സരിനായി പത്രപരസ്യം നൽകിയത് അനുമതിയില്ലാതെ; നോട്ടീസ് അയക്കും, ജയിച്ചാൽ അയോഗ്യനാക്കാനും സാധ്യത

പാലക്കാട്: പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി.സരിനായി സിപിഎം പത്രപ്പരസ്യം നൽകിയത് അനുമതി വാങ്ങാതെ. സന്ദീപ് വാര്യരുടെ പഴയ പരാമർശങ്ങൾ അടങ്ങിയ പരസ്യത്തിന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ കലക്ടർക്ക് റിപ്പോർട്ട് നൽകി. വിഷയത്തിൽ സരിനും ചീഫ് ഇലക്ഷൻ ഏജന്റിനും കലക്ടർ നോട്ടീസ് അയയ്ക്കും. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നൽകുന്ന പരസ്യത്തിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെയാണ് സിപിഎം പത്രപരസ്യം നല്‍കിയത്.

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം ആസ്പദമാക്കി മുസ്‌ലിം മാനേജ്‌മെന്റ് പത്രങ്ങളിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. സമസ്തയുടെ സുപ്രഭാതത്തിലും എ.പി വിഭാഗത്തിന്റെ സിറാജിലും, ‘ഈ വിഷനാവിനെ സ്വീകരിക്കുകയോ, കഷ്ടം’ എന്ന തലക്കെട്ടോടെ ആയിരുന്നു പരസ്യം. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് വന്ന പരസ്യം ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തു. ഈ വിഷയത്തിലാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാകുന്നത്.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമപ്രകാരം, പരസ്യത്തിന്റെ ഡിസൈനടക്കം നൽകിയാണ് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിക്ക് അപേക്ഷ നൽകേണ്ടത്. ജില്ലാ കലക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഒരു മാധ്യമപ്രവർത്തകൻ, കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ എന്നിവരാണ് കമ്മിറ്റിയിലുണ്ടാവുക. ഈ കമ്മിറ്റിയുടെ അനുമതി പോലും തേടാതെയാണ് പരസ്യം പ്രസിദ്ധീകരിച്ചത് എന്നതിനാൽ സ്ഥാനാർഥിയടക്കം നടപടി നേരിടേണ്ടി വരും. സരിൻ ജയിക്കുകയാണെങ്കിൽ സ്ഥാനാർഥിക്കെതിരെ എതിർസ്ഥാനാർഥികൾക്ക് കോടതിയെ സമീപിക്കാം. തുടർനടപടിയായി അയോഗ്യത പോലും നേരിടേണ്ടിയും വന്നേക്കാം.

രണ്ട് പത്രങ്ങളിൽ മാത്രം പരസ്യം നൽകിയത് കൃത്യമായ ലക്ഷ്യം വെച്ചുകൊണ്ടാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുസ്‌ലിം സമുദായത്തിനിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ പരസ്യം നൽകി എന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം.

യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പരസ്യത്തിനായി സമർപ്പിച്ച അപേക്ഷ ഇതിനിടെ പുറത്ത് വന്നിരുന്നു. പരസ്യത്തിനായുള്ള അപേക്ഷയും ഇതിന്റെ ഡിസൈനുമടങ്ങുന്ന രണ്ട് കത്തുകളാണ് ഉണ്ടായിരുന്നത്. വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് യുഡിഎഫിന്റെ തീരുമാനം.

സമൂഹത്തില്‍ വര്‍ഗീയ വേര്‍തിരിവും സ്പര്‍ദ്ധയും വളര്‍ത്തുന്ന ഈ പരസ്യത്തിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. സന്ദീപ് വാര്യരെ അവമതിച്ച് സിപിഎം പത്രപരസ്യം വരെ നടത്തിയത് അവരുടെ ഗതികേടുകൊണ്ടാണെന്നും അന്തംവിട്ടവന്‍ എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് പാര്‍ട്ടിയെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.പ്രതികരിച്ചു. പരാജയഭീതി പാര്‍ട്ടിയെ തുറിച്ചുനോക്കുന്ന അവസ്ഥയിലാണ് സിപിഎം. പാര്‍ട്ടി എന്തുമാത്രം പ്രതിരോധത്തിലാണെന്ന് പരസ്യം സൂചിപ്പിക്കുന്നു. എല്ലാ മര്യാദകളും മാന്യതയും ലംഘിച്ചുകൊണ്ട് സിപിഎം പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

എകെ ബാലന്‍ ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ നേതാക്കള്‍ സന്ദീപ് വാര്യര്‍ നിഷ്ങ്കളങ്കനാണെന്നും ക്രിസ്റ്റല്‍ ക്ലിയറാണെന്നും പറഞ്ഞിട്ട് ദിവസങ്ങള്‍ പോലുമായില്ല.  അദ്ദേഹത്തെ സിപിഎമ്മിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുമെന്ന് പറഞ്ഞത് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും മുന്‍മന്ത്രി എകെ ബാലനും മന്ത്രി എംബി രാജേഷും ഉള്‍പ്പെടെയുള്ള നേതാക്കളാണ്. അവരാണ് ഇപ്പോള്‍ സന്ദീപിനെതിരെ വര്‍ഗീയത പറയുന്നത്. ഓന്തുപോലും ഇപ്പോള്‍ രാവിലെയും വൈകുന്നേരവും ഇവരെ കണ്ട് നമസ്‌കരിക്കുകയാണ്.

മുനമ്പം പ്രശ്നം പരിഹരിക്കാന്‍ ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും മുന്‍കൈ എടുത്ത നടത്തിയ ചര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടുപഠിക്കണം. ഈ വിഷയം പരിഹരിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കാതിരുന്നത് വര്‍ഗീയ ശക്തികളെ ഭയന്നാണ്.  ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ ഉള്‍പ്പെടെ വര്‍ഗീയ സംഘര്‍ഷങ്ങളെ ഊതിക്കെടുത്തിയ മഹനീയ പാരമ്പര്യം പേറുന്ന സാദിഖലി തങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി രംഗത്തുവന്നതും ബിജെപിയെ സന്തോഷിപ്പിക്കാനാണ്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിടത്തും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും.  പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിനെതിരായ വികാരവും യുഡിഎഫിന് അനൂകൂലമാണ്. എല്‍ഡിഎഫിന്റെയും ബിജെപിയുടെയും അണികള്‍ നേതൃത്വത്തിന്റെ നടപടികളില്‍ അസംതൃപ്തരാണ്. അവരെല്ലാം യുഡിഎഫിന് വോട്ടും ചെയ്യുമെന്ന് സുധാകരന്‍ പറഞ്ഞു.

.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!