‘നഗ്നദൃശ്യങ്ങൾ അവൻ നശിപ്പിച്ചിട്ടുണ്ട്’; ടെക്കി യുവതിയിൽനിന്ന് സുഹൃത്തിൻ്റെ ഭർത്താവ് തട്ടിയത് കോടികൾ

വിജയവാഡ: ടെക്കി യുവതിയെ കബളിപ്പിച്ച് രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ യുവതിയുടെ സുഹൃത്തിന്റെ ഭര്‍ത്താവ് അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ നീനാവത് ദേവനായകിനെയാണ് ഈസ്റ്റ് ഗോദാവരി സ്വദേശിയായ യുവതിയുടെ പരാതിയില്‍ പോലീസ് പിടികൂടിയത്. യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും വിദേശത്ത് ജോലി വാഗ്ദാനംചെയ്തുമാണ് പ്രതി പലതവണകളായി പണം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.
.
പ്രതിയുടെ ഭാര്യയും ഐ.ടി. കമ്പനിയിലെ ജീവനക്കാരിയായ പരാതിക്കാരിയും ഹൈദരാബാദിലെ ഹോസ്റ്റലില്‍ നേരത്തെ ഒരുമിച്ച് താമസിച്ചിരുന്നു. ഈ സമയത്താണ് സുഹൃത്തിന്റെ ഭര്‍ത്താവായ പ്രതിയെ പരാതിക്കാരി പരിചയപ്പെട്ടത്. ടെക്കി യുവതി സമ്പന്നകുടുംബാംഗമാണെന്ന് മനസിലായതോടെ ഇവരില്‍നിന്ന് പണം തട്ടിയെടുക്കാനായി പ്രതി പദ്ധതികള്‍ ആസൂത്രണംചെയ്യുകയായിരുന്നു.
.
യുവതിയുടെ നഗ്നദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് ദേവനായക് ആദ്യം യുവതിയില്‍നിന്ന് പണം തട്ടിയത്. പ്രതിയുടെ നിര്‍ദേശപ്രകാരം ഇയാളുടെ സുഹൃത്താണ് നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പരാതിക്കാരിയെ ഫോണില്‍ വിളിച്ചത്. ഇതോടെ പരാതിക്കാരി ദേവനായകിന്റെ സഹായംതേടി. തുടര്‍ന്ന് പ്രതിതന്നെ ഇടനിലക്കാരനായി അഭിനയിച്ച് യുവതിയില്‍നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു.
.
നഗ്നദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ അഞ്ചുകോടി രൂപയാണ് ഫോണ്‍ വിളിച്ചയാള്‍ ആവശ്യപ്പെട്ടതെന്നും താന്‍ ഇത് രണ്ടുകോടിയാക്കി കുറച്ചിട്ടുണ്ടെന്നുമാണ് പ്രതി യുവതിയോട് പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ച പരാതിക്കാരി മൂന്നുതവണയായി ഏകദേശം ഒരുകോടി രൂപയോളം നല്‍കി. തുടര്‍ന്ന് പണം ലഭിച്ചതോടെ ഭീഷണിപ്പെടുത്തിയ വ്യക്തി നഗ്നദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡുകളെല്ലാം നശിപ്പിച്ചതായി പ്രതി യുവതിയെ വിശ്വസിപ്പിച്ചു. ഇതിന്റെപേരില്‍ 50 ലക്ഷം രൂപ കൂടി പ്രതി കൈക്കലാക്കി.
.
പിന്നീട് ഗുണ്ടൂര്‍ ബോയ്‌സ് ഹോസ്റ്റല്‍ ആരംഭിക്കാമെന്ന് പറഞ്ഞ് ടെക്കി യുവതിയില്‍നിന്ന് 50 ലക്ഷം രൂപയും ദേവനായക് കൈക്കലാക്കിയിരുന്നു. ഇതിനുപുറമേ കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് 50 ലക്ഷം കൂടി തട്ടിയെടുത്തു. അടുത്തിടെ പ്രതി വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നഗ്നദൃശ്യങ്ങളുടെ പേരില്‍ ഭീഷണിപ്പെടുത്തിയത് പ്രതിയുടെ തിരക്കഥയാണെന്ന് വ്യക്തമായത്. പരാതിക്കാരിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതിയുടെ സുഹൃത്തിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ദേവനായകിന്റെ ഭാര്യയ്ക്ക് തട്ടിപ്പില്‍ പങ്കുണ്ടോ എന്നതും പോലീസ് അന്വേഷിച്ചുവരികയാണ്. (ചിത്രം പ്രതീകാത്മകം)

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!