‘ജി.സുധാകരൻ പോലും ദയനീയാവസ്ഥയിൽ’: സിപിഎം നേതാവ് ബിപിൻ സി. ബാബു ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം∙ സിപിഎം കായംകുളം ഏരിയ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്തംഗവുമായ ബിപിന്‍ സി.ബാബു ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സംഘടനാ പര്‍വം യോഗത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗിന്റെയും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെയും സാന്നിധ്യത്തിലാണ് ബിപിന്‍ സി.ബാബുവിന് അംഗത്വം നല്‍കിയത്. ശോഭാ സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, എ.എന്‍.രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
.
സന്ദീപ് വാരിയര്‍ പാര്‍ട്ടി വിട്ടതും പാലക്കാട്ടെ തോല്‍വിയും മൂലം കടുത്ത പ്രതിസന്ധിയിലായ ബിജെപി നേതൃത്വത്തിന് ഏറെ ആശ്വാസമാണ് സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ കടന്നുവരവ്. കൂടുതല്‍ സിപിഎം നേതാക്കള്‍ ബിജെപിയിലേക്കു വരുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ജി.സുധാകരന് ഉള്‍പ്പെടെ പാര്‍ട്ടിയില്‍ അതൃപ്തിയുണ്ടെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു. ആലപ്പുഴയിലെ അതൃപ്തിയുള്ള കൂടുതല്‍ സിപിഎം നേതാക്കള്‍ ബിജെപിയുമായി അടുക്കുന്നുണ്ടെന്ന സൂചനയാണ് സുരേന്ദ്രന്‍ നല്‍കുന്നത്.
.
കൊല്ലത്ത് സിപിഎമ്മിലെ വിഭാഗീയത പരിഹരിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി നേരിട്ടെത്തിയതിന് പിന്നാലെയാണ് ആലപ്പുഴയില്‍നിന്ന് ഒരു പ്രമുഖ നേതാവ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റാണ് ബിപിന്‍ സി.ബാബു. ഭാര്യ ബിപിനെതിരെ പാര്‍ട്ടിക്കും പൊലീസിലും ഗാര്‍ഹിക പീഡന പരാതി നല്‍കിയതിനെ തുടര്‍ന്നാണു വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. ബിപിന്റെ മാതാവും ഏരിയ കമ്മിറ്റിയംഗമാണ്.
.

സിപിഎം വര്‍ഗീയ ശക്തികളുടെ നിയന്ത്രണത്തിലാണെന്ന് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഏരിയാ കമ്മിറ്റി അംഗം ബിപിന്‍ സി.ബാബു പറഞ്ഞു. ‘‘പാര്‍ട്ടി ഒരു വിഭാഗത്തിന്റെ മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്.  വര്‍ഗീയ ശക്തികളാണ് ഇപ്പോള്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. മതനിരപേക്ഷത ഇല്ലാത്ത പാര്‍ട്ടിയായി സിപിഎം മാറി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സിപിഎം നേരിട്ട ദയനീയ പരാജയം എല്ലാവരും കണ്ടതാണ്.  ജി.സുധാകരന് പോലും ഇപ്പോള്‍ ദയനീയമായ അവസ്ഥയാണ് ആലപ്പുഴയില്‍. ഒരു വിഭാഗത്തിന്റെ കൈയിലാണ് പാര്‍ട്ടി. ഇനി പാര്‍ട്ടിക്കു ഇങ്ങനെ മുന്നോട്ടുപോകാന്‍ കഴിയില്ല. ആലപ്പുഴയില്‍ ആയിരക്കണക്കിനു പേര്‍ പാര്‍ട്ടി വിട്ടു പോകുന്ന ഘട്ടത്തിലാണ്. ഈ സമ്മേളന കാലം കഴിയുമ്പോള്‍ എല്ലാവര്‍ക്കും അതു ബോധ്യപ്പെടും. വര്‍ഗീയ ശക്തികള്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. അതിന്റെ ഭാഗമാണ് ജി.സുധാകരനോടുള്ള അവഗണന. ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിനു കത്തു നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കും. പദവികള്‍ നോക്കിയല്ല ബിജെപിയില്‍ ചേരുന്നത്. അതൊക്കെ വന്നു ചേരുന്നതാണ്. കുട്ടിക്കാലം മുതല്‍ പൊതുപ്രവര്‍ത്തന രംഗത്തുണ്ട്’’– ബിപിന്‍ പറഞ്ഞു.
.
നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തു നടത്തുന്ന വികസനം എല്ലാവര്‍ക്കും അറിയാവുന്നതാണ്. സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന നിരവധി പദ്ധതികള്‍ മോദി സര്‍ക്കാര്‍ കഴിഞ്ഞ പത്തു വര്‍ഷമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ദേശീയപാത അതിന് ഉദാഹരണമാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടി തീവ്രവര്‍ഗീയ പാര്‍ട്ടിയാണെന്നു തനിക്കു തോന്നിയിട്ടില്ലെന്നും ബിപിന്‍ പറഞ്ഞു.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!