‘ഉടൻ സോണിയാഗാന്ധിയുടെ വസതിയിൽ എത്തണം’, തരൂരിനെ വിളിപ്പിച്ച് രാഹുൽ; ലേഖനവിവാദത്തിൽ ഹൈക്കമാൻഡ് ഇടപെടൽ
ന്യൂഡൽഹി: ലേഖന വിവാദത്തിന് പിന്നാലെ ശശി തരൂർ എം.പിയുമായി കോൺഗ്രസ് ദേശീയ നേതൃത്വം ചർച്ച നടത്തുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് തരൂരിനെ ചർച്ചയ്ക്ക് വിളിപ്പിച്ചത്. ഉടൻ തന്നെ സോണിയാ ഗാന്ധിയുടെ പത്താം നമ്പർ ജൻപഥ് വസതിയിൽ എത്താനായിരുന്നു നിർദേശം. കേരള സർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനം പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാൻഡ് ഇപ്പോൾ തരൂരിനെ ചർച്ചയ്ക്ക് വിളിപ്പിച്ചിരിക്കുന്നത്.
ശശി തരൂരിന്റെ നിലപാടിനെതിരേ അതൃപ്തി സംസ്ഥാന കോൺഗ്രസ് നേതൃത്വം ഒന്നടങ്കം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദേശീയ നേതൃത്വം ഇടപെടൽ നടത്തിയിരിക്കുന്നത്. രാഹുലും സോണിയയും തരൂരുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
രാഹുൽ ഗാന്ധിയും സോണിയാഗാന്ധിയും തരൂരും തമ്മിലായിരിക്കും കൂടിക്കാഴ്ച. അൽപസമയത്തിനുള്ളിൽ തരൂർ സോണിയാ ഗാന്ധിയുടെ വസതിയിൽ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചർച്ചയിൽ പങ്കെടുക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പിണറായി സര്‍ക്കാരിനു കീഴില്‍ വ്യവസായ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ ശശി തരൂര്‍ പുകഴ്ത്തിയത്. കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ ലേഖനമെഴുതിയ തരൂരിനെതിരെ വലിയ വിമര്‍ശനമാണ് പിന്നാലെ ഉയര്‍ന്നത്. സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നാണ് ലേഖനത്തില്‍ വിലയിരുത്തുന്നത്.
2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടില്‍ ആഗോള ശരാശരിയുടെ അഞ്ചു മടങ്ങ് മൂല്യം കേരളം രേഖപ്പെടുത്തിയതും ഈസ് ഓഫ് ഡൂയിങ് ബിസിനസ് സര്‍വേയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതും വലിയ നേട്ടമാണെന്നും തരൂര്‍ ലേഖനത്തില്‍ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭയ്ക്കകത്തും പുറത്തും ഭരണത്തെ നഖശിഖാന്തം എതിര്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് എം.പി.യുടെ പുകഴ്ത്തല്‍ എന്നതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത്.
.
തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്ത തരൂർ ആദ്യഘട്ടത്തിലുണ്ടായ നിലപാട് ആവർത്തിക്കുകയാണ് ചെയ്തത്. ഇതിനൊപ്പം ഉമ്മൻ ചാണ്ടി സർക്കാരിന്റെ പങ്ക് വ്യവസായിക മുന്നേറ്റവുമായി പറഞ്ഞുപോയി എന്നത് മാത്രമാണ് തരൂർ ചെയ്തത്. തരൂർ നിലപാട് പിൻവലിക്കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ നേതാവടക്കമുള്ളവരുടെ ആവശ്യം.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.