2 ദിവസം മുൻപേ ധാരണ, തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കോൺഗ്രസിന്റെ ഷോക്ക്: അതീവ രഹസ്യം ഓപ്പറേഷൻ ‘സന്ദീപ്’

തിരുവനന്തപുരം: ഒരു ഉപതിരഞ്ഞെടുപ്പില്‍ സംസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ ചരടുവലികള്‍ക്കും വാശിയേറിയ പോരാട്ടത്തിനുമാണ് പാലക്കാട് നിയമസഭാ മണ്ഡലം വേദിയായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പി. സരിനിലൂടെ തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് വോട്ടെടുപ്പിന് തൊട്ടുമുമ്പ് സന്ദീപ് വാര്യരെ പാര്‍ട്ടിയിലെത്തിച്ച് ആ ‘ക്ഷീണമകറ്റാന്‍’ മിന്നല്‍നീക്കമാണ് നടത്തിയത്. പ്രമുഖരായ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറുന്ന കാലത്ത് കൂടിയാണ് സംഘപരിവാര്‍ സംഘടനയില്‍- പ്രത്യേകിച്ച്‌ ചാനല്‍ ചര്‍ച്ചകളിലടക്കം അവരുടെ മുഖമായിരുന്ന ഒരു നേതാവിനെ പാര്‍ട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസിനായിട്ടുള്ളത്.

കഴിഞ്ഞ കുറച്ചുകാലമായി ബി.ജെ.പിയില്‍ നേരിടുന്ന അവഗണനയ്‌ക്കൊടുവില്‍ നാടകീയമായിട്ടാണ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം. സംസ്ഥാന നേതൃത്വവുമായും പാലക്കാട്ടെ ബി.ജെ.പി. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറുമായും ഇടഞ്ഞ് നിന്നിരുന്ന സന്ദീപ് വാര്യര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ആദ്യം സി.പി.എമ്മിലേക്ക് എന്നായിരുന്നു അഭ്യൂഹം. മുന്‍ മന്ത്രി കൂടിയായ എ.കെ. ബാലന്‍ അടക്കം സി.പി.എം. നേതാക്കള്‍ സന്ദീപ് നല്ല വ്യക്തിയാണെന്ന സര്‍ട്ടിഫിക്കറ്റും ഇതിനിടെ നല്‍കി പാര്‍ട്ടിയിലേക്ക് പരസ്യസ്വാഗതമോതി. ഇതിനിടെ സി.പി.ഐ. നേതൃത്വവുമായി സന്ദീപ് വാര്യര്‍ ചര്‍ച്ച നടത്തിയെന്ന വിവരങ്ങളും പുറത്ത് വന്നു. ഒടുവില്‍ പാലക്കാട് വോട്ടെടുപ്പിന് മൂന്നുനാള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് അംഗത്വം എടുക്കുന്ന കാഴ്ചയാണ് കണ്ടത്.
.

ബിജെപിയോട് ഇടഞ്ഞ സന്ദീപ് വാരിയറെ കൈപിടിച്ച് കോണ്‍ഗ്രസിലേക്കു സ്വീകരിക്കാന്‍ രണ്ടു ദിവസം മുന്‍പ് തന്നെ അന്തിമധാരണ എത്തിയിരുന്നുവെന്ന് സൂചന. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനലാപ്പില്‍ വലിയ ട്വിസ്റ്റായി സന്ദീപിന്റെ കൂടുമാറ്റം പ്രഖ്യാപിച്ച് മറ്റു മുന്നണികള്‍ക്കു ഷോക്ക് നല്‍കാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. രഥോല്‍സവം കൂടി കഴിഞ്ഞു മതി പ്രഖ്യാപനം എന്നായിരുന്നു തീരുമാനം. ഇതിനിടെ ഹൈക്കമാന്‍ഡിന്റെ അനുമതി കൂടി ലഭിച്ചതോടെ പ്രഖ്യാപനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നവംബര്‍ 20നാണ് പാലക്കാട്ട് വോട്ടെടുപ്പ് നടക്കുന്നത്.
.

പി.സരിന്റെ അപ്രതീക്ഷിത ചുവടുമാറ്റവും പിന്നീടു വന്ന പെട്ടി വിവാദവും മറികടക്കാന്‍ ബിജെപിയുടെ കരുത്തനായ നേതാവിനെ ഒപ്പം ചേര്‍ക്കുന്നതിലൂടെ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. സന്ദീപ് ബിജെപി വിട്ട് സിപിഎമ്മിലേക്കു പോകുന്നുവെന്നായിരുന്നു ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സന്ദീപ് തന്നെ ഇതു നിഷേധിച്ചു. കോണ്‍ഗ്രസ് വിട്ടെത്തിയ പി.സരിനു പിന്നാലെ ബിജെപി വിട്ട് എത്തുന്ന സന്ദീപിനെ കൂടി സ്വീകരിക്കുന്നതില്‍ സിപിഎമ്മിനുള്ളില്‍ തന്നെ അതൃപ്തി ഉയര്‍ന്നു. ഇതിനിടയിലാണ് കോണ്‍ഗ്രസ് അതീവരഹസ്യമായി ഓപ്പറേഷന്‍ ആരംഭിച്ചത്.

സാമൂഹിക മാധ്യമങ്ങളില്‍ ബി.ജെ.പി. മുദ്രകളടങ്ങിയ കവര്‍ ഫോട്ടോ മാറ്റി രാവിലെ തന്നെ തന്റെ രാഷ്ട്രീയമാറ്റം പ്രഖ്യാപിച്ചിരുന്നു സന്ദീപ് വാര്യര്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സന്ദീപിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള അണിയറനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്നാണ് സൂചന. പാലക്കാട്ടെ കോണ്‍ഗ്രസില്‍നിന്ന് സി.പി.എം. ചില നേതാക്കളെ അടര്‍ത്തിയെടുത്തത് രാഷ്ട്രീയമായി തിരിച്ചടിച്ചിരുന്നു. അതിനെ മറികടക്കുന്ന രാഷ്ട്രീയ പ്രത്യാക്രമണമാണ് കോണ്‍ഗ്രസ് സന്ദീപിലൂടെ നല്‍കുന്നത്‌.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സന്ദീപുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് സൂചന. പാലക്കാട്ട് പല നേതാക്കന്മാരും പാര്‍ട്ടി വിട്ടു പോകുന്നതിനിടെയാണ് സന്ദീപിനെ കോണ്‍ഗ്രസിലേക്ക് എത്തിച്ചുള്ള കോണ്‍ഗ്രസിന്റെ മിന്നല്‍ നീക്കം.

വടകരയിലെ സഹായത്തിനു പകരമായി പാലക്കാട്ട് സഹായമെന്ന ഡീലാണ് കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലുള്ളതെന്ന് ആരോപിച്ചുകൊണ്ടാണ് ഇടതുപക്ഷത്തേക്ക് ഡോ. പി. സരിന്‍ കളംമാറ്റിച്ചവിട്ടിയത്. സരിന് ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം മറ്റുചിലരും ഇതേ ആരോപണം ഉന്നയിച്ച് പാര്‍ട്ടി വിട്ട് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നു. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണായുധമായി ഇത് മാറുകയും ചെയ്തു. അതിനുകൂടിയുള്ള മറുപടിയെന്നോണമാണ് ബി.ജെ.പി. സംസ്ഥാന സമിതി അംഗത്തെ തന്നെ പാര്‍ട്ടിയിലെത്തിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയ തിരിച്ചടി നല്‍കുന്നത്‌. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഈ അപ്രതീക്ഷിത നീക്കം. കോണ്‍ഗ്രസ് അംഗത്വമെടുത്ത ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം.- ബി.ജെ.പി. നേതാക്കള്‍ തമ്മിലുള്ള ഡീല്‍ സംബന്ധിച്ച് പറഞ്ഞതും ശ്രദ്ധേയമാണ്. കൊടകര കുഴല്‍പ്പണക്കേസും കരുവന്നൂര്‍ കേസും ഇരുപാര്‍ട്ടി നേതൃത്വവും തമ്മില്‍ പരസ്പരം ഡീലാക്കി എന്നടക്കമുള്ള ആരോപണവും സന്ദീപ് വാര്യർ ഉയര്‍ത്തുകയുണ്ടായി.

.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!