ബലാത്സംഗക്കേസിൽപ്പെട്ടു, ബുൾഡോസർകൊണ്ട് വീട് പൊളിച്ചു; 4 വർഷത്തിന് ശേഷം 58- കാരനെ കുറ്റവിമുക്തനാക്കി
ഭോപ്പാൽ: യുവതിയുടെ പരാതിയിൽ ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത മുൻ വാർഡ് കൗൺസിലറെ നാല് വർഷങ്ങൾക്ക് ശേഷം കുറ്റവാളിയല്ലെന്ന് കണ്ടെത്തി കോടതി. മധ്യപ്രദേശിലെ രാജ്ഘട്ട് ജില്ലയിലാണ് സംഭവം. രാജ് ഘട്ടിൽ വാർഡ് മെമ്പറായിരുന്നു 58-കാരനായ ഷഫീഖ് അൻസാരി. അദ്ദേഹത്തിനെതിരേ യുവതി ബലാത്സംഗപ്പരാതി നൽകുകയായിരുന്നു. ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന് പിന്നാലെ കുറ്റാരോപിതന്റെ വീട് ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു. (ചിത്രം: ഷഫീഖ് അൻസാരിയുടെ വീട് പൊളിച്ചു മാറ്റുന്നതിന് മുമ്പും ശേഷവും, ഇൻസൈറ്റിൽ ഷഫീഖ് അൻസാരി)
.
2021 മാർച്ച് 13-നായിരുന്നു അൻസാരിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. 2021 ഫെബ്രുവരി 4ന് മകന്റെ വിവാഹത്തിന് സഹായിക്കാം എന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി ഷഫീഖ് അൻസാരി ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതി നൽകിയ പരാതി. 2021 മാർച്ച് 4നായിരുന്നു പരാതി നൽകിയത്. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇതിനിടെ മാർച്ച് 13-ന് ബുൾഡോസർ ഉപയോഗിച്ച് അൻസാരിയുടെ വീട് ഇടിച്ചു തകർക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
കഠിനാധ്വാനത്തിലൂടെ ഉണ്ടാക്കിയെടുത്ത വീടായിരുന്നു അത്. 4000 ചതുരശ്ര അടി ഉണ്ടായിരുന്നു. എന്റെ വീട് ഉണ്ടായിരുന്ന ആ ഇടത്ത് ഇപ്പോൾ വെറും തരിശായ നിലം മാത്രമാണ്. ഇപ്പോൾ ഞങ്ങൾ താമസിക്കുന്നത് സഹോദരന്റെ വീട്ടിലാണ് – അൻസാരി പറഞ്ഞു.
.
അനധികൃത കെട്ടിടമല്ലായിരുന്നു അത്. എല്ലാ രേഖകളും ഞങ്ങളുടെ കൈയിൽ ഉണ്ടായിരുന്നു. എന്നാൽ അനുമതിയില്ലാതെയാണ് കെട്ടിടം പണിതതെന്നായിരുന്നു ആരോപിക്കപ്പെട്ടത്. രേഖകൾ കാണിക്കാനുള്ള അവസരം പോലും അവർ നൽകിയില്ല, അതിനകം തന്നെ എല്ലാം തകർത്ത് തരിപ്പണമാക്കി. ഏഴംഗ കുടുംബമാണ് എന്റേത്. എല്ലാവരും ഒരുപാട് അനുഭവിച്ചു. മൂന്ന് മാസത്തോളം ഞാൻ ജയിലിൽ കഴിഞ്ഞു. ബുൾഡോസറുമായി ഭരണകൂട ഉദ്യോഗസ്ഥർ രാവിലെ 7 മണിക്കായിരുന്നു എത്തിയത്. എന്താണ് സംഭവിക്കുന്നതെന്നറിയും മുമ്പേ എന്റെ വീട് തകർന്നിരുന്നു. ആ സമയത്ത് ഞാൻ ഒളിവിലായിരുന്നു, അടുത്ത ദിവസം തന്നെ ഞാൻ കീഴടങ്ങി – അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ഫെബ്രുവരി 14-നായിരുന്നു കേസിൽ വിധി വന്നത്. രാജ്ഗഢ് ജില്ലയിലെ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി ചിത്രേന്ദ്ര സിംഗ് സോളങ്കിയാണ് അൻസാരി കുറ്റക്കാരനല്ലെന്ന് വിധിച്ചത്. പരാതിക്കാരിയായ സ്ത്രീയുടേയും ഭർത്താവിന്റെയും മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. പരാതിക്കാരിയുടെ സാമ്പിളുകളിൽ മനുഷ്യ ബീജം കണ്ടെത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശാസ്ത്രീയ തെളിവുകൾപ്രകാരം ബലാത്സംഗം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു.
.
തന്റെ വീട് പൊളിച്ചു മാറ്റിയ നടപടിക്കെതിരേ അൻസാരി കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.