റഹീമിൻ്റെ മോചന ഉത്തരവ് പുറത്തിറങ്ങിയില്ല; കേസ് പരഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു
റിയാദ്: സൌദിയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിൻ്റെ കേസ് പരിഗണിക്കുന്നത് വീണ്ടും രണ്ടാഴ്ചത്തേക്ക് മാറ്റി വെച്ചു. ജയിൽ മോചനം സംബന്ധിച്ച് ഉത്തരവ് ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു റിയാദിലെ നിയമസഹായ സമിതി. എന്നാൽ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിവെക്കുന്നതായി റിയാദ് ക്രിമിനൽ കോടതി അറിയിച്ചു.
കഴിഞ്ഞ മാസം 21-ന് മോചന ഹർജി പരിഗണിച്ച റിയാദ് കോടതിയിലെ മറ്റൊരു ബെഞ്ച്, മോചന തീരുമാനമെടുക്കേണ്ടത് വധശിക്ഷ റദ്ദ് ചെയ്ത ബെഞ്ചായിരിക്കണമെന്ന് പറഞ്ഞ് മാറ്റുകയായിരുന്നു. അതിന് ശേഷം ഇന്നാണ് കേസ് പരിഗണിച്ചത്. ഏറെ പ്രതീക്ഷയോടെയായിരുന്നു ലോക മലയാളികൾ ഈ ദിവസത്തിന് വേണ്ടി കാത്തിരുന്നത്. എന്നാൽ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കുന്നതായി കോടതി അറിയിക്കുകായിരുന്നു.
ഇന്ന് കേസ് പരിഗണിച്ച അതേ ബെഞ്ച് തന്നെയാണ് രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കുക. പബ്ലിക് പ്രോസിക്യൂഷൻ ഉൾപ്പടെയുള്ള വകുപ്പുകളിൽനിന്ന് എല്ലാ നടപടിക്രമങ്ങളും നേരത്തെ പൂർത്തിയായിട്ടുണ്ട്. അതിനാൽ ഇന്ന് മോചന ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. റഹീമിന്റെ അഭിഭാഷകനായ ഒസാമ അൽ അമ്പർ, എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂർ എന്നിവർ രാവിലെ തന്നെ കോടതിയിലെത്തിയിരുന്നു.
കേസ് പരിഗണിക്കുന്നത് നീട്ടിവെക്കുന്നതിൽ അസ്വാഭാവികതയില്ലെന്നും, അതെല്ലാം സ്വാഭാവികമായ കോടതി നടപടികളുടെ ഭാഗമാണെന്നും റഹീമിൻ്റെ അഭിഭാഷകർ വ്യക്തമാക്കി. ഇന്നത്തെ വിശദമായ ജഡ്ജ്മെൻറ് കിട്ടി പഠിച്ചതിന് ശേഷം കൂടുതൽ വിവരങ്ങൾ വാർത്താകുറിപ്പിലൂടെ അറിയിക്കുമെന്ന് റിയാദ് സഹായ സമിതിയും അറിയിച്ചു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.