അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്; മൃതദേഹം കൊണ്ടുപോയത് പന്നിയിറച്ചിയെന്ന് പറഞ്ഞ്, കൊന്നത് സുഹൃത്തുക്കള്‍

തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് പായയില്‍ പൊതിഞ്ഞനിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മേലുകാവ് സ്വദേശി സാജന്‍ സാമുവേലിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. സാജനെ കൊലപ്പെടുത്തിയതാണെന്നും പോലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് പിന്നിലെ എട്ടംഗ സംഘത്തില്‍ ആറുപേര്‍ പിടിയിലായി. ഞായറാഴ്ചയാണ് മൂലമറ്റം തേക്കിന്‍കൂപ്പ് ഭാഗത്തുനിന്ന് പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെടുക്കുന്നത്. ദേഹം പുഴുവരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

ജനുവരി മുപ്പതാം തീയതിയാണ് സാജനെ കാണാതായത്. മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലായതിനാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് ഡി.എന്‍.എ. പരിശോധന വേണ്ടിവരും. എന്നിരുന്നാലും ഇത് സാജന്റെ മൃതദേഹമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. മൂലമറ്റത്തെ മറ്റൊരു സ്ഥലത്തുവെച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഉറങ്ങിക്കിടക്കുകയായിരുന്ന സാജന്റെ തലയ്ക്കടിച്ച് കൊന്നെന്നാണ് പോലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
.
ക്രിമിനല്‍ പശ്ചാത്തലമുള്ള സാജന്‍, സ്ഥിരം കുറ്റവാളി ആയിരുന്നുവെന്നാണ് വിവരം. മുപ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കുമേല്‍ കാപ്പയും ചുമത്തപ്പെട്ടിരുന്നു. സുഹൃത്തുക്കള്‍ തന്നെയാണ് സാജനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കൊലയ്ക്കു ശേഷം ഓട്ടോറിക്ഷയിലാണ് മൃതദേഹം തേക്കിന്‍കൂപ്പിലേക്ക് കൊണ്ടുവന്നത്. ഇതിനായി, 12 കിലോമീറ്റര്‍ ദൂരത്തുനിന്നാണ് ഓട്ടോ വിളിച്ചത്. പന്നിയിറച്ചിയാണെന്ന് പറഞ്ഞാണ് മൃതദേഹം ഓട്ടോയില്‍ കയറ്റിയത്. ആദ്യം ഓട്ടോയില്‍ കയറ്റാന്‍ ഡ്രൈലര്‍ വിസമ്മതിച്ചുവെങ്കിലും പന്നിയിറച്ചി ഉപേക്ഷിക്കാന്‍ കൊണ്ടുപോകുന്നു എന്ന് പറഞ്ഞാണ് ഇവര്‍ സാജന്റെ മൃതദേഹം തേക്കിന്‍കൂപ്പ് ഭാഗത്തേക്ക് എത്തിക്കുന്നത്.

എന്നാല്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ കാഞ്ഞാര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. ബൈജു ബാബുവിനെ വിവരം അറിയിച്ചു. കഴിഞ്ഞ മൂന്നുദിവസമായി എസ്.ഐ. ഇവിടെയെത്തി പരിശോധന നടത്തിയെങ്കിലും ആ സമയത്തൊന്നും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഞായറാഴ്ച വൈകിട്ട് ദുര്‍ഗന്ധം വമിച്ചതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് സാജന്റെ മൃതദേഹം കണ്ടെത്തുന്നത്.
.
സംഭവവുമായി ബന്ധപ്പെട്ട് മൂലമറ്റം സ്വദേശിയായ ഷാരോണ്‍ ബേബിയാണ് ആദ്യം പിടിയിലാകുന്നത്. ശേഷം കാഞ്ഞാര്‍ പോലീസും വാഗമണ്‍ പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഞ്ചുപേര്‍കൂടി പിടിയിലാവുകയായിരുന്നു. സാജന്‍, പലപ്പോഴും തങ്ങളെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്ന് പിടിയിലായവര്‍ പറഞ്ഞു. നിങ്ങളുടെ കൂട്ടത്തില്‍ ഒരാളെ ഞാന്‍ കൊണ്ടുപോകുമെന്നും സാജന്‍ ഇവരോട് പറഞ്ഞിരുന്നു. അതിനാല്‍ സാജനെ കൊലപ്പെടുത്തി എന്നാണ് ഇപ്പോള്‍ പിടിയിലായവര്‍ പറയുന്നത്. എന്നാല്‍ പോലീസ് ഈ വാദം മുഖവിലയ്ക്ക് എടുത്തിട്ടില്ല. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!