ഗായത്രിയുടെ മരണം; അമ്മയുടെ മൂന്നാമത്തെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി രണ്ടാനച്ഛന്‍
പത്തനംതിട്ട: അടൂരില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച ഗായത്രിയുടെ ആത്മഹത്യയില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ മൂന്നാമത്തെ ഭര്‍ത്താവിന് പങ്കുണ്ടെന്ന് രണ്ടാനച്ഛന്റെ ആരോപണം. ഗായത്രിയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയ രണ്ടാനച്ഛന്‍ ഗായത്രിയുടെ അമ്മയുടെ മൂന്നാംഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. പെണ്‍കുട്ടി മരിച്ച ദിവസം അമ്മയുടെ മൂന്നാമത്തെ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നതായി രണ്ടാം ഭര്‍ത്താവ് ചന്ദ്രശേഖരന്‍ പറഞ്ഞു. ഗോവയിലേക്ക് ലോറിയില്‍ ലോഡുമായി പോയതാണ് എന്നു പറയപ്പെടുന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ ആദര്‍ശ് ഗായത്രിയുടെ മൃതശരീരം കാണാന്‍ എത്തിയിരുന്നില്ല എന്നും രണ്ടാനച്ഛന്‍ പറയുന്നു.
.
അതേസമയം ഗായത്രി എഴുതിയതായി കരുതുന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. എന്നാൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി എന്ന പോലീസ് ഭാഷ്യം താന്‍ വിശ്വസിക്കുന്നില്ലെന്ന് ഗായത്രിയുടെ അമ്മ പറഞ്ഞു. കുറിപ്പ് എഴുതിവെക്കാന്‍ സാവകാശം ഉണ്ടായിരുന്നെങ്കില്‍ അതിനുമുമ്പേ മകള്‍ തന്നെ വിളിക്കുമായിരുന്നു എന്നും അമ്മ പറഞ്ഞു. ഗായത്രി തൂങ്ങിമരിച്ചതിനുപിന്നാലെ അമ്മ രാജി അടൂരിലെ ആര്‍മി റിക്രൂട്ട്‌മെന്റ് സ്ഥാപന നടത്തിപ്പുകാരനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തിനുപിന്നാലേ ഇയാള്‍ ഒളിവില്‍ പോയി.
സ്ഥാപന നടത്തിപ്പുകാരന്‍ എന്തിന് ഒളിവില്‍ പോയെന്നും താന്‍ വീട് മൊത്തം പരിശോധിച്ചിട്ടും കിട്ടാത്ത ആത്മഹത്യാ കുറിപ്പ് ഇപ്പോള്‍ എവിടുന്നുവന്നു എന്നും ഗായത്രിയുടെ അമ്മ ചോദിച്ചു. മൃതശരീരം വിട്ടുകിട്ടണമെന്ന ആവശ്യം രണ്ടാനച്ഛന്‍ ഉന്നയിച്ചെങ്കിലും പോലീസ് അനുവദിച്ചിരുന്നില്ല.
.
തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് ഗായത്രിയെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ ഏറ്റുവാങ്ങിയ മൃതശരീരം പത്തനംതിട്ട നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.
അടൂര്‍ റെവന്യൂ ടവറിലെ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ദ്രോണ ഡിഫെന്‍സ് അക്കാദമി ആന്റ് യോഗ സെന്റര്‍ എന്ന സ്ഥാപനത്തില്‍ ഗായത്രി പരിശീലനത്തിന് ചേര്‍ന്നിരുന്നു. സ്ഥാപന ഉടമയായ പ്രദീപ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് മകള്‍ ആത്മഹത്യചെയ്തതെന്നുമാണ് ഗായത്രിയുടെ അമ്മ രാജി ആരോപിച്ചത്.
.
പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് ശേഷം സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. സ്ഥാപനത്തിന് പോലീസ് കാവലുണ്ട്. വിമുക്തഭടനായ സ്ഥാപന ഉടമ ഒളിവിലാണ്. ഇയാളുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്. സ്ഥാപന ഉടമ തന്റെ അഭിഭാഷകന്‍ മുഖേന അടൂര്‍ പോലീസുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ലഭ്യമായ വിവരം.
മുറിഞ്ഞകല്‍ പാറക്കടവ് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ചിറ്റാര്‍ അഞ്ചേക്കര്‍ കോളനിക്ക് സമീപം മുണ്ടന്‍വിളയില്‍ ഡ്രൈവര്‍ ആദര്‍ശിന്റെ മകളാണ് ഗായത്രി. കുമ്പഴയിലുള്ള സ്വകാര്യസ്ഥാപനത്തില്‍ ജോലിക്ക് പോയിവന്ന അമ്മ രാജിയാണ് മകളെ തിങ്കളാഴ്ച വൈകീട്ട് നാലരയ്ക്ക് വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍തന്നെ തൂങ്ങാന്‍ ഉപയോഗിച്ച ഷാള്‍ അറത്തുമാറ്റി താഴെ ഇറക്കി പ്രാഥമിക ശുശ്രൂഷ നല്‍കി കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അസ്വാഭാവിക മരണത്തിന് കൂടല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ആറ് വര്‍ഷം മുന്‍പ് ഗായത്രിയുടെ സഹോദരന്‍ ആദിത്യനെ വീട്ടില്‍നിന്ന് കാണാതായിരുന്നു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.