‘എയർഇന്ത്യയുടെ വനിതാ പൈലറ്റിൻ്റേത് ആസൂത്രിത കൊല; മറ്റൊരു വനിതാ പൈലറ്റിനും പങ്ക്’: കാമുകനെതിരെ ആരോപണവുമായി കുടുംബം

മുംബൈ: എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയുടെ മരണത്തിൽ കാമുകൻ ആദിത്യ പണ്ഡിറ്റിനെതിരെ കൂടുതൽ ആരോപണങ്ങളുമായി കുടുംബം. സൃഷ്ടിയെ ആദിത്യ പരസ്യമായി അപമാനിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തെന്നുമാണ് ആരോപണം. തിങ്കളാഴ്ച പുലർച്ചെ ആദിത്യയെ വിളിച്ച്, താൻ ആത്മഹത്യ ചെയ്യുമെന്നു സൃഷ്ടി പറഞ്ഞിരുന്നു. ഫ്ലാറ്റിന്റെ വാതിൽ പൂട്ടിയിട്ടതിനെ തുടർന്ന് ഒരാളെ വിളിച്ച് ആദിത്യ വാതിൽ തുറന്നു. അപ്പോഴാണു സൃഷ്ടിയെ ഡേറ്റാ കേബിൾ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സൃഷ്ടിക്കു നീതി കിട്ടാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിക്കുമെന്ന് സൃഷ്ടിയുടെ അമ്മാവൻ വിവേക് തുലി പറഞ്ഞു.

‘‘സൃഷ്ടിയുടെ മരണത്തിൽ മറ്റൊരു വനിതാ പൈലറ്റിനും പങ്കുണ്ട്. സംഭവസമയത്ത് അവിടെ മറ്റൊരു വനിതാ പൈലറ്റുണ്ടായിരുന്നെന്ന് ഞങ്ങൾ മനസ്സിലാക്കി. അവളാണ് ഫ്ലാറ്റ് തുറക്കാൻ താക്കോൽ നിർമിക്കുന്നയാളെ വിളിച്ചത്. ആദിത്യ വാതിൽ തുറന്ന് സൃഷ്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാൾ മരിച്ചുകിടക്കുന്ന ഫ്ലാറ്റിന്റെ വാതിൽ പൊലീസുകാരെ വിളിക്കാതെ ആരെങ്കിലും തുറക്കുമോ? ഇവർ പരിശീലനം ലഭിച്ച പൈലറ്റുമാരാണ്. നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കരുതെന്ന് ആവശ്യപ്പെട്ട് ആദിത്യ സൃഷ്ടിയെ സമ്മർദ്ദത്തിലാക്കിയിരുന്നു. അവളെ പരസ്യമായി അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. നടുറോഡിൽ കാറിൽ നിന്ന് ഇറക്കിവിട്ടിട്ടുണ്ട്. അടുത്തിടെ സഹോദരിയുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനെ തുടർന്ന് ഇവർ തമ്മിൽ വഴക്കുണ്ടായി.’’– വിവേക് തുലി പറഞ്ഞു.

‘‘സൃഷ്ടി ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കുന്നില്ല. അത് ആസൂത്രിത കൊലപാതകമാണ്. അവൾ ശക്തയായിരുന്നു. അങ്ങനെയല്ലെങ്കിൽ അവൾ പൈലറ്റ് ആകുമായിരുന്നില്ല. ആദിത്യയെ ഞങ്ങൾക്കറിയാമായിരുന്നു. അവൾക്കൊപ്പം പരിശീലനം ആരംഭിച്ചെങ്കിലും അവന് കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ആദിത്യക്ക് സൃഷ്ടിയോട് അസൂയയായിരുന്നു. സൃഷ്ടിയുടെ ഒരു മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചു. ദീപാവലിക്ക് ഏകദേശം 65,000 രൂപ അവന്റെ കുടുംബാംഗങ്ങൾക്ക് അവൾ കൈമാറിയിട്ടുണ്ട്. അവൻ അവളെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ബോധ്യമായി. ബാങ്കിനോട് ഒരു വർഷത്തെ സ്റ്റേറ്റ്‌മെന്റ് ചോദിച്ചിട്ടുണ്ട്. പണം നൽകാൻ സൃഷ്ടി വിസമ്മതിച്ചതാകാം മരണത്തിനു കാരണം.

മരിക്കുന്നതിനു 15 മിനിറ്റ് മുൻപ് സൃഷ്ടി അമ്മയോടും അമ്മായിയോടും സന്തോഷത്തോടെ സംസാരിച്ചിരുന്നു. അവൾ നേരിട്ടിരുന്ന പീഡനങ്ങളൊന്നും വീട്ടുകാരോടു പറഞ്ഞിരുന്നില്ല. ചില കാര്യങ്ങൾ സഹോദരിയോടു സൂചിപ്പിച്ചിരുന്നു. സൃഷ്ടി എത്രത്തോളം ബുദ്ധിമുട്ട് സഹിച്ചിരുന്നുവെന്നു ഞങ്ങളോടു പറഞ്ഞത് അവളുടെ സുഹൃത്തുക്കളാണ്’’ – വിവേക് തുലി പറഞ്ഞു.

.

.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!