നായകനും വീണതോടെ എ.എ.പി പതനം പൂർണം; എട്ടില്‍ നിന്ന് 48 ലേക്ക് ബി.ജെ.പി കുതിപ്പ്, മുഖ്യമന്ത്രി പട്ടികയിൽ സമൃതി ഇറാനി ഉൾപ്പെടെ പ്രമുഖർ
ന്യൂഡല്‍ഹി: ഒടുവില്‍ എ.എ.പിക്ക് അടിതെറ്റി. ഇന്ദ്രപ്രസ്ഥത്തിലേക്ക് ബി.ജെ.പിയുടെ തിരിച്ചുവരവ്. സര്‍വ്വസന്നാഹങ്ങളുമായി കളത്തിലിറങ്ങിയ ബി.ജെ.പിയുടെ കൗണ്ടര്‍ അറ്റാക്കിന് മുന്നില്‍ എ.എ.പിക്ക് പിടിച്ചുനില്‍ക്കാനായില്ല. എ.എ.പിയുടെ നായകൻ കെജ്‌രിവാളടക്കം വീണതോടെ എ.എ.പി പതനം പൂർണം. ഒരുപതിറ്റാണ്ടോളംനീണ്ട എ.എ.പി ഭരണത്തിന് വിരാമം. 2015 ല്‍ മൂന്ന് സീറ്റും 2020 ല്‍ എട്ട് സീറ്റുകളും മാത്രം നേടാനായ ബി.ജെ.പി അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ദ്രപ്രസ്ഥത്തിലേക്ക് തിരിച്ചെത്തുന്നു. ബിജെപി അധികാരത്തിലേക്ക് തിരിച്ചെത്തുന്നത് ആധികാരിക വിജയത്തോടെ. എട്ടില്‍ നിന്ന് 48 ലേക്കുള്ള കുതിപ്പ്. അഴിമതിക്കെതിരെ ചൂലുമായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ അരവിന്ദ് കെജ്‌രിവാളിന്റെയും എ.എ.പിയുടെയും രാഷ്ട്രീയഭാവിയും ചോദ്യചിഹ്നമാണ്.
.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ബി.ജെ.പി മുന്നേറ്റമായിരുന്നു ഡല്‍ഹിയിൽ കണ്ടത്. ആദ്യം എണ്ണിയ പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ ഭരണമാറ്റത്തിന്റെ സൂചനകള്‍ പുറത്തുവന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുംതോറും ആം ആദ്മിയുടെ നെഞ്ചിടിപ്പേറി. ആദ്യ ഘട്ടത്തില്‍ അരവിന്ദ് കെജ്‌രിവാളും അതിഷിയും മനീഷ് സിസോദിയുമടക്കമുള്ള എ.എ.പി നേതാക്കള്‍ പിന്നിലായി. ദക്ഷിണ ഡല്‍ഹിയിലും ബി.ജെ.പി കുതിപ്പ് നടത്തിയതോടെ ഡൽഹിയിലെ ചിത്രം തെളിഞ്ഞുവന്നു. ദക്ഷിണ ഡല്‍ഹിയിലും ബി.ജെ.പി തരംഗം ആഞ്ഞടിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആരംഭത്തില്‍ കണ്ടത്. ദക്ഷിണ ഡല്‍ഹിയിലെ 15 നിയമസഭാ സീറ്റുകളില്‍ 11 സീറ്റുകളിലും ബി.ജെ.പി മുന്നിട്ടുനിന്നു. പ്രമുഖ നേതാക്കൾക്ക് കാലിടറി തുടങ്ങിയതോടെ എ.എ.പി കനത്ത തിരിച്ചടി ഏറ്റുവാങ്ങി. അധികാരത്തിലേക്ക് ബി.ജെ.പിയുടെ ചുവട്.
.
ആരാകും സുഷമ സ്വരാജിന് ശേഷം ഡല്‍ഹിയില്‍ ബിജെപി മുഖ്യമന്ത്രിയാകുക. അഞ്ച് പേരുകളാണ് പ്രധാനമായും പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് അരവിന്ദ് കെജ്രിവാളിനെ തറപറ്റിച്ച് ഈ തിരഞ്ഞെടുപ്പിലെ ജയന്റ് കില്ലറായ പര്‍വേശ് വര്‍മ മുതല്‍ സ്മൃതി ഇറാനിയുടെ പേരുവരെ പറഞ്ഞുകേള്‍ക്കുന്നു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് പര്‍വേശ് വര്‍മ. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിനെ മലര്‍ത്തിയടിച്ചതോടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ സാധ്യത വര്‍ധിച്ചിട്ടുണ്ട്്. കേന്ദ്രനേതൃത്വത്തിന്റെ വിശ്വസ്തനുമാണ് പര്‍വേശ് വര്‍മ.
ഡല്‍ഹി ബിജെപിയിലെ പ്രമുഖനായ വിജേന്ദര്‍ ഗുപ്തയുടെ പേരും സജീവ പരിഗണനയില്‍ വരാം. 30,000 ത്തോളം വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിലാണ് അദ്ദേഹം രോഹിണിയില്‍ നിന്ന് ജയിച്ചത്. അനുഭവപരിചയവും ഉറച്ച പാര്‍ട്ടിക്കാരന്‍ എന്ന പരിഗണനയും വിജേന്ദറിന് സാധ്യത കല്‍പിക്കപ്പെടുന്നു.
.
മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജും മുന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയും പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളവരാണ്. ന്യൂഡല്‍ഹിയില്‍ നിന്നുള്ള എം.പി.യാണ് ബാന്‍സുരി സ്വരാജ്. അവരെ ബിജെപി തിരഞ്ഞെടുത്താല്‍ സുഷമയുടെ പിന്‍ഗാമിയായി മകള്‍ ബിജെപി മുഖ്യമന്ത്രിയായി വരുന്ന അപൂര്‍വതയുമുണ്ടാകും. ഡല്‍ഹിയില്‍ നിന്ന് കഴിഞ്ഞ ടേമില്‍ എം.പിയും കേന്ദ്ര സഹമന്ത്രിയുമായിരുന്നു മീനാക്ഷി ലേഖി.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് തോറ്റതോടെ രാഷ്ട്രീയ രംഗത്ത് അത്ര സജീവമല്ലാത്ത സ്മൃതി ഇറാനിയെ മുഖ്യമന്ത്രിയാക്കാനുള്ള സാധ്യതയും തള്ളാനാകില്ല. മോദി-അമിത് ഷാ ടീമിന്റെ സര്‍പ്രൈസ് സ്മൃതി ഇറാനിയാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്. ഡല്‍ഹി തിരഞ്ഞെടുപ്പിന് ഒരുങ്ങിയ നാള്‍ മുതല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പോലും പറഞ്ഞുകേട്ട പേരായിരുന്നു സ്മൃതിയുടേത്.
.
2020-ല്‍ 62 സീറ്റുനേടിയാണ് ആം ആദ്മി പാര്‍ട്ടി ഭരണം പിടിച്ചത്. 2015-ല്‍ ആം ആദ്മി പാര്‍ട്ടി 67 സീറ്റുകളും നേടി അധികാരത്തിലെത്തിയപ്പോള്‍ പ്രതിപക്ഷത്ത് ബി.ജെ.പിയുടെ മൂന്ന് എം.എല്‍.എമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടുതവണയും നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പങ്കാളിത്തം പൂജ്യമായിരുന്നു. ഇത്തവണ 45-ലധികം സീറ്റുകൾ നേടിയാണ് ബി.ജെ.പി ഡൽഹിയുടെ മണ്ണിൽ ആധിപത്യം ഉറപ്പിച്ചത്. വൻ തിരിച്ചുവരവാണ് ബി.ജെ.പി നടത്തിയത്. ശമ്പളപരിഷ്കരണവും ബജറ്റിലെ ചരിത്രപ്രഖ്യാപനങ്ങളും കൊണ്ട് ബി.ജെ.പി നടത്തിയ നീക്കങ്ങൾ ലക്ഷ്യം കണ്ടു. എ.എ.പി കോട്ടകൾ പൊളിഞ്ഞുവീണത് ഇതിന് സാക്ഷ്യവുമാണ്.
.
ക്ഷേമവാഗ്ദാനങ്ങളിലൂടെ മധ്യവര്‍ഗത്തിന്റേയും ദരിദ്രവിഭാഗങ്ങളുടേയും പിന്തുണ ആവര്‍ത്തിക്കാമെന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രതീക്ഷ തെറ്റി. ബജറ്റിലൂടെ ബി.ജെ.പിയുടെ മറുപടി. ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയർത്തിക്കൊണ്ടുള്ള വമ്പൻ പ്രഖ്യാപനമാണ് ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചത്. ആദായ നികുതി സ്ലാബ് നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണിത്.റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവർ നികുതിയടക്കേണ്ടെന്നുള്ള ബജറ്റിലെ ചരിത്രപ്രഖ്യാപനം ബി.ജെ.പിക്ക് നേട്ടമായി.
മധ്യവർഗക്കാർക്കുവേണ്ടി പ്രത്യേക പ്രകടനപത്രിക നേരത്തേ ആം ആദ്മി പാർട്ടി പുറത്തിക്കിയിരുന്നു. രാജ്യത്തെ ഇടത്തരക്കാർ കേന്ദ്രസർക്കാരിന്റെ നികുതിഭീകരവാദത്തിന്റെ ഇരകളാണെന്ന് വിശേഷിപ്പിച്ചാണ് അരവിന്ദ് കെജ്‌രിവാൾ പത്രികയിറക്കിയത്. പൊതുജനങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കാൻ പോർട്ടലുമിറക്കി. ആ നീക്കത്തിന് ബജറ്റിലെ ചരിത്രപ്രഖ്യാപനത്തിലൂടെ നൽകിയ മറുപടി ഫലം കണ്ടു. മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളുൾപ്പെടെയുള്ള നേതാക്കൾ ജയിലിലായതും തിരിച്ചടിച്ചു. പ്രതാപം വീണ്ടെടുക്കാമെന്ന കോണ്‍ഗ്രസിന്റെ മോഹത്തിനും തിരിച്ചടിയേറ്റു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.