ഭാര്യയുടെ മയ്യിത്ത് നമസ്കാരത്തിനുള്ള തയ്യാറെടുപ്പിനിടെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞ് വീണു മരിച്ചു
മലപ്പുറം: ഭാര്യയുടെ മയ്യിത്ത് നമസ്കാരത്തിനുള്ള തയ്യാറെടുപ്പിനിടെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞ് വീണു മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ മരിച്ച മങ്കട കൂട്ടിൽ നായ്ക്കത്ത് റംലയുടെ (62) മയ്യിത്ത് നമസ്കാരത്തിന് ഒരുങ്ങവേ ഭർത്താവ് ചാലിൽ മൊയ്തീനാണ് (76) പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചത്.
ഇന്ന് (ചൊവ്വാഴ്ച) രാവിലെ പത്തരയോടെയാണ് സംഭവം. കൂട്ടിൽ ജുമാമസ്ജിദിലായിരുന്നു റംലയുടെ മയ്യിത്ത് നമസ്കാരം. ആളുകൾ മുഴുവൻ പള്ളിയിൽ കയറിക്കഴിഞ്ഞ ശേഷം നമസ്കാരം ആരംഭിക്കാനിരിക്കേ നേതൃത്വം നൽകാൻ നിന്ന മൊയ്തീന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് മകൻ സാലിം ഇമാമായി നിന്നാണ് റംലയുടെ മയ്യിത്ത് നമസ്കാരം പൂർത്തിയാക്കിയത്.
മൊയ്തീൻ കൂട്ടിൽ കിഴക്കെതല മസ്ജിദുൽ ഫലാഹിലും, ഇസ്ലാഹ് മസ്ജിദിലും മുഅദ്ദിനായി സേവനം ചെയ്തിട്ടുണ്ട്. ഇന്ന് (ചൊവ്വാഴ്ച) വൈകീട്ട് 4.30ന് കൂട്ടിൽ മഹല്ല് ജുമാമസ്ജിദിൽ വെച്ച് മൊയ്തീന്റെ മയ്യിത്ത് നമസ്കാരവും നടന്നു. സാലിമിന് പുറമെ നൗഷാദ് (ഗൾഫ്), റൈഹാനത്ത് എന്നിവർ മക്കളാണ്. മരുമക്കൾ: റുക്സാന, ഹുദ, ഫൈസൽ. പരേതരായ ഫാത്തിമ-മുഹമ്മദ് കുട്ടി ദമ്പതികളുടെ മകളാണ് റംല. സഹോദരങ്ങൾ: അശ്റഫ്, പരേതരായ ഉസ്മാൻ, ഉമ്മർ.
മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒരു കുടുംബത്തിലുണ്ടായ ഇരട്ട മരണങ്ങളിൽ കുടുംബാംഗങ്ങളും നാട്ടുകാരും ഒരുപോലെ ദുഃഖിതരാണ്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.