം’, അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയശേഷം രണ്ട് സഹോദരന്മാരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!