വരുന്നു അര്‍ജൻ്റീന ടീം കേരളത്തിലേക്ക് ; AFA-യുടെ അനുമതി ലഭിച്ചതായി സൂചന, കേരളത്തിൽ രണ്ട് മത്സരങ്ങൾ, ഏഷ്യയിലെ പ്രമുഖ ടീമുകളുമായി ഏറ്റുമുട്ടും

കോഴിക്കോട്: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാക്കി, അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ പന്ത് തട്ടാനെത്തും. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് സൂചന. കായിക മന്ത്രി വി. അബ്ദുറഹിമാന്‍ ബുധനാഴ്ച മാധ്യമങ്ങളെ കണ്ട് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും. ടീം അടുത്ത വര്‍ഷമാകും കേരളത്തിലെത്തുക. മെസ്സി കളിക്കാനെത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മെസ്സിയുടെ കാര്യത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാകും അന്തിമ തീരുമാനം എടുക്കുക.

മത്സര നടത്തിപ്പിനായി ഭീമമായ തുകയാകും ആവശ്യംവരിക. നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സ്‌പോണ്‍സര്‍ വഴിയാകും കണ്ടെത്തുക. കേരളത്തില്‍ രണ്ട് മത്സരങ്ങളാകും ടീം കളിക്കുക. ഏഷ്യയിലെ പ്രമുഖ രണ്ട് ടീമുകളാകും അര്‍ജന്റീനയുമായി കളിക്കുക.

നേരത്തേ സെപ്റ്റംബറില്‍ സ്‌പെയിനിലെത്തി മന്ത്രിയും സംഘവും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ടീം വരുന്ന സമയവും വേദിയും പിന്നീട് തീരുമാനിക്കുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്.

കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വി. അബ്ദുറഹിമാന്‍ അന്ന് പറഞ്ഞിരുന്നു. മത്സരം നടത്തുന്ന വേദിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. വേദി തീരുമാനിക്കപ്പെട്ടാല്‍ അര്‍ജന്റീനന്‍ ഫുട്ബോള്‍ അധികൃതര്‍ എത്തി ഗ്രൗണ്ട് പരിശോധിക്കും.

കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് അര്‍ജന്റീന ഫുട്ബോള്‍ ടീം ഇ-മെയില്‍ സന്ദേശമയച്ചതായി മന്ത്രി വി. അബ്ദുറഹിമാന്‍ 2024 ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. 2025 ഒക്ടോബറില്‍ കേരളത്തിലെത്താനാണ് അര്‍ജന്റീന ഫുട്ബോള്‍ ടീം സന്നദ്ധത അറിയിച്ചതെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്.

ടീമിനെ കേരളത്തിലേക്കു ക്ഷണിച്ച് നേരത്തേ സംസ്ഥാന കായിക മന്ത്രാലയം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനു കത്തയച്ചിരുന്നു. അതിനു മറുപടിയായാണ് ക്ഷണം സ്വീകരിച്ചുകൊണ്ടുള്ള ഇ മെയില്‍ സന്ദേശം ലഭിച്ചത്.

2011-ല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം കൊല്‍ക്കത്തയില്‍ കളിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയ്‌ക്കെതിരെയായിരുന്നു മത്സരം. മെസ്സിയുടെ അര്‍ജന്റീന ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരം കൂടിയായിരുന്നു അത്.

.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!