പാതിവില തട്ടിപ്പ്: ആനന്ദകുമാറും മുഖ്യപ്രതിയാകും; കടത്തിയ രേഖകള്‍ എറണാകുളത്തെ വില്ലയില്‍, അക്ഷയ കേന്ദ്രങ്ങൾവഴിയും തട്ടിപ്പ്
കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാറും മുഖ്യപ്രതിയാകും. കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആനന്ദകുമാറിനെയും മുഖ്യപ്രതിയാക്കാന്‍ പോലീസ് തീരുമാനിച്ചത്. ഇയാള്‍ക്ക് പുറമേ നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ഡയറക്ടര്‍മാരെയും കേസില്‍ പ്രതിചേര്‍ക്കും. നേരത്തെ സ്കൂട്ടര്‍ തട്ടിപ്പില്‍ കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാംപ്രതിയായിരുന്നു ആനന്ദകുമാര്‍. (ചിത്രത്തിൽ അനന്തുകൃഷ്ണനും ആനന്ദകുമാറും)
.
സ്കൂട്ടര്‍ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ അനന്തുകൃഷ്ണനെ സ്കൂട്ടര്‍ വിതരണത്തിനായി ചുമതലപ്പെടുത്തിയത് എന്‍.ജി.ഒ. കോണ്‍ഫെഡറേഷനാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ ബൈലോയും മറ്റുരേഖകളും പോലീസ് കണ്ടെടുത്തു. ഇതില്‍നിന്നാണ് അനന്തുവിനെ സ്കൂട്ടര്‍ വിതരണത്തിന് ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങളും ലഭിച്ചത്.
അതിനിടെ, അനന്തുകൃഷ്ണന്റെ പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനായി ഇയാളുടെ അക്കൗണ്ടന്റുമാരെ വിളിച്ചുവരുത്തി പോലീസ് മൊഴിയെടുക്കുന്നുണ്ട്. രാഷ്ട്രീയനേതാക്കള്‍ക്കടക്കം താന്‍ പണം കൈമാറിയതായി കഴിഞ്ഞദിവസം അനന്തു മൊഴി നല്‍കിയിരുന്നു. പലര്‍ക്കും ബിനാമികള്‍ വഴിയാണ് പണം നല്‍കിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ചും പോലീസിന്റെ അന്വേഷണം നടക്കുകയാണ്.
.
അനന്തുവിന്റെ കൊച്ചിയിലെ അശോക ഫ്ളാറ്റില്‍നിന്ന് കടത്തിക്കൊണ്ടുപോയ രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. എറണാകുളത്തെ ഒരു വില്ലയില്‍നിന്നും ഇവരുടെ ഓഫീസില്‍നിന്നുമാണ് ഈ രേഖകള്‍ കണ്ടെടുത്തത്. അനന്തുവിന്റെ വാട്സാപ്പ് ചാറ്റുകളും വിശദമായി പരിശോധിച്ചുവരികയാണ്.
.
സീഡ് ഓഫീസില്‍ പോലീസ് പരിശോധന
ഇരിക്കൂര്‍ ബ്ലോക്ക് സീഡ് സൊസൈറ്റിയുടെ ഓഫീസിലും പോലീസ് പരിശോധന നടത്തി. ശ്രീകണ്ഠപുരം കണിയാര്‍വയലിലെ ഓഫീസാണ് മയ്യില്‍ ഇന്‍സ്പെക്ടര്‍ പി.സി. സഞ്ജയ് കുമാറും സംഘവും പരിശോധിച്ചത്. ബില്ലുകള്‍, രസീതുകള്‍, മുദ്രക്കടലാസുകള്‍, സീലുകള്‍, നോട്ടീസുകള്‍, അപേക്ഷാഫോമുകള്‍ തുടങ്ങിയവ കണ്ടെടുത്തു.
കെട്ടിട ഉടമ എത്തിച്ച താക്കോലുപയോഗിച്ചാണ് ഓഫീസ് തുറന്നത്. മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ കെട്ടിടം തുറക്കാനോ ഉപയോഗിക്കാനോ പാടില്ലെന്ന് രേഖപ്പെടുത്തി സീല്‍ ചെയ്തു. ഓഫീസ് മാനേജര്‍ പി. രാജമണിയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് പോലീസ് അറിയിച്ചു. സംഘത്തില്‍ എസ്.ഐ. മനോജ്, എ.എസ്.ഐ. ഷനില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. രമേശന്, വിജില്‍, സുജന എന്നിവരുമുണ്ടായിരുന്നു.
.
ശ്രീകണ്ഠപുരത്ത് പ്രമോട്ടര്മാര്ക്കെതിരേയും കേസ്
പകുതിവിലയ്ക്ക് ഇരുചക്രവാഹനം വാഗ്ദാനം ചെയ്ത തട്ടിപ്പില്‍ ജില്ലാ പ്രമോട്ടറെയടക്കം പ്രതിയാക്കി ശ്രീകണ്ഠപുരം പോലീസ് കേസെടുത്തു. ജില്ലാ പ്രമോട്ടര്‍ മയ്യില്‍ കണ്ടക്കൈയിലെ രാജാമണി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരേയാണ് കേസെടുത്തത്.
ശ്രീകണ്ഠപുരം ചേപ്പറമ്പിലെ കെ. സവിത, ചെങ്ങളായിലെ കെ. ഷീന എന്നിവരുടെ പരാതിയിലാണ് കേസ്. ഓഫര്‍ വിലയില്‍ സാധനങ്ങള്‍ വാഗ്ദാനം ചെയ്ത് ഇവരെയും കൂടെയുള്ളവരെയും വഞ്ചിച്ചുവെന്നാണ് പരാതി. രാജാമണിക്ക് പുറമേ തട്ടിപ്പ് സംഘത്തിന്റെ പ്രധാനി അനന്തു കൃഷ്ണന്, കെ.എന്‍. സ്വപ്ന, സരോജിനി, വന്ദന, സുവര്‍ണ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
620 പേരാണ് ശ്രീകണ്ഠപുരം മേഖലയില്‍ തട്ടിപ്പിനിരയായിട്ടുള്ളത്. മുന്നൂറിലധികം പേര് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. ശ്രീകണ്ഠപുരം പോലീസ് ഇന്‍സ്പെക്ടര്‍ ടി.എന്‍. സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
.
പകുതിവില സ്കൂട്ടര്‍തട്ടിപ്പ്: 21 പരാതികള്‍കൂടി,
പകുതിവിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും വാഗ്ദാനംചെയ്ത് പണം വാങ്ങി വഞ്ചിച്ച സംഭവത്തില്‍ ശനിയാഴ്ചയും സുല്‍ത്താന്‍ ബത്തേരിയില്‍ 21 പരാതികള്‍കൂടി ലഭിച്ചു. ഇതോടെ മൂന്നുദിവസത്തിനുള്ളില്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍മാത്രം 181 പരാതികളാണ് ലഭിച്ചത്.
ഭൂരിഭാഗവും അക്ഷയകേന്ദ്രങ്ങള്‍ വഴി തട്ടിപ്പുനടത്തിയെന്ന പരാതിയാണ്. സംഭവത്തില്‍ പോലീസ് രണ്ട് കേസുകളാണെടുത്തത്. നേരത്തേ തൊടുപുഴയില്‍ അറസ്റ്റിലായ തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ അനന്തു കൃഷ്ണന്, സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ ബത്തേരി മാനിക്കുനിയിലെ അക്ഷയകേന്ദ്രം നടത്തിപ്പുകാരന് സോണി ആസാദ് എന്നിവരെ പ്രതികളാക്കിയാണ് കേസുകള്‍. ചൂതുപാറ, കാര്യമ്പാടി സ്വദേശിനികള്‍ നല്കിയ പരാതിയിലാണ് കേസുകള്‍. സ്കൂട്ടര്‍, ഗൃഹോപകരണം, തയ്യല്‍യന്ത്രം എന്നിങ്ങനെ തരംതിരിച്ചാണ് പോലീസ് പ്രാഥമികാന്വേഷണം നടത്തുന്നത്.
സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം. ഓരോന്നിനും ഓരോവിധത്തിലാണ് പണം നല്‍കിയിരിക്കുന്നത്. അക്ഷയകേന്ദ്രങ്ങളിലൂടെയാണ് ഭൂരിഭാഗം പരാതിക്കാരും തട്ടിപ്പിനിരയായിട്ടുള്ളത്. അക്ഷയകേന്ദ്രം ജില്ലാ ഓഫീസും സംഭവത്തില്‍ പ്രാഥമികാന്വേഷണം നടത്തി. വരുംദിവസങ്ങളിലും കൂടുതല്‍ പരാതികള്‍ വരുമെന്നാണ് പോലീസും പ്രതീക്ഷിക്കുന്നത്. ജില്ലയിലാകെ രണ്ടായിരത്തോളംപേര്‍ തട്ടിപ്പിനിരയായെന്നും കോടിക്കണക്കിന് രൂപ നഷ്ടമായിട്ടുണ്ടെന്നുമാണ് കണക്കാക്കുന്നത്.
.
സ്കൂട്ടര്‍തട്ടിപ്പ് പരാതിയുമായി കൂടുതല്‍പ്പേര്‍ രംഗത്ത്
പകുതിവിലയ്ക്ക് സ്കൂട്ടര്‍ വാഗ്ദാനംചെയ്തുള്ള തട്ടിപ്പിനെതിരേ കോഴിക്കോട് കൂടുതല്‍പ്പേര്‍ പരാതിയുമായി രംഗത്ത്. നടക്കാവ് സ്റ്റേഷനില്‍ മാത്രം 2.72 കോടിയുടെ തട്ടിപ്പിന്റെ പരാതികളാണ് വന്നത്. 160 പേരെയാണ് വഞ്ചിച്ചതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍പ്പേര്‍ ശനിയാഴ്ച പരാതിയുമായി വന്നിരുന്നെങ്കിലും അവരോട് കേസില്‍ കക്ഷിചേരാനാണ് പോലീസ് ആവശ്യപ്പെട്ടത്.
ജില്ലയില്‍ 3211 സ്കൂട്ടര്‍, 1466 ലാപ്ടോപ്പ്, 731 വീട്ടുപകരണങ്ങള്‍, 36 ഫോണ്‍ എന്നിവ നല്‍കാനുണ്ട്. നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷനാണ് പലസംഘടനകളെയും ഉപയോഗിച്ച് ഇതിനായി പണംപിരിച്ചത്.
20 കോടിയുടെ തട്ടിപ്പെങ്കിലും നടന്നതായാണ് കരുതുന്നത് ഓഫര്‍തട്ടിപ്പില്‍ പെട്ടതായി താമരശ്ശേരി രൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സി.ഒ.ഡി.(സെന്റര്‍ ഫോര്‍ ഓവറോള്‍ ഡിവലപ്മെന്റ്)യും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. 81 സ്കൂട്ടറുകള് പകുതിവിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനംചെയ്ത് 46.80 ലക്ഷം രൂപയാണ് ഗുണഭോക്തൃവിഹിതമായി സി.ഒ.ഡി. മുഖേന നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ കൈപ്പറ്റിയത്. നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ ചെയര്മാന് കെ.എന്‍. അനന്തകുമാര്‍, കോഡിനേറ്റര്‍ അനന്തുകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതിയുടെപേരില്‍ പണം കൈപ്പറ്റിയതെന്നാണ് താമരശ്ശേരി പോലീസില്‍ സി.ഒ.ഡി. നല്കിയ പരാതിയില്‍ പറയുന്നത്.
220 സ്കൂട്ടര്‍, 95 ലാപ്ടോപ്പ്, 120 ഗൃഹോപകരണങ്ങള്‍ എന്നിവ വാഗ്ദാനംചെയ്ത് 1.67 കോടി രൂപ നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ കൈപ്പറ്റിയതായിക്കാണിച്ച് താമരശ്ശേരി ഇന്റഗ്രേറ്റഡ് ഡിവലപ്മെന്റ് സെന്റര്‍ വെള്ളിയാഴ്ച താമരശ്ശേരി പോലീസില്‍ പരാതിനല്‍കിയിരുന്നു.
കോടഞ്ചേരി ഗ്രാമശ്രീ മിഷന് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ 103 സ്കൂട്ടറും 86 ലാപ്ടോപ്പും ഇനിയും ഉപഭോക്താക്കള്‍ക്ക് നല്‍കാനുണ്ട്. ഇതിനായി അവരില്‍നിന്ന് ഗുണഭോക്തൃവിഹിതമായി സ്വീകരിച്ച 1.9 കോടി രൂപ നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ നിര്‍ദേശമനുസരിച്ച് ട്രസ്റ്റ് അടച്ചതായി ചെയര്മാന് ജോയി നെടുമ്പള്ളി പറഞ്ഞു.
ഗുണഭോക്താക്കള്‍ ഓഫീസിലെത്തി ബഹളംവെച്ചതിനെത്തുടര്‍ന്ന്, ഫെബ്രുവരി 13-ന് പ്രശ്നം ചര്‍ച്ചചെയ്യാമെന്ന് ചെയര്മാന് പരാതിക്കാര്‍ക്ക് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് ആളുകള്‍ പിരിഞ്ഞുപോവുകയായിരുന്നു. കോണ്‍ഫെഡറേഷനെതിരേ ജോയ് നെടുമ്പള്ളി കോടഞ്ചേരി പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട്.
പണംവാങ്ങി വഞ്ചിച്ചെന്നുപറഞ്ഞ് സമഗ്ര ബാലുശ്ശേരിക്കെതിരേ 24 വനിതകളാണ് ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയത്. ബാലുശ്ശേരി, പനങ്ങാട്, ഉണ്ണികുളം, നന്മണ്ട, കാക്കൂര്‍, ഉള്ളിയേരി നടുവണ്ണൂര്‍ തുടങ്ങി വിവിധസ്ഥലങ്ങളിലുള്ളവരാണ് പണംനഷ്ടപ്പെട്ടവര്‍.
സമഗ്രയുടെ ബാലുശ്ശേരി എസ്.ബി.ഐ. അക്കൗണ്ടിലേക്ക് 2024 മാര്‍ച്ച് മാസത്തിലാണ് വനിതകള്‍ അറുപതിനായിരവും, അന്‍പത്താറായിരവും വീതം അടച്ചത്. അതുകൊണ്ട് പണം തിരിച്ചുതരേണ്ട ഉത്തരവാദിത്വം സമഗ്രയ്ക്കാണെന്ന് വനിതകള്‍ ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.