സന്ദർശക വിസയിൽ സൗദിയിലെത്തിയ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു, ഭർത്താവ് ജനൽ കമ്പിയിൽ തൂങ്ങിമരിച്ചു; മലയാളി ദമ്പതികളുടെ മൃതദേഹം രണ്ടര മാസത്തിനുശേഷം നാട്ടിലേക്ക്
റിയാദ്: കഴിഞ്ഞ നവംബർ 14ന് സൗദി അറേബ്യയിൽ അൽ ഖസീം പ്രവിശ്യയിലെ ഉനൈസയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം രണ്ടരമാസത്തിന് ശേഷം നാട്ടിലേക്ക്. കൊല്ലം ചിതറ ഭജനമഠം പത്മവിലാസത്തിൽ മണിയനാചാരിയുടെ മകൻ ശരത് (42), ഭാര്യ കൊല്ലം മാന്തോപ്പിൽ അക്ഷരനഗർ പ്രവീൺ നിവാസിൽ പരേതനായ വിശ്വനാഥന്‍റെ മകൾ പ്രീതി (32) എന്നിവരുടെ മൃതദേഹങ്ങൾ എയർ ഇന്ത്യ വിമാനത്തിൽ വെള്ളയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.
.
ദീർഘകാലമായി ഉനൈസയിൽ ഇലക്ട്രിക്, പ്ലംബിങ് ജോലികൾ ചെയ്തിരുന്ന ശരത് സംഭവത്തിന് രണ്ടുമാസം മുമ്പാണ് സന്ദർശകവിസയിൽ പ്രീതിയെ സൗദിയിലേക്ക് കൊണ്ടുവന്നത്. സംഭവദിവസം രാവിലെ ശരത് ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് തൊഴിലുടമ നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ തുണിമുറുകിയ നിലയിൽ പ്രീതിയെ നിലത്തും ശരത്തിനെ ജനലഴിയിൽ തൂങ്ങിയ നിലയിലുമാണ് കണ്ടത്.
.
ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പൊലിസ് അന്വേഷണം പൂർത്തിയായതോടെയാണ് കനിവ് ജീവകാരുണ്യകൂട്ടായ്‌മ ഭാരവാഹികൾക്ക് അധികൃതർ വിട്ടുനൽകിയത്. സുഹൃത്തുക്കളോടൊത്ത് തലേന്ന് രാത്രി സമയംചെലവിട്ട ഇരുവരും ഫ്ലാറ്റിലെത്തിയശേഷം വാക്കുതർക്കത്തിലേർപ്പെടുകയും പ്രീതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ശരത് ആത്‍മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം.
.
നാലുവർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് മക്കളില്ല. ‘കനിവ്’ രക്ഷാധികാരി ബി ഹരിലാലിന്‍റെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്. റിയാദിൽനിന്ന് മുംബൈ വഴി വെള്ളിയാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ കനിവ് ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലികയും പരേതരുടെ ബന്ധുക്കളും ഏറ്റുവാങ്ങി നോർക്ക റൂട്ട്സ് ആംബുലൻസുകളിൽ ഇരുവരുടെയും വീടുകളിൽ എത്തിക്കും.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.