‘കൈകാലുകളിൽ വിലങ്ങുമായി 40മണിക്കൂർ,വാഷ്റൂമിൽ പോകാൻപോലും ബുദ്ധിമുട്ടി’-ഇന്ത്യയിലേക്ക് തിരിച്ചെത്തിയവർ
അമൃത്‌സര്‍: സൈനികവിമാനത്തില്‍ കൈവിലങ്ങുവെച്ചാണ് തങ്ങളെ തിരിച്ചെത്തിച്ചതെന്ന വെളിപ്പെടുത്തലുമായി ഇന്ത്യയിൽ തിരിച്ചെത്തിയവര്‍. കാലുകളും കൈകളുമുള്‍പ്പെടെ വിലങ്ങുവെച്ചെന്നും സീറ്റില്‍ നിന്ന് നീങ്ങാന്‍ പോലും സാധിക്കാത്ത സാഹചര്യമായിരുന്നുവെന്നും അവര്‍ പറയുന്നു. ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ടിലായിരുന്നുവെന്നും തിരിച്ചെത്തിയവര്‍ കൂട്ടിച്ചേര്‍ത്തു. യു.എസിൽനിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കൈവിലങ്ങുവെച്ച് അപമാനിച്ചെന്ന് കോൺഗ്രസ് ആരോപിക്കുകയും ചെയ്തു. (ചിത്രം: യു.എസ്. സൈനികവിമാനത്തിൽ ബുധനാഴ്ച അമൃത്സറിലെത്തിച്ച ഇന്ത്യക്കാരുമായി പഞ്ചാബ് എൻ.ആർ.ഐ. മന്ത്രി കുൽദീപ് സിങ് ധാലിവാൾ കൂടിക്കാഴ്ചനടത്തുന്നു)
.
ഇന്ത്യക്കാരെ വിലങ്ങുവെച്ചാണ് കൊണ്ടുവന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ആദ്യം പുറത്തുവന്ന ചിത്രങ്ങള്‍ ഗ്വാട്ടിമാലയിലേക്ക് നാടുകടത്തിയവരുതാണെന്ന് പിഐബി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമൃത്‌സറില്‍ ഇറങ്ങിയവരുടെ ചിത്രങ്ങളും പ്രതികരണങ്ങളും വന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
കാലുകളും കൈകളും ബന്ധിച്ചിരുന്നതായും അമൃത്‌സര്‍ വിമാനത്താവളത്തില്‍വെച്ചാണ് വിലങ്ങുകളഴിച്ചതെന്നും ഇന്ത്യയിലെത്തിയ ജസ്പാല്‍ സിങ് എന്നയാള്‍ പി.ടി.ഐയോട് പ്രതികരിച്ചു. ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും തിരിച്ചെത്തിയവര്‍ പറയുന്നു. ഞങ്ങളെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റുന്നുവെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തങ്ങളെ ഇന്ത്യയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞു. ഞങ്ങളുടെ കാലുകളും കൈയ്യും വിലങ്ങുവെച്ച് ബന്ധിച്ചു. അമൃത്‌സര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിലങ്ങ് അഴിച്ചതെന്നും ജസ്പാല്‍ സിങ് കൂട്ടിച്ചേര്‍ത്തു.
.
നിയമപരമായി യുഎസിലേക്ക് കടക്കാനാണ് ശ്രമിച്ചതെന്നും അതിന് വേണ്ടിയുള്ള വിസയ്ക്കായി സമീപിച്ച ഏജന്റ് വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 30 ലക്ഷത്തിന്റെ ഡീലാണ് നടത്തിയത്. കടം വാങ്ങിയ പണമാണ് ഇതിനായി ചെലവഴിച്ചത്. തിരിച്ചയച്ചതോടെ ഭാവിയില്‍ കണ്ട സ്വപ്‌നങ്ങള്‍ ഇതോടെ തകര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
40 മണിക്കൂറോളം തങ്ങളുടെ കൈയ്യിലും കാലിലും വിലങ്ങുവെച്ചെന്ന് രാജ്യത്ത് തിരിച്ചെത്തിയ പഞ്ചാബ് സ്വദേശി ഹര്‍വീന്ദര്‍ സിങ് പറഞ്ഞു. സീറ്റില്‍ നിന്ന് ഒരു ഇഞ്ച് പോലും അനങ്ങാന്‍ സാധിച്ചില്ല. നിരന്തരമായ അഭ്യര്‍ഥനകള്‍ക്ക് ശേഷമാണ് വാഷ്‌റൂമിലേക്ക് പോകാന്‍ അനുവദിച്ചത്. 40 മണിക്കൂറോളം കൃത്യമായി ഭക്ഷണം കഴിക്കാനായില്ല. ശാരീരികമായി മാത്രമല്ല മാനസികമായും ബുദ്ധിമുട്ടേറിയ യാത്രയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.
യു.എസിൽനിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കൈവിലങ്ങുവെച്ച് അപമാനിച്ചെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി.
ഇതിന്റെ ദൃശ്യങ്ങൾ ദുഃഖകരമാണ്. 2013-ൽ ഇന്ത്യൻ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയോട് മോശമായി പെരുമാറിയതിനെതിരേ അന്നത്തെ യു.പി.എ. സർക്കാർ ശക്തമായി പ്രതികരിച്ചതിനാൽ അമേരിക്ക ഖേദം പ്രകടിപ്പിച്ചതായി കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക തിരിച്ചയച്ച 104 ഇന്ത്യക്കാരുമായി യു.എസ്. സൈനിക വിമാനം സി-17
ബുധനാഴ്ചയാണ് പഞ്ചാബിലെ അമൃത്‌സറിലിറങ്ങിയത്. ഉച്ചയോടെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനമിറങ്ങിയത്. പഞ്ചാബിൽനിന്ന് 30 പേർ, ഹരിയാണ, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്ന് 33 പേർ വീതം, മഹാരാഷ്ട്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്ന് മൂന്നുപേർ വീതം, ചണ്ഡീഗഢിൽനിന്ന് രണ്ടുപേരുമാണ് എത്തിയത്. 205 അനധികൃത കുടിയേറ്റക്കാരെ തിരിച്ചുകൊണ്ടുവരുന്നെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ട്. അമേരിക്ക നാടുകടത്തുന്ന ആദ്യ ഇന്ത്യൻ കുടിയേറ്റക്കാരുടെ സംഘമാണ് മടങ്ങിയെത്തിയത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.